വർഷങ്ങൾക്ക് ശേഷമൊരു ബ്ലോഗ് എഴുത്ത്.
- Vishnu Udayan
- Apr 12, 2024
- 2 min read

സിനിമയെത്ര മനോഹരമായ കലാസൃഷ്ടിയാണ്! ഒരുപക്ഷേ മനുഷ്യൻ കണ്ടുപിടിച്ചതിൽ ഏറ്റവും ആനന്ദിപ്പിക്കുന്നത് സിനിമയാണ്. മനുഷ്യമനസ്സിനെ ഒരുപാട് സ്വപ്നം കാണാൻ പഠിപ്പിക്കുന്നത് സിനിമയാണ്. സിനിമയിലെ ദൃശ്യങ്ങളും ശബ്ദങ്ങളും ആഴത്തിൽ പതിയുമ്പോൾ അവ ഉൽബോധ മനസിലെ ആഗ്രഹങ്ങൾക്ക് നിറം പകരും.
2024 മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമാണ്. ഒരുപാട് നല്ല നല്ല സിനിമകൾ. അവയെല്ലാം കണ്ടിരുങ്ങുമ്പോൾ എഴുതാൻ ഒരുപാട് വാക്കുകൾ കാണും. എന്നാൽ ജോലിയും മറ്റ് തിരക്കുകളും കാരണം സമയം കണ്ടെത്താറില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം കണ്ടിറങ്ങിയപ്പോ മനസ്സിൽ തീരുമാനിച്ചിരുന്നു, എഴുതണം. എത്രത്തോളം എഴുതാൻ പറ്റുമെന്ന് അറിയില്ല. എന്നാലും ഒരു കൈ നോക്കട്ടെ!
കുട്ടികാലത്ത് വായിച്ചിരുന്ന ചിത്രഭൂമിയും മറ്റ് സിനിമ മാസികകളിലും, കണ്ടിരുന്ന അഭിമുഖങ്ങളിലുമൊക്കെ ഒരുപാട് കേട്ടിട്ടുള്ള പേരാണ് കോടമ്പാക്കത്തെ സ്വാമീസ് ലോഡ്ജ്. കോളേജ് ജീവിതത്തിലെ മൂന്നാം വര്ഷം ചെന്നൈയിൽ സ്വന്തമായി സ്കൂട്ടർ കിട്ടിയപ്പോൾ ആരോടും പറയാതെ ഈ സ്വാമീസ് ലോഡ്ജ് തേടി നടന്നൊരു ഞായറാഴ്ചയുണ്ട്. ഗൂഗിൾ മാപ്‌സ് ഒക്കെ വന്നു തുടങ്ങിയ സമയമായിരുന്നു. ഉപയോഗിക്കാൻ ഒന്നും അറിയില്ല. എന്നാലും ചോദിച്ച് ചോദിച്ച് ഒരു ചെറിയ യാത്ര നടത്തി. നിരാശയായിരുന്നു ഫലം.
വർഷങ്ങൾക്ക് ശേഷം സിനിമയിൽ സ്വാമീസ് ലോഡ്‌ജും സ്വാമിനാഥനെയും കണ്ടപ്പോൾ വര്ഷങ്ങളായി പരിചയമുള്ള സ്ഥലവും മനുഷ്യനുമായി തോന്നി. അവിടെയാണ് സ്വാമീസ് ലോഡ്ജ് എന്നത് സിനിമ വായിച്ച, സിനിമ കണ്ട, സിനിമ കേട്ട ആളുകൾക്ക് അത്രമേൽ പ്രിയപ്പെട്ടതും ഇഷ്ടപെട്ടതുമായ പേരും ഇടവും മുഖവുമാണെന്ന് മനസിലാകുന്നത്.
സ്വാമീസ് ലോഡ്ജിൽ അവതരിക്കപ്പെട്ട ഓരോ കഥാപാത്രത്തിനും കാതലുണ്ട്. രജനികാന്ത് മുതൽ സെന്തിൽ വരെ. കഥകളിൽ കേട്ടിട്ടുള്ള സ്ഥലങ്ങൾക്കും കഥാപാത്രങ്ങൾക്കും ജീവൻ കൊടുക്കുമ്പോൾ ഉണ്ടാകാറുള്ള യാതൊരു പിഴവും കുറവും ഇവിടെ കാണില്ല. കാരണം, അത്രമേൽ ആഴത്തിലാണ് വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ ഈ വിഷ്വലുകൾ സ്വപ്നം കണ്ടിരിക്കുന്നത്.
