സ്വപ്നം. ആഗ്രഹം. പ്രണയം. സാന്ത്വനം.
- Vishnu Udayan
- May 30, 2020
- 1 min read
വര്ഷങ്ങളായി ഇങ്ങനെയാണ്. മനസ്സിന് വിഷമം വരുമ്പോൾ അവന്റെ ആശ്വാസമാണ് അങ്ങനെയുള്ള കിടപ്പ്.
ഓരോ തവണ അവനങ്ങനെ കിടക്കുമ്പോഴും അവന്റെ ചിന്തകൾ അവന്റെ ഭൂതകാലത്തിലേക്കാണ്. കൗമാരം കടന്നു യൗവനം എത്തിയപ്പോൾ തൊട്ടുണ്ടായ സ്വപ്നങ്ങളിൽ, പ്രണയ നിമിഷങ്ങളിൽ അവൻ കണ്ടതാണ് പ്രിയമതയുടെ മടിയിൽ തല ചായ്ച്ചു കിടക്കുന്നത്. അവളുടെ ചുണ്ടുകൾ അവന്റെ ഞെറ്റിയിൽ ചുംബിക്കുന്നത്. പക്ഷേ ഒരിക്കലും നടന്നിട്ടില്ല. അവന്റെ ജീവിതത്തിലെ നല്ല ദിവസങ്ങളിൽ പലതും അന്ന് പ്രേമിച്ച പെണ്ണിന്റെ ഓർമ്മകളിൽ ഒരു വിങ്ങലായിരിന്നു. ആ കുട്ടിയുമായി പരസ്പര ധാരണയോടെ പിരിഞ്ഞപ്പോഴും, എന്നെങ്കിലും ഒരു നാൾ അവൾ തിരിച്ചു വരുമെന്ന് അവൻ കരുതിയിരുന്നു. വന്നില്ല. പുറകെ പോയി നോക്കി, ഇല്ല അവൾ മാറിയിരിക്കിന്നു. നൊമ്പരത്തോടെ അവനതു ഇഷ്ടപ്പെട്ടു – ആ കുട്ടി എങ്ങനെയായിരിക്കണം എന്ന അവന്റെ ആഗ്രഹം വേർപിരിയലിന് ശേഷം നടന്നിരിക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ അവൻ കണ്ട സ്വപ്‌നങ്ങൾ പലതും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവനെയാണ്. അന്നും ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു നാൾ ഒരാൾ കാണും, അവനു മടിയിൽ തല വെച്ചു മയങ്ങാൻ. ആ ഒരു നാളിന് വേണ്ടിയുള്ള യാത്രയായിരിന്നു ഒരു പരിധി വരെ അവന്റെ ജീവിതം. അതിന്റെ കൂട്ടത്തിൽ ആ ഒരു ഒഴുക്കിൽ ജോലിയും ആ തൊഴിൽ മേഖലയിൽ ഒരു പേരും അവനുണ്ടാക്കി. പക്ഷേ ഒരിക്കലും സന്തോഷം കിട്ടിയിരുന്നില്ല. കാരണം അവന്റെ യാത്ര ആ സാന്ത്വനം തേടിയായിരുന്നു.
വർഷങ്ങൾക്ക് ശേഷം ആ ഒരാളെ കണ്ടു കിട്ടിയപ്പോൾ, സന്തോഷിച്ചു. പിന്നീടുള്ള ജീവിതത്തിൽ സന്തോഷം വന്നാലും സങ്കടം വന്നാലും പിരിമുറക്കം വന്നാലും അവന്റെ ഒറ്റമൂലി അവളുടെ മടിയിൽ കിടക്കുന്നതാണ്.
അവൾക്കാകട്ടെ, കുഞ്ഞു നാളിലെ കണ്ട സ്വപ്നങ്ങൾക്കും സങ്കല്പങ്ങൾക്കും ദൈവം നൽകിയ പ്രതിരൂപമായിരിന്നു അവൻ.
അന്ന് അവളുടെ മടിയിൽ തലചായ്ച്ചു കിടക്കുമ്പോൾ, മെല്ലെ കണ്ണടഞ്ഞു പോകുന്നതിൽ അസ്വാഭാവികതയൊന്നും അവൾക്ക് തോന്നിയില്ല.





Comments