top of page

ചിന്തകളും എഴുത്തും പിന്നെ തിരക്കഥയും.

  • Jun 30, 2020
  • 2 min read


ചിന്തകൾ ഒരു മഴവെള്ള പാച്ചിൽ പോലെ വന്നിരുന്ന ഒരു ദിവസം. ഒരു ദിവസമല്ല, കുറച്ചു ദിവസങ്ങൾ. അതിനൊടുവിലാണ് ബ്ലോഗ് എഴുതാൻ തീരുമാനിക്കുന്നത്. എഴുതാനുള്ള ആഗ്രഹം കുഞ്ഞുനാളിലെ ഉണ്ടായിരിന്നു, പക്ഷേ വാക്കുകൾക്ക് ഒരിക്കലുമൊരു ഒഴുക്ക് വന്നിട്ടില്ല. കുറച്ചു നാൾ മുമ്പ് ഞാനിവിടെ പറഞ്ഞത് പോലെ, ഇംഗ്ലീഷ് ഭാഷയിൽ ആ ഒരു ഒഴുക്ക് വന്നു തുടങ്ങിയപ്പോഴാണ് ബ്ലോഗ് തുടങ്ങുന്നത്. പിന്നെ സ്ഥിരമായി. ആ കാലഘട്ടത്തിലൊക്കെ ദിവസവും ഒന്നും രണ്ടും എഴുതുമായിരുന്നു. അത്രക്ക് ഉണ്ടായിരിന്നു മനസ്സിൽ കുത്തി കുറിക്കാൻ. പിന്നീട് മെല്ലെ വിടവ് വന്നുതുടങ്ങി. എന്നിരുന്നാലും ഇംഗ്ലീഷിൽ അല്ലാതെ മലയാളത്തിൽ അങ്ങനെ എഴുത്തൊന്നും വരത്തില്ല. 

ഈ എഴുതാനുള്ള എന്തോ ഒരു മടിയും ക്ഷമയില്ലായ്മയും ഒക്കെ മറികടക്കാനാണ് മനഃപൂർവം മലയാളത്തിൽ എഴുതാൻ തുടങ്ങിയത്. വിഷയങ്ങൾ കൂടുതലും പ്രണയമായതിനാൽ മലയാളത്തിൽ എഴുതിയാൽ പൈങ്കിളിയായി പോകുമോ എന്ന പേടി ഉണ്ടായിരിന്നു. പക്ഷേ അതൊക്കെ മാറ്റി വെച്ച് എഴുതി തുടങ്ങി. ഇന്നിപ്പോ ഇംഗ്ലീഷിൽ ഒരുപാട് എഴുതാൻ പറ്റില്ല. 

പിന്നെ ആരോ പറഞ്ഞത് പോലെ, നമ്മൾ ചിന്തിക്കുന്ന ഭാഷയിലാണല്ലോ പുറത്തു വരുന്ന വാക്കുകളും. അല്ല, ഞാൻ ഈ കാര്യങ്ങളൊക്കെ ഒരിക്കെ ഇവിടെ കുത്തികുറിച്ചിട്ടുള്ളതാണ്. ഇന്നിപ്പോ ഇതൊക്കെ ഓർക്കാൻ ഒരു കാരണമുണ്ട്. 

ഈ ബ്ലോഗ് എഴുത്തൊക്കെ കണ്ടിട്ട് പലവരും ചോദിച്ചിട്ടുണ്ട്, ഈ നിനക്കാനോ തിരക്കഥ എഴുതാൻ പറ്റാത്തതെന്ന്. ശ്രമിക്കാഞ്ഞിട്ടല്ല, പറ്റിയിട്ടില്ല. എഴുതിയിട്ടുണ്ട് കുറച്ചു തിരക്കഥൾ. പക്ഷേ ഒന്നും നടന്നില്ല എന്ന് മാത്രമല്ല, നടന്നത് പെട്ടിയിലാവുകെയും ചെയ്തു. പിന്നെ കുറച്ചു സ്നേഹമുള്ളവരൊക്കെ പറയാറുണ്ട്, എഴുതാൻ വേറൊരാളെ ആശ്രയിക്കുന്നത്കൊണ്ട് മാത്രമാണ് ഇത്രേം നാളായിട്ടൊരു സിനിമ ചെയ്യാൻ പറ്റാത്തതെന്ന്. ശരിയാണ്. മനസ്സിൽ വരുന്ന കഥകളും ആശയങ്ങളും എഴുതാൻ പറ്റാത്തതുകൊണ്ട് നിന്ന് പോയ ചരിത്രം മാത്രമേ ഒള്ളു. 