രണ്ടാം പകുതി തുടങ്ങിയതിനു ശേഷം അവതരികപെടുന്ന കഥാപാത്രങ്ങൾക്ക്, സിനിമയുടെ സ്വാഭാവിക ഒഴുക്കിന്റെ വേഗത കൂട്ടുക എന്ന കർമം കൂടാതെ, തലമുറ മാറിയ, update ആയ മലയാള സിനിമയുടെ വിജയപരാജയങ്ങളും പ്രേക്ഷകർക്ക് കാണിച്ച് കൊടുക്കുക എന്ന ധർമവും ഉണ്ടായിരുന്നു. അതി ഗംഭീരമായി തന്നെ അത് നിവിനും, ബേസിലും നിറവേറ്റി.
വിനീത് ശ്രീനിവാസൻ പടങ്ങൾ പാട്ടുകൾ കേട്ടാണ് തീയറ്ററിലേക്ക് ആളുകളെ ആകര്ഷിച്ചിരുന്നത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ആളുകളെ ആകർഷിച്ചത് അവരുടെ പ്രൊമോഷൻ കണ്ടിട്ടാണ്. മലയാള സിനിമ ചരിത്രത്തിൽ ഇതുവരെ വരാത്ത രീതിയിലുള്ള അഭിമുഖങ്ങളായിരിന്നു അവ. എല്ലാത്തിലും ഏകദേശം ഒരേ കാര്യങ്ങൾ തന്നെയാണ് പറയാൻ ഉള്ളതെങ്കിലും ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ് എന്നിവരുടെ തനത് ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ ഓരോന്നും ഓരോ പുതിയ അനുഭവമായി മാറി.
പാട്ടുകൾ അതിഗംഭീരമായി place ചെയ്യപ്പെടുന്നുണ്ട് സിനിമയിൽ. ഇന്ന് വിമർശിക്കുന്ന എല്ലാവരും നാളെ ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കും. അത്രമേൽ മനോഹരമായ കോമ്പോസിഷൻ ആണ് ഓരോ പാട്ടും.
കുറച്ച് ദിവസങ്ങൾക്കകം തന്നെ സിനിമയിലെ ക്രിഞ്ചുകൾ തപ്പി പിടിച്ച് പോസ്റ്റുകളും ട്രോളുകളും വരാൻ സാധ്യതയുണ്ട്. വ്യക്തിപരമായി ഒരു സീൻ പോലും ക്രിഞ്ചടിക്കാത്ത സിനിമകളാണ് എന്നും വിനീത് ശ്രീനിവാസൻ സിനിമകൾ എനിക്ക്. ഇതും അതുപോലെ ഒന്ന് തന്നെ.
ഈ സിനിമയെ പറ്റി എഴുതുമ്പോൾ പരാമർശിക്കാതെ പോയാൽ തെറ്റാവുകയും, പരാമർശിച്ചാൽ അന്ധനാക്കുകയും ചെയ്യുന്നൊരു പേരുണ്ട്. പ്രണവ് മോഹൻലാൽ. രണ്ടാം പകുതിയിലെ അഭിനയ മുഹൂർത്തങ്ങൾ, ധ്യാനിനോടൊപ്പം നിന്ന് മത്സരിച്ച് അഭിനയിച്ച നിമിഷങ്ങളാണ്. ആദ്യ പകുതിയിലെ കോടമ്പാക്കം sequence പ്രണവിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച പ്രകടങ്ങളിൽ ഒന്നാണ്.
മലർവാടി ആർട്സ് ക്ലബ്‌സിലൂടെ തട്ടത്തിൻ മറ നീക്കി ഒരു തിര പോലെ സ്വർഗ്ഗരാജ്യം പണിത് ഹൃദയത്തിൽ കയറി, പിന്നീട് വർഷങ്ങൾക്ക് ശേഷവും ഓർത്തിരിക്കാൻ ഇനിയും ഒരുപാട് സിനിമകൾ തരാൻ വിനീത് ശ്രീനിവാസന് കഴിയട്ടെ..




Comments