രാത്രിയുടെ ഭീതി.
- Vishnu Udayan
- Jun 10, 2019
- 1 min read
മൂന്ന് മാസങ്ങൾക്ക് മുമ്പാണ്. കൃത്യമായ ദിവസവും സമയവും ഓർമയുണ്ടെങ്കിലും അതിവിടെ കുറിക്കുന്നില്ല. അപരിചിതമായ ഒരു നാട്ടിൽ ഒരു പരിപാടിക്ക് പോയതാണ്. ക്ഷണിക്കപ്പെട്ടത് കൊണ്ട് മാത്രമല്ല പോയത്, മറിച്ചു അത്രേം പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ ജീവിതത്തിലെ അസുലഭമായ ഒരു മുഹൂർത്തമാണ്. അതിനു ഞാൻ സാക്ഷിയാവണം. അതല്ലെങ്കി സുഹൃത് ബന്ധങ്ങള്ക് ഞാൻ വില കല്പിക്കാത്ത പോലെയാവും. പക്ഷെ അന്ന് രാത്രി ഇരുട്ടിന്റെ മറവിൽ സംഘം ചേർന്ന് ഭീക്ഷണിപ്പെടുത്തുകെയും തെറി പറയുകെയും, മർദ്ദനത്തിലേക് വരെ കാര്യങ്ങൾ പോയപ്പോ ആ ബന്ധം ഞാനങ്ങു അവസാനിപ്പിച്ചു. വിളിച്ചു വരുത്തി അപമാനിക്കപ്പെട്ടതിനുപരി മനസ്സുകൊണ്ട് നല്ലത് വരണം എന്ന് മാത്രം കരുതി ചെയ്ത ഒരു കാര്യത്തിന് ഇത്രേം ഭവിഷ്യത്തുണ്ടായത് മനസിനെ തളർത്തി എന്ന് തന്നെ പറയാം.
ഭാഷ പോലും അറിഞ്ഞൂടാത്ത സ്ഥലത്തു, ആ രാത്രി നേരം പുലരുന്നതിനു മുമ്പ് ഒരു വണ്ടി സംഘടിപ്പിച്ചു ഏറ്റവും അടുത്തുള്ള എയർപോർട്ടിലേക്ക് എത്തിയത് ഇപ്പൊ ആലോചിക്കുമ്പോ ഇച്ചിരി കടന്ന കൈയായോ എന്ന് തോന്നുന്നുണ്ട്. പക്ഷെ സത്യത്തിൽ അത്രമാത്രം ഭീതി എന്റെ മനസ്സിൽ ആ രാത്രിയും ഇരുട്ടും ഉണ്ടാക്കിയിരുന്നു. ജീവിതത്തിലെ ആദ്യാനുഭവം. അറിയാവുന്ന സ്ഥലത്തായിരുന്നേൽ ഒരുപക്ഷെ ഇത്രക് പരിഭ്രമിക്കതില്ലായിരുന്നു എന്ന സത്യം ഞാനിപ്പോ തിരിച്ചറിയുന്നുണ്ട്. പിറ്റേന്ന് രാത്രി വരെ എയർപോർട്ടിൽ ഫ്ലൈറ്റ് കാത്തു ഇരിക്കുക എന്നത് ഒരു ചടങ്ങു പിടിച്ച പരിപാടിയായിരിന്നു. ഒന്നും ചെയാനില്ലാതെ, ആരോടും മിണ്ടാനില്ലാണ്ട്..
അതിൽ നിന്നും മുക്തിനേടിയപ്പോഴേക്കും കുറച്ചു ദിവസങ്ങളെടുത്തു. അന്ന് തൊട്ടു ഞാനിതു എന്നെങ്കിലും എഴുതേണം എന്ന് കരുതിയതാണ്. പക്ഷേ വാക്കുകൾ വരുന്നില്ലായിരുന്നു. ചില മുറിവുകൾ അങ്ങനെയാണല്ലോ.
രണ്ടാഴ്ച മുമ്പാണ് ഇഷ്ഖ് എന്ന സിനിമ കണ്ടത്. സുഹൃത്ത് ജോലി ചെയ്ത പടമായത് കൊണ്ട് തന്നെ അതിന്റെ കഥ എനിക്ക് അറിയാമായിരുന്നു. എങ്കിലും കണ്ടപ്പോൾ, ആ രാത്രി വസുധയും സച്ചിയും അനുഭവിച്ച ഒരു ഭയം.. അതെനിക് ഉള്ളിലേക്കു ഈ ഓർമ്മകൾ കൊണ്ട് വന്നു. സദാചാരം ഒന്നുമല്ലായിരുന്നു എന്റെ അനുഭവമെങ്കിലും ഇരുട്ടിന്റെ മറവിൽ നമ്മളെ ആരെങ്കിലും ഭീക്ഷണിപ്പെടുത്തുമ്പോൾ, അല്ലെങ്കി ഇതുപോലെ വ്യക്തിഹത്യ ചെയുമ്പോൾ തകർന്നു പോകും. സിനിമ കണ്ടുകൊണ്ടിരുന്നപ്പോ വസുധ കുറേക്കൂടി ശക്തമായി നേരിട്ടതുപോലെയും സച്ചി ശരിക്കും പരിഭ്രമിച്ചത് പോലെയും എനിക്ക് തോന്നി. അന്ന് ആ പേടിച്ച, വിറച്ച, എന്ത് ചെയ്യണമെന്ന് അറിഞ്ഞൂടാതെ കാലു പിടിച്ച, തൊഴുത സച്ചി.. അത് ഞാൻ തന്നെയല്ലേ എന്ന് കരുതി. അന്ന് ആ രാത്രിയിൽ ഞാനും ഇതുപോലെയൊക്കെ ചെയ്തിരുന്നു..
ഇഷ്ഖ് കണ്ടു കുറെ ദിവസമായെങ്കിലും ഇത് എഴുതണം എന്ന് ഇപ്പോഴും തോന്നാറുണ്ടായിരുന്നു. ഇന്നാണ് അതിനു സമയം കിട്ടിയത്.. അല്ലെങ്കി ഇന്നാണ് അതിനു എന്റെ മനസ്സ് പാകപ്പെട്ടത്.
നിങ്ങൾക്കൊരാളോട് ദേഷ്യം ഉണ്ടാവാം, വിരോധം ഉണ്ടാവാം, അടിക്കണമെന്ന് തോന്നാം.. പക്ഷേ ഒരിക്കലും അത് രാത്രിയുടെ ഭീതിയിൽ, അല്ലെങ്കി ഇരുട്ടിന്റെ മറവിൽ ചെയ്യരുത്. അതുണ്ടാക്കുന്ന ആഘാതം, അതൊരുപാട് വലുതാണ്, ഒരുപാട് വല്യ മുറിവാണ്. ഒരുപക്ഷേ വർഷങ്ങൾ കഴിഞ്ഞു നിങ്ങളത് മറന്നാലും അവരുടെ ഉളിൽ ഒരു മാനസിക അസന്തുലിതാവസ്ഥ അതുണ്ടാക്കും. അതിൽ നിന്നും മുക്തിനേടി എന്ന് തോന്നിയാലും, ഒരിക്കലും അത് വിട്ട് പോകത്തില്ല. നിങ്ങളുടെ ദേഷ്യത്തിൽ, വിരോധത്തിൽ ഒരാളുടെ ജീവിതത്തെയാണ് മാറ്റി മറിക്കുന്നത്. മറക്കരുത്. ഒരിക്കലും.





Comments