ഞാനെഴുതിയ എത്രെയോ കഥകൾ, എനിക്കൊരുപാട് ഇഷ്ടപെട്ടിട്ടുണ്ട്. പക്ഷേ തിരക്കഥ രൂപത്തിൽ മറ്റൊരാൾ എഴുതുമ്പോൾ എനിക്ക് ഇഷ്ടപ്പെടുന്നില്ല. അപ്പൊ ഒക്കെ എനിക്ക് അതൊന്നു എഴുതാനുള്ള ക്ഷമയും കഴിവും ഇല്ലല്ലോ എന്നോർക്കാറുമുണ്ട്. മറ്റെല്ലാവരെയും ഓരോന്നു ചെയ്യാൻ പ്രോഹത്സാഹിപ്പിക്കുന്ന എനിക്ക് പക്ഷേ ഈ ഒരു കാര്യത്തിൽ തിരിച്ചധികം കിട്ടിയിട്ടില്ല.

അങ്ങനെയിരിക്കെയാണ് മനസ്സിൽ ഒരുപാട് ഇഷ്ടപെട്ട, സ്വപ്നം കണ്ട കഥ എഴുതുന്നത്. അതൊരു സുഹൃത്തിനെകൊണ്ട് എഴുതിയ്ക്കാൻ തുടങ്ങി. പക്ഷേ എവിടെയോ ഞാൻ സ്വപ്നം കണ്ടതിൽ നിന്നുമത് വഴുതി പോകുന്നത് പോലെ തോന്നി. കുറച്ചു പേരോട് പറഞ്ഞു. എല്ലാവരും ഓരോ അഭിപ്രായങ്ങൾ പറഞ്ഞു. കൂട്ടത്തിൽ ഒരാൾ പറഞ്ഞു \”നീ എഴുതണം. നിനക്ക് പറ്റും. ബ്ലോഗ് ഒക്കെ എഴുതുന്നതല്ലേ. ബ്ലോഗാണെന് കരുതി അങ്ങ് എഴുതണം.\” 

ആ അവസാനം പറഞ്ഞ വരി അതങ്ങു കൊണ്ടു. ഒന്ന് ശ്രമിച്ഛ് നോക്കാനെങ്കിലും ഇപ്പൊ തോന്നുന്നുണ്ട്. ഇത്രേം എഴുതിയ സുഹൃത്തിനെ വിളിച്ചിട്ട് പറഞ്ഞു, ഞാനൊന്നു എഴുതി നോക്കട്ടെ എന്റെ രീതിയിൽ. നമുക്കത്തെന്നിട്ട് അടുത്ത ഘട്ടത്തിലേക്ക് കടക്കാം . അവൻ സമ്മതിച്ചുകൊണ്ടു പറഞ്ഞു  പറഞ്ഞു \”ഇത് നിന്റെ സിനിമയാണ് വിഷ്ണു.\” 

ഒരുപക്ഷേ ഇപ്പൊ തോന്നുന്നൊരു ചൂട് നാളെ തോന്നത്തില്ലായിരിക്കാം. എന്നിരുന്നാൽ കൂടി ഇപ്പൊ മനസ്സിൽ എവിടെയോ പറ്റുമെന്നൊരു വിശ്വാസമുണ്ട്. ഇന്നല്ലെങ്കിൽ നാളെ.. അതുമല്ലെങ്കി എന്നെങ്കിലുമൊരു നാൾ എഴുതാൻ ഇരിക്കുമ്പോ ഞാൻ ഈ വാക്കുകൾ ഓർക്കും 

\”ബ്ലോഗ് എഴുതുന്നത് പോലെയങ്ങ് കരുതിയാൽ മതി.\” 

നന്ദി അനു! 

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page