പൊയ് സൊല്ല കൂടാതെ കാതലെ..
- Vishnu Udayan
- Jan 29, 2021
- 1 min read
Updated: Jun 30, 2021
അത്യന്തം വ്യക്തിപരമായ കാര്യങ്ങളാണ് ചുവടെ കുറിക്കുന്നത്. ഒരുപക്ഷെ അടുത്ത കൂട്ടുകാർക്ക് പോലും അറിയാത്ത കുറച്ച് കഥകൾ..
ഇന്ന് സത്യം പറഞ്ഞാൽ വേറൊരു വിഷയം എഴുതാൻ ഇരുന്നാണ്. അപ്പോഴാണ് ഈ പാട്ട് കേട്ടത്.. "പൊയ് സൊല്ല കൂടാതെ കാതലെ.." വിദ്യാസാഗറിന്റെ സംഗീതവും ഹരിഹരന്റെ ശബ്ദവും പിന്നെ അറിവുമതിയുടെ വരികളും.. ആദ്യ രണ്ടു വരികൾമാത്രം എന്നിലൊരുപാട് ഓർമ്മകൾ കൊണ്ട് വന്നു.
കുറച്ച് ദിവസങ്ങളായി എങ്ങനൊക്കെയോ കഴിഞ്ഞ് പോയൊരു വസന്തകാലത്തിന്റെ രണ്ടര വർഷങ്ങൾ ഓർമ്മ വന്നോണ്ടിരിക്കുന്നുണ്ട്. ഒരുപാടൊരുപാട് കാര്യങ്ങൾ. പ്രണയമെന്ന വികാരം മനസ്സിൽ നിന്നും അകന്നിട്ടും എന്തൊക്കെയോ ചെയ്യാനും പറയാനും മറന്നു എന്ന തോന്നലാണ് ഓരോ ഓർമ്മകളും കൊണ്ട് വരുന്നത്.
കഴിഞ്ഞ പ്രണയകഥയിലെ നായിക ആദ്യമായി എന്നോടൊരു കള്ളം പറഞ്ഞതാണ് ഓർമവന്നത് പെട്ടെന്ന്. അന്ന് ഞാൻ വളരെ aggressive ആയിട്ടാണ് പ്രതികരിച്ചത്. പക്ഷേ ഇന്നിപ്പോൾ ആലോചിച്ചപ്പോൾ അവളുടെ ആ കുട്ടി മനസ്സിലെ അരക്ഷിതാവസ്ഥയായിരിക്കാമെന്ന് തോന്നുന്നു. ഒരുപാട് സ്വപ്‌നങ്ങൾ കാണുകയും എന്നാൽ അതൊന്നും സാധിക്കാതെ ഒരു ചെറിയ കോളേജിൽ എത്തിപ്പെട്ട പെൺകുട്ടിയുടെ മനസ്സിൽ അങ്ങനൊക്കെ തോന്നുന്നത് സ്വാഭാവികമാണ്.
പക്ഷേ ആ ഒരു കള്ളം എന്നിലുണ്ടാക്കിയ മാറ്റങ്ങൾ ഒരുപാടാണ്. എന്ത് കൊണ്ടോ എനിക്ക് പിന്നീടൊരുപാട് കള്ളങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമായി അത് മാറി. കൈവിട്ട പ്രവർത്തികൾ ചെയ്തിട്ടില്ലെങ്കിലും അവിടിവിടെയായി ഒരുപാട് കള്ളങ്ങൾ ഞാൻ പിന്നീട് പറഞ്ഞിട്ടുണ്ട്. അവളുടെ ഉള്ളിൽ എപ്പോഴൊക്കെയോ സംശയങ്ങൾ ജനിച്ചുവെന്ന് എനിക്ക് നല്ല ബോധമുണ്ട്. എന്നാലും നല്ലൊരു egoist ആയ ഞാൻ ഒരിക്കലും അതൊന്നും സമ്മതിച്ച് കൊടുത്തിട്ടില്ല.
ഇതൊരു ഏറ്റുപറച്ചിലോ, സ്വയം കുറ്റംപെടുത്തല്ലോ ഒന്നുമല്ല. മറിച്ച് ഒരു ചെറിയ കള്ളത്തിൽ നിന്നും കള്ളങ്ങളുടെ ഘോഷയാത്രയിലേക്ക് നടന്നടുത്തത് പഠിപ്പിച്ച പാഠങ്ങൾ ഒരുക്കുന്നതാണ്. ആ കഥയിലെ ഒരുപാട് കാര്യങ്ങൾ എപ്പോഴൊക്കെയോ ഇരുന്ന് സ്വയം അവലോകനം ചെയ്തിട്ടുണ്ട്. ഒരു ബന്ധം മുന്നോട്ട് പോകുന്നതിലും തകരുന്നതിലും രണ്ടു കൂട്ടർക്കും വ്യക്തമായ പങ്കുണ്ട്. അത് സമ്മതിച്ച് കൊടുക്കാൻ ചിലപ്പോ നമ്മുടെ ഉള്ളിലെ ഈഗോ മടിക്കും. പിന്നീടൊരുകാലത്താവും അത് മനസിലാക്കുന്നത്.
ഇതിപ്പോൾ എന്തിനാണ് ഇങ്ങനെ വെട്ടി തുറന്ന് പറയുന്നത്, വ്യക്തിപരമായ കാര്യങ്ങളല്ലേ എന്ന് നിങ്ങൾക്ക് തോന്നും. എന്തോ ഒരു തുറന്ന പാഠപുസ്തകമായിട്ട് ജീവിതത്തിലെ കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാൻ ഒരുപാട് ആഗ്രഹമുണ്ട്..





Comments