അമ്പിളി നിലാവ്.
- Vishnu Udayan
- Aug 10, 2019
- 1 min read
അമ്പിളി കാണാത്തവർ തുടർന്ന് വായിക്കരുത്.
പ്രണയം. സ്നേഹം. എന്തൊരു സുഖമുള്ള അനുഭവമാണ് ഇവരണ്ടും. പ്രണയം നമുക്ക് പരിമിതമായി കിട്ടുമ്പോൾ, സ്നേഹം ഒരുപാട് കിട്ടാൻ സാധ്യതയുള്ള അനുഭൂതിയാണ്. രണ്ടും ഒന്നാണ് എന്നൊക്കെ വാദിക്കാം. എങ്കിലും പ്രണയം, അത് മറ്റൊരു സുഖമാണ്. പ്രണയത്തിനു മാത്രം തരാൻ കഴിയുന്ന വാക്കുക്കൾക്കതീതമായൊരു സുഖം.
അമ്പിളിയിൽ പ്രണയവും സ്നേഹവും എന്താണെന്ന് വളരെ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. ടീനയുടെ മുറിയിൽ ബൾബ് മാറ്റാൻ കേറുന്ന അമ്പിളിയുടെ മനസ്സിലുള്ള അവളുടെ ഓർമ്മകളും അവൾക്ക് മാത്രം അവനിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പ്രഭാവലയവും ഇതിലും നന്നായി മറ്റാർക്കും കാണിക്കാൻ കഴിയില്ല. ഉറപ്പിക്കാമത്. മലയാള സിനിമയിൽ എന്നല്ല, ഞാൻ കണ്ടിട്ടുള്ള സിനിമകളിൽ എനിക്കേറ്റവും പ്രിയപ്പെട്ട സീനുകളിൽ മുകളിൽ നിൽക്കുന്നത് ഇനി മുതൽ ഇതാവും. അമ്പിളിയുടെ ഉള്ളിലെ പ്രണയം കാഴ്ചക്കാരൻ എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും അസൂയ ഉണ്ടാക്കിയ ഒന്നാണ്. അവനെത്രത്തോളം പ്രണയിക്കുന്നോ അത്രേം തന്നെ ടീനയിൽ നിന്നും തിരിച്ചവനത് കിട്ടുന്നു. ആ പ്രണയമാണ് അവനെ മുന്നോട്ട് ജീവിപ്പിക്കുന്നത്. അവനെ മുന്നോട്ടു നടത്തിക്കുന്നത്.
ഇനി സ്നേഹം. അമ്പിളിയെ കാണാതെ കുറിയാച്ചൻ ബോബ്ബിനെ വിളിച്ചു സംസാരിക്കുമ്പോൾ നാം കാണുന്നത് – അല്ല – തൊട്ടറിയുന്നത് കലർപ്പില്ലാത്ത സ്നേഹമാണ്. അടുത്ത സുഹൃത്തിന്റെ മോൻ എന്നതിലുപരി അമ്പിളി കുറിയാച്ചനു സ്വന്തം മോൻ തന്നെയായിരുന്നു. ബോബി മർദിച്ച അമ്പിളിയെ ടീനയോടൊപ്പം വന്നു കാണാൻ ആ അപ്പന് ഒരു മടിയുമില്ലായിരുന്നു. അത് മകളുടെ ഇഷ്ടത്തിന് വേണ്ടി മാത്രമല്ല, ആ മനുഷ്യന് അറിയണമായിരിന്നു അമ്പിളിക്ക് സുഖമാണോ എന്ന്.
പ്രണയവും സ്നേഹവും കൂടിക്കലർന്ന വളരെ മികച്ചൊരു അനുഭൂതിയാണ് അമ്പിളി സമ്മാനിക്കുന്നത്. ഒരു പക്ഷേ മലയാള സിനിമയിൽ ഇന്നോളം വന്നതിൽ കളങ്കമില്ലാത്ത പ്രണയം പറഞ്ഞ ഏറ്റവും മികച്ച സിനിമ.
ജോൺ പോൾ, താങ്കളോട് അസൂയയാണ്. അഗാധമായി, ആത്മാർത്ഥമായി സിനിമയെ പ്രണയിക്കുന്നവർക്ക് മാത്രമേ അമ്പിളി പോലൊരു സിനിമ സാക്ഷാത്കരിക്കാൻ കഴിയു. അഭിനന്ദനങ്ങൾ എന്ന വാക്കിൽ ഒതുക്കാൻ കഴിയുന്നതല്ല ജോൺ, താങ്കളോടുള്ള നന്ദിയും സന്തോഷവും.
തിരിച്ചു കിട്ടാത്ത പ്രണയവും സ്നേഹവും എന്നുമൊരു നൊമ്പരമാണ്. എത്രത്തോളം നാം പ്രശ്നമല്ല എന്ന് പറഞ്ഞാലും, അതൊരു നഷ്ടമാണ്. മനുഷ്യന് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും വല്യ നഷ്ടങ്ങളിൽ ഒന്ന്.
ഇതെഴുതി മുഴുവിപ്പിക്കുമ്പോൾ പോലും മനസ്സിൽ വരുന്ന വാക്കുകൾ മുഴുവനായി എഴുതാൻ കഴിയാത്ത നിരാശയുണ്ട്. അത്രത്തോളം ഈ സിനിമയെ പറ്റിയും അമ്പിളിയുടെയും ടീനയുടെയും പ്രണയത്തെ പറ്റിയും എനിക്ക് സംസാരിക്കാനുണ്ട്. സന്തോഷത്തോടെ കണ്ണ് നിറയിപ്പിക്കുന്ന അനുഭൂതി പ്രണയത്തിനുണ്ടെന്നു ഈ സിനിമയിലൂടെയാണ് മനസിലാകുന്നത്.





Comments