മനുഷ്യരും നാടും.
- Vishnu Udayan
- Nov 10, 2019
- 2 min read
മനസ്സിലെന്തെങ്കിലും കേറിയൊന്നു കൊളുത്തിയാൽ പിന്നെയത് എഴുതിയില്ലെങ്കിൽ എന്തോ ഒരു വിഷമമാണ്. ഉള്ളിലെന്തോ ഒരു ഭാരം തോന്നും, ചെറിയൊരു സുഖമില്ലായ്മയും.
നമ്മളൊക്കെ എന്തിനെ പറ്റി ദാരിദ്ര്യം പറഞ്ഞാലും ഒരു കാര്യം ഇഷ്ടംപോലെ ഉള്ളത്, അത് മനുഷ്യരാണ്. അതെ, മനുഷ്യർ. ദിവസവും എത്ര മനുഷ്യരെയാണ് നാം കാണുന്നത്. എത്ര പേരെ പറ്റിയാണ് ദിവസവും നാം കേൾക്കുന്നത്. അനേകം.. ഒരുപാട്..
തിരുവനന്തപുരം പോലെയൊരു നഗരത്തിൽ നിന്നും വളർന്നു വന്ന എനിക്ക്, പിന്നീട് ചെന്നൈയിലും മുംബൈയിലും കുറച്ചു നാൾ ജീവിച്ചപ്പോൾ പഠിച്ച പാഠങ്ങളൊരുപാട് വലുതാണ്. ആ പാഠങ്ങളിൽ ഒരു പരിധിവരെ മറ്റുള്ളവരുടെ വളർന്നു വന്ന നാടും സാഹചര്യങ്ങളും കഥകളുമൊക്കെ കേട്ടാണ്. ആ സമയത്തു എപ്പോഴൊയാണ് ഞാൻ ഒരു കാര്യം മനസിലാക്കിയത്. നാടെന്നു പറയുന്നതാണ് നമ്മൾ. ജനിച്ചു വളർന്ന നാട്ടിലെ സംസ്കാരവും ഭക്ഷണവും സംസാരവുമാണ് നമ്മൾ. അതിനാൽ തന്നെ മറ്റൊരു നാട്ടിൽ നിന്നുമുള്ളവരെ പരിചയപ്പെടുമ്പോൾ എനിക്കൊരുപാട് ചോദ്യങ്ങൾ ചോദിക്കാനും അവരുടെ നാട്ടിലെ ഓരോ രീതികൾ മനസിലാക്കുവാനും വല്യ താല്പര്യമാണ്. ചിലപ്പോൾ ഒക്കെ ഞാൻ ചോദിക്കാതെ തന്നെ അവരുടെ ജീവിതാനുഭവങ്ങളിലൂടെ ആ നാടിന്റെ ഒരു രേഖാചിത്രം മനസിലേക്ക് പതിയും.
അങ്ങനെ ഈ ഇടയ്ക്ക് ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും എന്നെ ഒരുപാട് ആകർഷിച്ച നാടും നാട്ടുകാരും ജീവിതരീതിയുമാണ് ഒരു സുഹൃത്തിന്റേത്. ജീവിത രീതി എന്നതിനുപരി ഒരു വ്യക്തിക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാടും, മുന്നോട്ട് പോകുമ്പോൾ സ്വഭാവത്തിലും പ്രതീകത്തിലും ആ നാട് ഉണ്ടാക്കിയ ആഘാതവുമാണ് എന്നെ ആകർഷിച്ചത്. (ആഘാതവും ആകർഷണവും ശരിയായ വാക്കുകളായിട്ടു തോന്നുന്നില്ല). മുമ്പ് പറഞ്ഞതുപോലെ മനുഷ്യർക്കിടയിൽ introvert, ambivert, extrovert ഒക്കെ ഉണ്ടല്ലോ. അത് ജനിക്കുമ്പോൾ തൊട്ടു ഒരാൾ അങ്ങനെ ആവുന്നതാണ് എന്ന് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല. അവരുടെ ജീവിത സാഹചര്യങ്ങൾ, അവ നൽകിയ പാഠങ്ങളും അനുഭവങ്ങളുമാണ് അവരെ അങ്ങനെയാക്കി മാറ്റിയത് എന്നെനിക്ക് പണ്ടുമുതലേ മനസ്സിലായിട്ടുണ്ട്. പക്ഷേ ഉൾവലിയുന്ന പ്രതീകം എങ്ങനെയൊക്കെ ഒരാളിൽ ഉണ്ടാകാം എന്നതിന്റെ ഒരറ്റമാണ് വളർന്നു വരുന്ന നാടും, നാട്ടുകാരും.
അങ്ങനെ ഇതൊക്കെ ചിന്തിച്ചിരുന്നപ്പോഴാണ്, പണ്ട് ഒരു ഓൺലൈൻ മീഡിയയിൽ എന്റെ ഷോർട് ഫിലിം കണ്ടിട്ട് എന്നെ ഒരു \”ഫേസ്ബുക് പൊട്ടറ്റോ\” എന്ന് വിളിച്ചത് ഓർമവന്നത്. എന്ത് കൊണ്ടാണാവോ ഞാനൊരു ഫേസ്ബുക് പൊട്ടറ്റോ ആയതു എന്ന് ഞാൻ ഇപ്പൊ ആലോചിച്ചു.
വര്ഷങ്ങള്ക്ക്മുമ്പ് ഞാൻ എഴുതിയ പല ഇംഗ്ലീഷ് ബ്ലോഗുകൾക്ക് ഞാനിതു പറഞ്ഞിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ഒരു ജോക്കർ എന്നതിനുപരി അധ്യാപകരല്ലാതെ കൂടെ പഠിച്ച ആരെങ്കിലും കാര്യമായിട്ട് എന്നെ എടുത്തിട്ടുള്ളതായി തോന്നിയിട്ടില്ല. കളിയാക്കലിന്റെയും ഒറ്റപെടുത്തലിന്റെയും അങ്ങേയറ്റമായിട്ടുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ കോളേജിൽ ചെന്നതിനു ശേഷമുള്ള എന്റെ ഓരോ അടിച്ചുപൊളിയും ഫേസ്ബുക്കിൽ ഇട്ടു എല്ലാവരെയും അറിയിക്കണമെന്ന തോന്നലുണ്ടായിരുന്നു. അത് വളരെ വിദഗ്ദ്ധമായി തന്നെ ചെയ്യുകെയും ചെയ്തു.
പറഞ്ഞു വരുന്നത്, നമ്മളൊക്കെ എന്താണ് എന്നതിന്റെ ഉത്തരം, നമ്മുടെ നാടാണ്.. നാട്ടുകാരാണ്.. സമൂഹമാണ്.. സമൂഹം മനുഷ്യനെ കള്ളനാക്കും, കാലനാക്കും.. പക്ഷേ ജീവിതത്തിന്റെ ഒരു വള്ളി നമ്മുടെ കയ്യിൽ എപ്പോഴും കാണണം.





Comments