ദശാബ്ദ പര്യാവസാനം.
- Vishnu Udayan
- Dec 16, 2019
- 1 min read
ഒരു ദശാബ്ദം അവസാനിക്കുന്നു. സ്കൂൾ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ നിന്നും തുടങ്ങിയൊരു കാലഘട്ടമായിരുന്നു, കോളേജ് ജീവിതവും കഴിഞ്ഞു, കോളേജിൽ കൂടെ പഠിച്ചവരുടെ കല്യാണങ്ങളിൽ എത്തി നിൽക്കുന്നു. ജോലി സംബന്ധമായി പറയുവാണെങ്കിൽ, എല്ലാ സുഖങ്ങളും സൗഖ്യങ്ങളും മാറ്റി വെച്ചിട്ട്, സ്വപ്നത്തിനു പുറകെ ഇറങ്ങി തിരിച്ചിട്ടു, അതിന്റെ അടുത്തെവിടെയോ എത്തി നിൽക്കുന്നൊരു അവസ്ഥ. കഴിഞ്ഞ 10 വർഷ കാലംകൊണ്ട് പഠിക്കാത്തതും അനുഭവിക്കാത്തതുമായ കാര്യങ്ങൾ പലതും കഴിഞ്ഞ രണ്ടു മാസം കൊണ്ട് പഠിച്ചു. വികാരങ്ങൾ കഴിവിനും ആത്മവിശ്വാസത്തിനും മുമ്പിൽ തോറ്റു പോയപ്പോൾ ജയിച്ചത് ഞാനെന്ന വ്യക്തിയും എന്റെ കൂടെ കട്ടയ്ക്ക് നിന്ന രണ്ടു മൂന്ന് കൂട്ടുകാരുമാണ്.
വ്യക്തി ജീവിതത്തിലെ കയറ്റങ്ങളും ഇറക്കങ്ങളും പറയാൻ മാത്രം പക്ക്വത ഇന്നും വന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. കാരണം തിരിഞ്ഞു നോക്കുമ്പോൾ ഇറക്കങ്ങൾ എന്ന് തോന്നുന്ന പലതും എന്തോ നല്ലതിന് വേണ്ടി സംഭവിച്ചതായും, കയറ്റങ്ങൾ പലതും ശരിക്കും കയറ്റങ്ങൾ തന്നെയാണോ എന്നും തോന്നുന്നുണ്ട്. അത്കൊണ്ട് അതിലേക്ക് അധികം കടക്കുന്നില്ല.
ഈ ദശാബ്ദം തുടങ്ങുമ്പോൾ ഒരു സിനിമ ആസ്വാദകൻ അല്ലെങ്കിൽ ഒരു മോഹൻലാൽ ഫാൻ എന്നതിനപ്പുറം സിനിമ സ്വപ്നംകണ്ട് നടക്കുന്ന ഒരാൾ അല്ലായിരുന്നു ഞാൻ. പക്ഷേ പിന്നീടെപ്പോഴോ സിനിമ ഒരു സ്വപ്നമായി, ഒരു ലക്ഷ്യമായി, ഒരു ശ്വാസമായി. അങ്ങനെ പണി തുടങ്ങി 5 വര്ഷം കഴിഞ്ഞപ്പോഴാണ് ബോധോദയമുണ്ടായത്. വളർച്ച കൈവരിക്കണമെങ്കിൽ കൂടെ കൂട്ടിനു ഏതു കൊടുങ്കാറ്റിലും ഉലയാതെ നിൽക്കാൻ കെൽപ്പുള്ള കൂട്ടുകാര് വേണമെന്ന്. അങ്ങനെയാണ് 2017 തൊട്ടു അതിനുള്ള പ്രയത്നം ആരംഭിച്ചത്. അതിനു ശേഷം വന്ന മ്യൂസിക് വിഡിയോസയും പിന്നെ എനിക്ക് വ്യക്തമായി ഒരു ചെറിയ ഇടത്തിലെങ്കിലും മേൽവിലാസം ഉണ്ടാക്കി തന്ന വാഫ്ട് എന്ന സ്വപ്നവും ഉണ്ടായത്.
അതിനൊക്കെ ശേഷം ഓരോ പ്രോജെക്ടിലൂടെയും ആത്മവിശ്വാസം കൂടി വന്ന സമയത്താണ് കഴിഞ്ഞ മാസം ഒരു വല്യ സാധനം എടുക്കാൻ ഇറങ്ങി തിരിച്ചത്. കഴിഞ്ഞ ബ്ലോഗ്ഗിൽ ഞാനതിനെ പറ്റി വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷേ എത്ര വര്ഷം കഴിഞ്ഞാലും ആ ഒരു മാസവും, ഇപ്പൊ കടന്നു പൊക്കോണ്ടിരിക്കുന്ന ഒരു ഘട്ടവും ഒരുപാട് എഴുതാനും പറയാനുമുള്ള വിഷയമായി നിലനിൽക്കും. അത് കൊണ്ടാണ് ആദ്യം പറഞ്ഞത് – ഈ രണ്ടു മാസംകൊണ്ട് ഒരു ദശാബ്ദം മുഴുവൻ നടന്നിട്ടു പഠിക്കാൻ പറ്റാത്ത കാര്യങ്ങൾ പഠിച്ചു.
കൂടെ ഒരുപാട് പേരൊന്നും വേണ്ട, ഫെവിക്വിക്ക് പോലെ ഒട്ടി നിൽക്കുമെന്ന് ഉറപ്പുള്ള വിരലിൽ എണ്ണാവുന്നവരും , പിന്നെ പ്രതിസന്ധികൾ നേരിടുമ്പോൾ ആത്മവിശ്വാസത്തിനു കോട്ടം തട്ടാതെയും നോക്കിയാൽ മതി . എന്തും ചെയ്യാൻ നമുക്ക് സാധിക്കും. എന്തും!





Comments