സുഹ്‌റ.
- Vishnu Udayan
- Oct 12, 2020
- 2 min read
വിഖ്യാതമായ റോമിയോയുടെയും ജൂലിയറ്റും കഥ രവിക്കൊരിക്കലും പ്രണയത്തിന്റെ പ്രതീകമല്ലായിരുന്നു. വെറും ദിവസങ്ങൾ മാത്രം നീണ്ടു നിന്ന കൗമാരക്കാരുടെ മോഹം മാത്രമായിരുന്നു അവന് റോമിയോയും ജൂലിയറ്റും. അവന്റെയുള്ളിലെ പ്രണയമെന്നത് മഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന കുളിരിന്റെയും, ജനലിലൂടെ ഒളിച്ചു വരുന്ന മഴ തുള്ളികളും, പൂവിന്റെ തേനൂറുന്ന പൂമ്പാറ്റയുമാണ്.
ആ ആശുപത്രി വരാന്തയിൽ അവനടുത്തിരിക്കുന്ന പത്തു വയസ്സുകാരൻ മൊബൈലിൽ ചാടി ചാടി പോകുന്ന കുട്ടി മനുഷ്യനിൽ രസം പിടിച്ചു വരുന്നത് അവനെ കുറേ ഓർമ്മകളിലേക്കാണ് കൊണ്ട് പോയത്.
കാക്കി ഉടുപ്പിട്ട ആദ്യദിവസമായിരിന്നു അന്ന്. രവി ജോലിയിൽ പ്രവേശിച്ചയുടനെ അവനു കിട്ടിയ ആദ്യ പണി, പ്രദേശത്തെ ഏറ്റവും സമ്പന്നനായ ഫറൂഖിന്റെ വീട്ടിലെ ആരുടെയോ പാസ്പോര്ട്ട് സ്ഥിതീകരണമാണ്. ജോലി കഴിഞ്ഞു വൈകുനേരം പോകുമ്പോ ചെയ്യാൻ അവന്റെ ഏമാൻ സമ്മതിച്ചു. അവനാ വല്യ വീടിന്റെ വാതിലിനു മുമ്പിൽ നിന്നപ്പോൾ, അവനതൊരു പുതിയ അനുഭവം അല്ലായിരുന്നു. സ്കൂളിൽ പോകുന്ന കാലം തൊട്ട് ഫറൂഖിന്റെ വീടിന്റെ വലിപ്പവും നിറവും എന്നും അവനും അവന്റെ കൂട്ടുകാർക്കുമൊരു അത്ഭുതവും ആശ്ചര്യവുമായിരിന്നു. ഫറൂഖ് ഒരു വ്യവസായിയാണ്. ഒരു പക്ഷേ ആ നാട്ടിൽ എന്നല്ല, ഈ സംസ്ഥാനത്തെ ഏറ്റവും വല്യ കോടീശ്വരന്മാരിൽ ഒരാൾ. ആ നാട്ടിൽ ഫറൂഖിന്റെ വാതിൽ ആർക്ക് മുമ്പിലും അടഞ്ഞിട്ടില്ല,രാഷ്ട്രീയക്കാർക്ക് മുന്നിൽ അല്ലാതെ. രവിയുടെ അച്ഛൻ ഒരു രാഷ്ട്രീയക്കാരനായിരിന്നു. അക്രമരാഷ്ട്രീയത്തിന്റെ ഇരയായി, തന്റെ വീടിന്റെ ഉമ്മറത്ത്, തന്റെ മുമ്പിൽ വെട്ടേറ്റ് വീണ അച്ഛന്റെ മുഖം രവിക്ക് ഇന്നും ഭയമുണർത്തുന്ന ഓർമ്മയാണ്.
മെല്ലെ ആ വീടിന്റെ ഉള്ളിലേക്കു പ്രവേശിച്ചപ്പോൾ, അങ്ങ് ദൂരെ, വീടിന്റെ അങ്ങേയറ്റത് നിന്നുമൊരു വെളിച്ചം രവി ശ്രദ്ധിച്ചു. സായാഹ്ന സൂര്യൻ ചുമരിലെ കണ്ണാടിയിൽ പതിഞ്ഞ് ദൂരെ ആ മുറിയുടെ മൂലയിൽ ഒരു നിഴലായി അവസാനിക്കുന്നു. ആ നിഴലിൽ രവി കണ്ടത്, നിസ്കരിക്കുന്ന ഒരു രൂപമാണ്. നിസ്കരിച്ചെഴുന്നേറ്റ് വരുന്ന തട്ടമിട്ട ആ രൂപം രവി കണ്ടു. കടുപ്പത്തിൽ കണ്മഷി ഇട്ട, ഇരുനിറമുള്ള, വല്യ മൂക്കുള്ള, തൂവെള്ള ചിരിയുള്ള അവൾ. സുഹ്‌റ.
