സ്വാതന്ത്ര്യം. വിശ്വാസിക്കും അവിശ്വാസിക്കുമുള്ള സ്വാതന്ത്ര്യം.
- Vishnu Udayan
- Jul 14, 2020
- 2 min read

കുറച്ചു മാസങ്ങൾക്ക് മുമ്പാണ്. ഒരു ദൂരെ യാത്രയ്ക്കിടയിൽ ഒരു സുഹൃത്ത് പള്ളികൾ കാണുമ്പോഴൊക്കെ കുരിശു വരയ്ക്കുന്നുണ്ടായിരുന്നു. കൂടെയുള്ള മറ്റൊരു സുഹൃത്ത് അവിശ്വാസിയാണ്. അവൻ ആദ്യമൊക്കെ ശ്രദ്ധിക്കാതെ ഇരുന്നെങ്കിലും, ഇതൊരു പതിവാക്കിയപ്പോൾ അവന്റെയുള്ളിലെ അവിശ്വാസി ഉണർന്നു. പിന്നീട് ഓരോ പള്ളി കാണുമ്പോഴും കുറച്ചു പരിഹാസരൂപേണ \”ദേ പള്ളി, അയ്യോ കുരിശു വരയ്ച്ചില്ല, തീർന്നു, ജീവിതം തീർന്നു\” എന്നുള്ള വർത്തമാനങ്ങൾ പറയുകയുണ്ടായി. എന്ത് കൊണ്ടോ എനിക്കതു ഒരാളുടെ തീർത്തും വ്യക്തിപരമായ കാര്യത്തിലേക്കുള്ള തള്ളിക്കേറ്റം പോലെ അനുഭവപെട്ടു.
വിമര്ശിക്കാനുളള കഴിവ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന പൂർണമായ ബോധം എനിക്കുണ്ട്. എങ്കിലും ഇവിടത്തെ അടിസ്ഥാനപരമായ പ്രശ്നം അതല്ല.
എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. ചിലവർ അവിശ്വാസികളാണ്. ചിലവർ കഠിനമായ ദൈവവിശ്വാസികളും. രണ്ടു പേരെയും ഞാൻ പരിഹസിക്കാറില്ല. രണ്ടു പേരെയും ഞാൻ അധിക്ഷേപിക്കാറില്ല. രണ്ടു പേരുമായിട്ട് ഒരു സംവാദത്തിനു പോലും ഞാൻ പോകാറില്ല. അത് എനിക്ക് അവരുടെ വിശ്വാസങ്ങളോടും അവിശ്വാസങ്ങളോടുമുള്ള എതിർപ്പ് കൊണ്ടല്ല, ഈ പറഞ്ഞ പോലെ ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അന്ധവിശ്വാസങ്ങൾ ഉള്ളവരും സുഹൃത്തുക്കളായിട്ട് ഉണ്ട്. എനിക്ക് തീരെ മനസിലാവാത്ത തരത്തിൽ ദൈവത്തിൽ ജീവിതം മുഴുവൻ അർപ്പിച്ചു നടക്കുന്നവരും ഉണ്ട്. താൻ പാതി, ദൈവം പാതി എന്നതിൽ വിശ്വസിക്കാത്ത മുഴുവൻ ദൈവത്തിനു വിട്ടു കൊടുക്കുന്ന കൂട്ടർ. അവരോടും ഞാൻ ഇതിനെപ്പറ്റിയൊന്നും സംസാരിക്കാൻ പോകാറില്ല. ചില സമയങ്ങളിൽ പറഞ്ഞിട്ടുണ്ട്, \”നീ ഒന്നും ചെയ്യാതെ ഇരിക്കരുത്.\” അത്ര തന്നെ.
(എല്ലാവരും എന്നെ പോലെയാവണമെന്നോ, സംവാദത്തിനു പോകരുതെന്നോ എന്ന ധ്വനിയിൽ പറയുന്നതല്ല. മറിച്ചു വൈരുധ്യങ്ങൾ അംഗീകരിക്കാനുള്ള മനസുണ്ടാവണം. വിമർശനങ്ങൾക്ക് ഒന്നും അതീതമാണെന്ന അഭിപ്രായവും എനിക്കില്ല. )
വസ്തുത ഇതെന്നിരിക്കെ, ഇന്നിവിടെ കണ്ടു വരുന്ന ഒരു തെറ്റായ കീഴ്വക്കമുണ്ട്. ഒരാൾ ദൈവ വിശ്വാസി എന്ന് പറഞ്ഞാൽ അയാളെ അധിക്ഷേപിക്കുക, അയാളെ വിവരമില്ലാത്തവരാക്കുക, അയാളെ പൊട്ടനാക്കുക്ക, അയാളെ പുച്ഛിക്കുക. ദൈവ വിശ്വാസി എന്ന് പറയുന്നത് എന്തോ വല്യ അപരാധംപോലെ കാണുന്ന ഒരു കൂട്ടർ. എനിക്ക് തീരെ മനസിലാകുന്നില്ല. വീണ്ടും ചോദിക്കുന്നു, വിശ്വാസമെന്നതൊരു വ്യക്തിപരമായ കാര്യമല്ലേ? അതിനെന്തിനാണ് ഇമ്മാതിരി വലിച്ചു കീറുന്നത്?
