കാലഘട്ടത്തിന്റെ മാറ്റങ്ങൾ.
- Vishnu Udayan
- Jul 20, 2019
- 2 min read
ചാറ്റൽ മഴ പെയ്യുന്ന ഒരു സന്ധ്യയിൽ പണ്ടത്തെ ദൂരദർശൻ റേഡിയോയിൽ മിഴിയോരം കേട്ട് കണ്ണുമടച്ച ഒരു ചെറു പുഞ്ചിരിയുമായി ഇരുന്ന കുട്ടികാലം ഇന്നത്തെ പിള്ളേർക്ക് പറഞ്ഞാൽ മനസിലാവത്തില്ല. ഞാനുൾപ്പടെ ഉള്ളവരുടെ ഇന്നത്തെ മഴയുള്ള സായാഹ്നം ഒരു കട്ടൻ എടുത്ത് ഫോർഗ്രൗണ്ടിൽ വെച്ചിട്ടു പെയ്യുന്ന മഴയുടെ ഫോട്ടോയും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഇട്ട് \”മൂഡ്\” എന്ന് എഴുതുന്നതാണ്. പിന്നെ അതെത്ര പേര് കണ്ടു, എത്ര പേര് കണ്ടില്ല, ആരൊക്കെ മറുപടി അയച്ചു, ആരൊക്കെ അയച്ചില്ല, വേറെ ആരൊക്കെ ഇതുപോലെ ചെയ്തിട്ടുണ്ട് എന്ന് നോക്കുന്നതിലാണ് സുഖവും ആനന്ദവും കാണുന്നത്. പച്ച മലയാളത്തിൽ പറഞ്ഞാൽ, തൊഴിലിലായ്മയുടെ മൂർത്തീഭാവങ്ങൾ.
പറഞ്ഞു വരുന്നത് പണ്ടത്തേയും ഇന്നത്തെയും ജീവിത രീതിയിൽ എത്ര വ്യത്യാസമുണ്ട് എന്നതല്ല. പക്ഷേ ഇതുമായിട്ട് ചെറിയ ബന്ധമുള്ള വേറെയൊരു കാര്യമാണ്. പ്രണയം. ഇനി പ്രണയം എന്ന് കേട്ടത് കൊണ്ട് ബാക്കി വായിക്കാതെ, \”ഇവന് പ്രാന്താണ്\” എന്ന് മുൻവിധിക്കരുത്. വായിക്കണം.
4 വർഷങ്ങൾക് മുമ്പാണ്. ഇന്ന് നിങ്ങൾക് മുമ്പിൽ സങ്കർദാസും ഇക്രൂവുമൊക്കെയായി നിറഞ്ഞു വാഴുന്ന ഫാഹിം അന്ന് എന്തിനോ വേണ്ടി നിയമം പഠിക്കുന്ന ഫാഹിം മാത്രമായിരുന്നു. കൊച്ചിയിലേക്കുള്ള അനേകം ട്രെയിൻ യാത്രകളിൽ പരസ്പരം പറഞ്ഞിട്ടുള്ള പൊട്ട കഥകളിൽ ഒരെണ്ണം ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ഒരുപക്ഷെ ഇതൊരു ജീവിതാനുഭവം കൂടിയാണ് എന്നത്കൊണ്ടായിരിക്കാം. എന്റെയോ അവന്റെയോ അല്ല.. മറിച്ചു വേറെ ആരുടെയോ..
പണ്ടൊക്കെ ഒരു പെണ്ണിനൊരു ലവ് ലെറ്റർ കൊടുക്കേണമെങ്കിൽ തട്ടത്തിൻ തട്ടത്തിൻ മറയത്തിലെയും തമാശയിലുമൊക്കെ കണ്ടത് പോലെ കുറെ സാഹിത്യം എഴുതി കഷ്ടപെടണം. എന്നിട്ട് അത് മറ്റാരും കാണാതെ അവളിൽ എത്തിക്കണം. ആരെങ്കിലും കണ്ടാൽ നമ്മുടെ ഇമേജ് പോകുമല്ലോ, ഏത്? ആഹ്, അപ്പൊ പെണ്ണിന് കത്ത് എത്തിക്കണം. അതിനു ശേഷം അവളതു ഷാളിന്റെയോ ബുക്കിന്റെയോ ഇടയിൽ ആരും കാണാതെ വെച്ച് അടച്ചിട്ട മുറിയിൽ അമ്മയോ അച്ഛനോ ചേട്ടനോ ഇപ്പൊ കോട്ടും എന്ന ഭയം ഉള്ളിൽ ഒളിപ്പിച്ചു മെല്ലെ കീറാതെ പൊട്ടിച്ചു വായിക്കണം. ഇനി അതിൽ എഴുതിയെക്കുന്നത് മനസ്സിലായില്ലെങ്കിൽ കൂടി \”ഇവനെന്ത് തേങ്ങയാടാ ഈ എഴുതിയിരിക്കുന്നത്\” എന്ന് ആലോചിക്കാൻ പാടില്ല. കാരണം ദിവ്യ പ്രണയമല്ലേ. എല്ലാം മനസ്സിലാവുന്നുണ്ട് എന്നൊരു മുഖഭാവം ആരും കാണുന്നില്ലെങ്കിൽ കൂടെ മുഖത്തു വരുത്തണം. എന്നിട്ടു അത് മെല്ലെ നെഞ്ചോടു ചേർത്ത് പിടിച്ചു കട്ടിലിൽ കിടക്കണം. അപ്പൊ എവിടെ നിന്നോ ഒരു പാട്ട് കേൾക്കും .. \”മിഴിയറിയാതെ വന്നു നീ..\”