ഫറൂഖിന്റെ മകളാണ്. ഉമ്മയുടെ വീട്ടിലായിരുന്നു സുഹ്‌റ പഠിച്ചതും വളർന്നതുമൊക്കെ. അതിനാൽ തന്നെ ആ നാട്ടിൽ അധികമാരും അവളെ കണ്ടിട്ടില്ല. ഇപ്പൊ ഉമ്മ മരിച്ചതിനാൽ ഫറൂഖിന്റെ വീട്ടിലേക്ക് താമസം മാറി. കാലിന്റെ സ്വാധീനശേഷിയിൽ എന്തോ സംശയം രവിക്ക് തോന്നി സുഹ്‌റ തന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ. ഒരുപക്ഷെ അതുകൊണ്ടാവാം അവളെ മാറ്റി നിർത്തിയത്. ഫറൂഖിന്റെ ഒറ്റമകളാണ്. ഈ കാണുന്ന സ്വത്തിനൊക്കെ അവകാശി.
സുഹ്‌റ അവന്റെ മുന്നിലൂടെ അവനെ ഒന്ന് നോക്കി അടുത്ത മുറിയിലേക്ക് പോയി. പെട്ടെന്നാണ് കനത്ത ശബ്ദത്തിൽ രവി എന്ന് കേട്ട് അവൻ തിരിഞ്ഞു നോക്കിയത്. ഫറൂക്കാണ്. രവിയുടെ അച്ഛന്റെ മരണത്തിൽ അറിഞ്ഞോ അറിയാതെയോ തനിക്ക് പങ്കുണ്ടെന്ന് ഫറൂക്ക് വിശ്വസിച്ചിരുന്നു. അതിനാൽ തന്നെ കുറ്റബോധവും, അതിൽ നിന്നുണ്ടായ വാത്സല്യവും അയാൾ എക്കാലവും രവിയോട് കാട്ടിയിരുന്നു. ഫറൂഖിന്റെ സഹോദരിയുടെ മകന്റെ പാസ്പോര്ട്ട് സ്ഥിതികരണത്തിനാണ് രവി അവിടെയെത്തിയത്. എല്ലാം വേഗം തീർത്തിട്ട്, ഫറൂഖിന്റെ സ്നേഹത്തോടെയുള്ള സുലൈമാനിയും കുടിച്ച് രവിയെവിടെന്നിറങ്ങി. പക്ഷേ രവിയുടെ മനസ്സിറങ്ങിയില്ല.
രണ്ടു മാസങ്ങൾ ആ വല്യ കവാടത്തിന്റെ ഇപ്പുറത്ത് നിന്ന് ഒരുപാട് തവണ സുഹ്‌റയെ രവി കണ്ടു. തിരിച്ചും. ഒടുവിൽ ഫറൂഖിന്റെ വീട്ടിൽ ഒറ്റയ്ക്കു കയറി ചെന്ന് രവി സുഹ്‌റയെ ഇഷ്ടമാണെന്നു പറഞ്ഞു. സ്തബ്ധനായി നിന്ന ഫറൂഖിന്റെ മുന്നിൽ, രവിയെ നാലഞ്ചു പേര് മർദിക്കുന്നതു സുഹറ കണ്ടു. അവളുടെ വാക്കുകൾക്ക് ശബ്ദമില്ലായിരുന്നു. അവളുടെ കണ്ണിൽ നിന്നും വരുന്ന കണ്ണീർ വീണ് കിടന്ന രവി കണ്ടു. അവൻ കണ്ടു, അവന്റെയുള്ളിലെ പ്രണയത്തിന്റെ പ്രതീകമവിടെ. ജനൽപാളിയിലൂടെ ഇറങ്ങി വരുന്ന മഴത്തുള്ളിയും, മഞ്ഞതു കാഴ്ച നഷ്ടപെടുന്ന കുളിരും..
പെട്ടെന്നാണ് നേഴ്സ് അവനെ വിളിച്ചത്. പെണ്കുട്ടിയാണെന് രവി കേൾക്കുമ്പോൾ, രവിയുടെ ഉള്ളു വിങ്ങി. സന്തോഷത്തിന്റെ കൊടുമുടിയിൽ അവൻ നിന്നു. ദൂരെയൊരു തൂണിൽ ചാരി നിൽക്കുന്ന ഫറൂഖിന്റെ മുഖത്ത് അവൻ നോക്കി. ഫറൂക്ക് മെല്ലെ കണ്ണ് തുടച്ചിട്ട് തിരിഞ്ഞ് നടന്നു.





Comments