ജേർണൽ
- Dec 8, 2019
- 1 min read
എന്തൊക്കെയോ എഴുതാൻ വേണ്ടി ഇരിക്കുമ്പോൾ ഒന്നും വ്യക്തമായി മനസ്സിലേക്ക് വരാത്ത ഒരു സാഹചര്യം ഉണ്ട്. ബ്ലോഗിങ്ങ് തുടങ്ങിയ നാളുകൾ തൊട്ട് നേരിടുന്ന പ്രതിസന്ധിയാണിത്. എന്നാലും ഈ രണ്ടു മൂന്ന് ദിവസമായിട്ട് അതിന്റെ മൂർത്തി അവസ്ഥയിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇതുവരെയുള്ള 25 വർഷ ജീവിതത്തിൽ നേരിട്ടിട്ടുള്ള ഏറ്റവും കഠിനമേറിയ ഒരാഴ്ച്ച കാലമാണ് കടന്നു പോയത്. മറ്റെന്തിനേക്കാളും ഉന്മാദം തരുന്ന വികാരവും ജോലിയും സ്നേഹവും പ്രേമവുമാണ് ഫിലിം മേക്കിങ്. എന്നാൽ അതിന്റെ ഇടയിൽ തന്നെ മനസികാപരമായിട്ട് തളർന്നു പോകുന്നത് മുമ്പ് അനുഭവിച്ചിട്ടുള്ളതല്ല. ആദ്യമായിട്ട് തന്നെയാണ്.
കൂടെ പാറ പോലെ ഉറയ്ച്ചു നിന്ന കൂട്ടുകാർ ഉണ്ടായിരുന്നുവെങ്കിലും തളർത്തി കളഞ്ഞ ചില പ്രവർത്തികളിൽ അവരിൽ നിന്നും ഉണ്ടായി എന്നത് മറക്കാൻ കഴിയുന്നില്ല. അവരെയും കുറ്റം പറയാൻ കഴിയില്ല. ഓരോ മണിക്കൂറും ഷൂട്ട് എങ്ങനെ മുടക്കാൻ കഴിയും എന്നൊരറ്റ ചിന്തയോടെ ആരോ പറഞ്ഞു വിടുന്നത് പോലെ തടസ്സങ്ങളും പ്രശ്നങ്ങളും വന്നുകൊണ്ടു ഇരിക്കുമ്പോൾ ആർക്കാണെങ്കിലും ഇടയ്ക്കൊന്നു പതറും. സ്വാഭാവികമായ സംഭവമാണ്. കുറച്ചൊക്കെ അനുഭവസമ്പത്തുള്ള എനിക്ക് നന്നായിട്ട് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. അപ്പോൾ എന്നേകാൽ ചെറിയ പിള്ളേരുടെ കാര്യം പറയണ്ടല്ലോ.
പകർത്തിയ footages കണ്ടു നോക്കുമ്പോഴും, എഡിറ്റിംഗിന് ഇരിക്കുമ്പോഴും എന്തോ പോയ അണ്ണന്റെ മുഖഭാവമാണ് എനിക്ക്. ഓരോ ഷോട്ട് കാണുമ്പോഴും അനുഭവിച്ച സമ്മർദ്ദവും മാനസിക പിരിമുറുക്കവും ഓർമ്മവരുന്നു. നാളിന്നേക്ക് എനിക്ക് ഏറ്റവും ഇഷ്ടപെട്ട നിമിഷങ്ങളാണ് ഒരു വർക്കിന്റെ പോസ്റ്റ് പ്രൊഡക്ഷൻ എന്നുള്ളത്. ഇപ്പോഴും അതുപോലെ ഇഷ്ടപ്പെടുന്നുണ്ട്. എങ്കിലും മേൽ പറഞ്ഞ ഓർമ്മകൾ ഒരു വടിവാൾ പോലെ മുന്നിൽ തൂങ്ങി കിടക്കുമ്പോ പലപ്പോഴും കൈ വിട്ടു പോകുന്നു.
ഉള്ളിൽ ഇപ്പോഴും ഒരു വിശ്വാസവും വാശിയും ഉണ്ട്. ഈ ഷൂട്ട് ചെയ്ത ഹ്രസ്വ ചിത്രം ജീവിതത്തിലെ ഏറ്റവും മികച്ച വർക്കായിട്ട് ഇനിയും എനിക്ക് മാറ്റി എടുക്കാൻ പറ്റുമെന്ന വിശ്വാസം. അതിനു വേണ്ടി ജീവൻ കൊടുത്തു ജോലി ചെയ്യാൻ കൂടെ ആൾക്കാരുണ്ട്.
വാശിയാണ്, ആരോടോ.. എന്തിനോടോ.. ഒരു പക്ഷേ എന്നോട് തന്നെ ആയിരിക്കാമല്ലേ.





Comments