top of page

നേതാവിന് സ്നേഹവും ആശംസയും.

  • Writer: Vishnu Udayan
    Vishnu Udayan
  • Sep 16, 2020
  • 2 min read

ഏതോ ഒരു തിരഞ്ഞെടുപ്പ് സമയം അപ്പുപ്പനോട് ഞാൻ ചോദിച്ചു \”ആർക്കാ വോട്ട്?\”. എനിക്ക് കിട്ടിയ മറുപടി \”ജന്മാവസാനം വരെ ഞാൻ ഒരു പാർട്ടിക്കെ വോട്ട് ചെയ്യു.\” കൈപ്പത്തി പൊക്കി പറഞ്ഞ ആ വരിക്ക് എന്റെ ജീവിതത്തിൽ ഒരുപാട് അർത്ഥമുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെല്ലെ മനസിലേക്ക് കയറുകെയും പിന്നീട് ആഴത്തിൽ പതിയുകെയും ചെയ്തു. ഇന്നൊരു പരിധി വരെ കോൺഗ്രസ് എന്നത് സിനിമയും മോഹൻലാലും പോലെയൊരു വികാരമാണ്. അവരുടെ കൊള്ളരുതായ്മകളെ വിമർശിക്കാൻ ഒരു മടിയും ഞാൻ കാട്ടിയിട്ടില്ല എന്ന് കൂടി പറയേണ്ടതുണ്ട്. 

Cartoon by Sterry Davis

ആദ്യമായി കേട്ട് പരിചരിച്ച ഒരു കോൺഗ്രസ് നേതാവിന്റെ പേര് എ കെ ആന്റണി എന്നാണ്. ഒരുപക്ഷേ ഓർമ്മയിലുള്ള ആദ്യ മുഖ്യമന്ത്രി. ചാര കേസും കരുണാകരനും നയനാരുമൊക്കെ ജനിച്ചതിനു ശേഷം സംഭവിച്ചതാണെങ്കിലും ഓർമ്മയുള്ളത് ആന്റണിയാണ്. പക്ഷേ 2004 തിരഞ്ഞെടുപ്പിന് ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത് ആന്റണി രാജി വെച്ച്. അപ്പോഴാണ് ആ പേര് ആദ്യമായി കേൾക്കുന്നത്. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. പുതുപ്പള്ളി എം എൽ എ, ഉമ്മൻ ചാണ്ടി. 

അതിനു ശേഷം പ്രതിപക്ഷ നേതാവായും പിന്നീട് വീണ്ടു മുഖ്യമന്ത്രിയായുമൊക്കെ വന്ന ഉമ്മൻ ചാണ്ടി മെല്ലെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നേതാവായി മാറി. പാർട്ടിക്ക് അധീതമായി ഒരു നേതാവും വളരരുതെന്നും, ഒരു നേതാവിനെയും പാർട്ടിക്ക് മേലെ പ്രതിഷ്ഠിക്കരുതെന്നും ഉത്തമ ബോധ്യമുണ്ടെങ്കിലും ഉമ്മൻ ചാണ്ടിക്കു വേണ്ടി പാർട്ടി മറന്നു ഞാൻ വാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നേരെ വന്ന ആരോപണങ്ങളിൽ ഒന്നിൽ പോലും സത്യമില്ല എന്ന് ഇന്നും വിശ്വസിക്കുന്നു. അതൊരുപക്ഷേ അന്ധമായ എന്റെ വിശ്വാസമായിരിക്കാം. അതിനെ നിങ്ങൾക്ക് വിമർശിക്കാം. പക്ഷേ ഉമ്മൻ ചാണ്ടി ഒരിക്കലും ജനങ്ങളിൽ നിന്നും അകന്നിട്ടില്ല. ഇനി അകലുകയുമില്ല. 

ജനസമ്പർക്ക പരിപാടിയും, യു എൻ ഇന്റെ ആദരവുമൊക്കെ എന്നും കേരളം ഓർത്തിരിക്കും. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി അച്യുതമേനോൻ ആയിരിക്കാം, പക്ഷേ ഏറ്റവും വല്യ ജനകീയ മുഖ്യമന്ത്രി ഒരുപക്ഷേ അച്യുതാനന്ദനോടൊപ്പം ഉമ്മൻ ചാണ്ടിക്കും അവകാശപ്പെട്ടതാണ്. വിമര്ശനങ്ങളോ, അധിക്ഷേപങ്ങളോ ഭയന്ന് ഓടി ഒളിച്ചിട്ടില്ല ഒരിക്കലും അദ്ദേഹം. കഴിഞ്ഞ ദിവസം അരുൺ കുമാർ പറഞ്ഞത് പോലെ, ആർജ്ജവത്തോടെ എന്നും ജനങ്ങളോട് തുറന്നു പറയാൻ ആ മനുഷ്യൻ മനസ്സ് കാണിച്ചു. 