ഡും ഡും ഡും
ദേ കതകിൽ ആരോ മുട്ടുന്നു. ചാടി എഴുനേറ്റു, വിയർപ്പ് തുടച്ചിട്ട് കത്ത് എവിടെങ്കിലും ഒളിപ്പിക്കണം. അതിനിടയിൽ \”നീ അവിടെ എന്ത് എടുക്കുവാടി\” എന്ന ചോദ്യം 2 – 3 തവണ കേൾക്കണം. വാതിൽ തുറന്നു അതിനുള്ള ഉത്തരം കൊടുത്താലും സംശയത്തിന്റെ തീക്ഷണതയുള്ള നോട്ടം തന്നിലേക്ക് ചായ്‌ന്നിറങ്ങുന്നത് ആ പെണ്ണ് അനുഭവിച്ചേ പറ്റു.
ഇനി നമുക്കൊന്ന് ഇന്നത്തെ കാലത്താണെങ്കിലുള്ള അവസ്ഥ നോക്കാം. കത്ത് എഴുതേണ്ട ആവശ്യമില്ല. എഴുതാനുള്ള സാഹിത്യമൊക്കെ ഫേസ്ബുക്കിൽ കിട്ടും. അതെടുത്തു കോപ്പി പേസ്റ്റ് ചെയ്യുക.
one tick two tick blue tick
ശുഭം.
ഞാനൊക്കെ ജീവിക്കുന്ന കാലഘട്ടം ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ളതാണെന് തോന്നിയിട്ടുണ്ട്. കത്തുകൾ കൈമാറിയുള്ള പ്രണയം സ്കൂളിൽ കണ്ടിട്ടുണ്ടെങ്കിലും അതിലുപരി അധ്യാപകർ കാണാതെ ഏതെങ്കിലും മരത്തിന്റെയോ മതിലിന്റെയോ മറവിൽ നിന്ന് സംസാരിക്കുന്നതാണ് കൂടുതൽ രസകരം. പിന്നെ ക്ലാസ്സുകളിൽ കണ്ണുകൾ കൊണ്ടുള്ള സംസാരമുണ്ട്. ശിവനേ! കൃഷ്ണമണിയുടെ ഒരു ചെറിയ അനക്കംപോലും സൂക്ഷ്മമായി കാണാനുള്ള കഴിവും, അതിന്റെ അർഥം എന്താണെന്നും എങ്ങനെയോ ഇവർക്ക് മനസിലാവും. അതൊക്കെയാണ് ശരിക്കും ശാശ്ത്രജ്ഞമാർ ഗവേഷണ വിഷയമായി എടുക്കേണ്ടത്.
ബെഞ്ചിൽ പെൻസിൽകൊണ്ടും പേനകൊണ്ടും പരസ്പരം പേര് എഴുതുന്നതും, അധ്യാപകർ തന്റെ കാമുകന്റെ, അല്ലെങ്കി കാമുകിയുടെ മെക്കിട്ട് കേറുമ്പോൾ ക്ലാസ് മുഴുവൻ തിരിഞ്ഞു തന്നെ നോക്കുന്നതും.. ഹോ.. ഇതൊന്നും ഞാൻ അനുഭവിച്ചിട്ടില്ലെങ്കിലും വേണ്ടുവോളം കണ്ടിട്ടുണ്ട്. എന്താ അല്ലെ.!
പിന്നെ വാട്ട്സാപ്പ് വന്നതിനു ശേഷം, ഗൂഗിളിൽ തിരഞ്ഞാണ് നമ്മൾ ഓരോ വാക്യങ്ങൾ കണ്ടു പിടിച്ചു അയക്കുന്നത്. അതുമൊരു പിടിപ്പത് പണിയാണ്. ഇന്നത്തെ പോലെ അയച്ച മെസ്സേജ് മായ്ച്ചുകളയാനുള്ള സൗകര്യവും സുക്കറണ്ണൻ അന്ന് കണ്ടു പിടിച്ചില്ല.
ഇതൊക്കെ കൊണ്ടാണ് ഞാൻ പറഞ്ഞത്, ഞാനുൾപ്പെട്ട തലമുറ രണ്ടു അങ്ങേയറ്റ വ്യത്യസ്ത ജീവിതരീതിയുടെ ഇടയിൽപെട്ടതാണ്. ഉറപ്പ്.





Comments