കൊലപാതകകുറ്റം ചെയ്തവരെ പോലെയാണ് വിശ്വാസികളെ ഇന്ന് കുറേപ്പേര് കാണുന്നത്. അത്രേം ക്രൂരമായ കണ്ണിലൂടെ കാണുന്നവർക്ക് മാത്രമേ ഇത്രേം തരംതാണ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ വിമർശിക്കാൻ പറ്റുകെയൊള്ളു.
എല്ലാവരും വ്യത്യസ്തരാണ് എന്ന അടിസ്ഥാന സത്യം മനസിലാക്കാതെ മുന്നോട്ടു പോകുന്ന ഒരു കൂട്ടം ഊളകളാണ് ഇന്നീ നാടിന്റെ ശാപം. എല്ലാവര്ക്കും അവരുടേതായ കാഴ്ചപാടുകളും, ചിന്തകളുമുണ്ട്. അതിനെ നമ്മൾ അവഗണിച്ചിട്ട് കാര്യമില്ല. കണ്ണടച്ചു ഇരുട്ടാക്കിയാൽ ഈ നാട് മുഴുവൻ ഇരുട്ടിലാകും എന്നും കരുതരുത്. പരസ്പര ബഹുമാനം എന്നത് ഒരു മനുഷ്യന്റെ കടമയാണ്. എതിരെ നിൽക്കുന്ന ആൾ, എന്ത് തരം വ്യക്തിയുമായിക്കോട്ടെ, വിശ്വാസിയോ അവിശ്വാസിയോ ആവട്ടെ, ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവനോ ആയിക്കോട്ടെ, ബഹുമാനിക്കുക. ബഹുമാനമില്ലാതെ നാടും ജീവിതവും മുന്നോട്ട് പോകത്തില്ല.
തെറ്റിദ്ധരിക്കരുത്. അഭിപ്രായം പറയുന്നത് മോശമാണ് എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. എല്ലാവര്ക്കും എല്ലാത്തിലും അഭിപ്രായം പറയാനും, വിമര്ശിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാൽ കൂടി, വ്യക്തിപരമായ കാര്യങ്ങളാണ് ദൈവ വിശ്വാസവും അവിശ്വാസവും എന്നത് ഓർക്കുക. അത്രേ പറയുന്നുള്ളു.
ദൈവവിശ്വാസമെന്നത് ചിലവർക്കെങ്കിലും ഒരു വികാരമാണ്. ആ വികാരത്തെ മുറിവേല്പിക്കുന്നത് ഇവിടെ വർഗീയതയ്ക്ക് വിത്ത് പാകും. എന്റെ ഒരു വളരെ അടുത്ത സുഹൃത്ത് ബീഫ് കഴിക്കില്ല. അതൊരു വിശ്വാസത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള ഒരാളെ നിർബന്ധിച്ച് ബീഫ് കഴിക്കാൻ ശ്രമിപ്പിച്ചത് പോലെയുള്ള പ്രവർത്തികളിൽ നിന്നും മാറി നിൽക്കേണ്ടത് നമ്മുടെ കടമയാണ്.
നിങ്ങൾക്കൊരു അവിശ്വാസിയായിട്ടിരിക്കാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് വിശ്വാസിയാവാനും ഉണ്ട്. നിങ്ങൾക്കൊരു വിശ്വാസിയായിട്ടിരിക്കാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് അവിശ്വാസിയായിട്ടിരിക്കാനുമുണ്ട്.
ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി എഴുതി ചേർക്കാം. അന്ധവിശ്വാസങ്ങളുടെ ഭാഗമാണ് \’ട്രാൻസ്\’ എന്ന സിനിമയിൽ വരയ്ച്ചു കാട്ടിയതു. അതിനോട് ചേർന്ന് നിൽക്കുന്ന ഒരു കാര്യം പറയാം.
\’sexy\’ എന്ന വാക്ക് സമൂഹമാധ്യമത്തിൽ എഴുതിയ ഒരു പയ്യന്റെ വീട്ടുകാരോട് ഒരു സ്നേഹമുള്ള സമൂഹ സേവകൻ വിളിച്ചു പറഞ്ഞുവത്രേ, \”തെറ്റാണു. നമ്മുടെ കൂട്ടത്തിൽ പെട്ടൊരാൾ \’sexy\’ എന്ന് തുറന്നെഴുതാൻ ഒന്നും പാടില്ല. അത് വിശ്വാസത്തിനെതിരാണ്.\”
ഇതൊക്കെ കേൾക്കുമ്പോ എന്ത് വിശ്വാസം എന്ന് പറയാൻ തോന്നും. സത്യം.





Comments