ഈ ലോക്കഡോൺ കാലഘട്ടത്തിൽ ഏറ്റവും അടുത്ത സുഹൃത്തിന്റെ കുടുംബത്തിനൊരു വല്യ സഹായം ചെയ്യാൻ അവൻ ഉമ്മൻ ചാണ്ടിനെ വിളിച്ചു. കാര്യങ്ങൾ ക്ഷമയോടെ കേട്ടതിനു ശേഷം അദ്ദേഹം വേണ്ടത് ചെയ്യാൻ നോക്കാമെന്ന് ഉറപ്പ് നൽകി ഫോൺ വെച്ചു. പിന്നീട് ഏകദേശം ഒരു മാസത്തിനു ശേഷം സുഹൃത്തിനൊരു ഫോൺവിളി വന്നു. എടുത്തപ്പോൾ മറുവശത്തു ഉമ്മൻ ചാണ്ടിയാണ്. സുഹൃത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, കിളി പോയി. അഭ്യർത്ഥിച്ച സഹായം ചെയ്യാൻ പറ്റുമെന്ന് പറയാൻ വിളിച്ചതാണ്. ദിവസം ഒരുപാട് ആൾക്കാരുമായി സംവദിക്കുന്ന ആ മനുഷ്യൻ, എല്ലാവരോടും കാണിക്കുന്ന ഈ കരുതലും സ്നേഹവുമാണ്, ഉമ്മൻ ചാണ്ടിയെ കുഞ്ഞൂന് ആക്കുന്നത്. 

തനിക്ക് നേരെ ഒരു കല്ല് വന്നപ്പോൾ, അതിൽ നിന്നും രക്തച്ചൊരിച്ചിൽ ഉണ്ടായപ്പോൾ, അതിന്റെ പേരിൽ ഹർത്താലോ പ്രകടനമോ പാടില്ലായെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. രാഹുൽ ഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തകരോട് സംസാരിക്കാൻ വന്നപ്പോൾ, അന്ന് ഏറ്റവും കൂടുതൽ കൈയ്യടി നേടിയത് ഉമ്മൻ ചാണ്ടി എന്ന പേര് പരാമര്ശിച്ചപ്പോളാണ്. ആന്ധ്ര പ്രദേശിന്റെ ചുമതല ഏറ്റെടുത്ത് അവിടെയെത്തിയ ഉമ്മൻ ചാണ്ടി ഒരു ബൈക്കിൽ യാത്ര ചെയ്യുന്ന ചിത്രം പുറത്തു വന്നിരുന്നു. അവിടെയുള്ള എന്റെ ഒരു സുഹൃത്ത് അന്നെന്നോട് പറഞ്ഞൊരു വാചകമുണ്ട്. \”I have never seen a senior politician travelling in bike.\” 

വിരലിലെണ്ണാവുന്ന ഭൂരിപക്ഷവുമായി ഭരണം ആരംഭിച്ചപ്പോൾ ആ സർക്കാർ അഞ്ചു വര്ഷം പൂർത്തിയാക്കുമെന്ന് ആരും കരുതിയില്ല. പക്ഷേ ഉമ്മൻ ചാണ്ടിയെന്ന കൗശലക്കാരനായ, ശക്തമായ നേതൃപാടവമുള്ള നേതാവിന് മുമ്പിൽ ഭൂരിപക്ഷം ഉറച്ചുനിന്നു. ഏതു കൊടുങ്കാറ്റിലും ഉലയാത്ത കപ്പലിന്റെ കപ്പിത്താനായി അദ്ദേഹമുണ്ടായിരുന്നു. 

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഒന്നിലധികം തവണ അദ്ദേഹത്തിന്റെ പേര് പല മണ്ഡലത്തിൽ നിന്നും മത്സരിക്കാനായി ഉയർന്നുകേട്ടു. അന്ന് ശരിക്കും മനസ്സിൽ പ്രാർത്ഥിച്ചു, മത്സരിക്കരുതെന്ന്. കാരണം കേരളം രാഷ്ട്രീയത്തിന്റെ അതികായകന്, രാഷ്ട്രീയ ചാണക്യന് 50  വര്ഷം നിയമസഭ സാമാജികൻ എന്ന പദവി തീർത്തും അർഹിക്കുന്നതാണ്. 

പിന്നെ, ഒരേ മണ്ഡലത്തിൽ നിന്ന്നും 50  വര്ഷം തുടർച്ചയായി എം എൽ എ ആയി നിയമസഭയിൽ എത്തേണ്ടത് ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. അതിനെ വെള്ളപൂശൽ എന്നും മറ്റും നിങ്ങൾ കളിയാക്കുമ്പോൾ രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തയാണ് നിന്ദിക്കുന്നത്. നിങ്ങളുടെ നേതാക്കളുൾപ്പെടെ അദ്ദേഹത്തെ പറ്റി സംസാരിക്കുമ്പോൾ, അഭിനന്ദിക്കുമ്പോൾ, നിങ്ങളതിൽ ആക്ഷേപവും ഹാസ്യവും മാത്രം കാണുന്നുവെങ്കിൽ തീർച്ചയായും കേരളം രാഷ്ട്രീയത്തെ പറ്റി ഒരു ചുക്കും അറിഞ്ഞൂടാത്ത ആൾക്കാരിൽ നിങ്ങൾപെടും. 

അഭിമാനം തന്നെയാണ്.. കെ എം മാണിയുടെയും, വി എസ് അച്യുതാനന്ദനെയും ഉമ്മൻ ചാണ്ടിയും യുഗത്തിൽ ജീവിക്കാൻ സാധിച്ചത്. 

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page