കുടുംബവും ബന്ധുക്കളും
Updated: Jan 3, 2022
സോഷ്യൽ മീഡിയയിൽ ട്രോളുകളും മറ്റും തുടങ്ങിയ കാലഘട്ടത്തിൽ ഏറ്റവും അധികം ആക്ഷേപഹാസ്യത്തിനു പാത്രമായത് ബന്ധുക്കളാണ്. അവരുടെ ചില സംസാരങ്ങളാണ്. ഇപ്പോഴും അതൊക്കെ നല്ല രീതിയിൽ വരുന്നുണ്ട്. ബാംഗ്ലൂർ ഡേയ്സ് സിനിമയിൽ പറയുന്നത് പോലെ, ഒരു കുഞ്ഞിന്റെ ജനനം മുതൽ മരണം വരെ ബന്ധുക്കളുടെ പലതരം ചോദ്യങ്ങൾ നേരിടണം.
കുടുംബവും ബന്ധുക്കളും തമ്മിലുള്ള വിത്യാസമെന്താണെന്ന് എനിക്ക് പണ്ടൊന്നും അറിയില്ലായിരുന്നു. പക്ഷേ കാലക്രമേണ അർഥം മനസിലാക്കി വന്നു. ഇതെന്റെ മാത്രം വ്യാഖാനമാണ്.
കുടുംബമെന്ന് പറഞ്ഞാൽ നമ്മുടെ കുറവുകളും മനസിലാക്കി കൂടെ നിൽക്കുന്നവർ, അതിലാണ് മിക്കവാറും മാതാപിതാക്കളും സഹോദരങ്ങളും സഹോദരതുല്യരും ഭാര്യ-ഭർത്താക്കന്മാരും ഉൾപ്പെടുക. ഇനി ബന്ധുക്കളെന്ന് പറഞ്ഞാൽ നമ്മുടെ നല്ല കാലത്ത് "അയ്യോ അവനെന്റെ ബന്ധുവാണ്, എന്റെ തോളിൽ കിടന്ന വളർന്നത്" എന്ന് വീമ്പ് പറയുകയും മോശം സമയത്ത് "അല്ലെങ്കിലും അവനിച്ചിരി അഹങ്കാരം കൂടുതലാ" എന്ന് തിരിഞ്ഞു നിന്ന് പറയുന്നവരുമാണ്.
ഒരു അനുഭവം പറയാം. ജാതിമാറി കല്യാണം കഴിച്ചതിനാൽ വര്ഷങ്ങളോളം മിണ്ടാതിരുന്ന ഒരു കുടുംബത്തിന്റെ ഉള്ളിലെ രണ്ടു വ്യത്യസ്ത വീടുകൾ. അതിൽ ഒരു വീട്ടിലെ കുട്ടി സിനിമയിലോട്ട് ഇറങ്ങി അത്യാവശ്യം പേരൊക്കെ ഉണ്ടാക്കി. ഇത്രേം നാൾ തിരിഞ്ഞു പോലും നോക്കാത്ത മറ്റേ വീട്ടിലെ ആൾക്കാർ ഇപ്പോൾ സ്ഥിരമായി സോഷ്യൽ മീഡിയയിൽ commentum പിന്നെ നാട്ടുകാരോട് മുഴുവൻ "അയ്യോ അതെന്റെ മോളാണ്" എന്ന് അഭിമാനത്തോടെ പറയുന്നുണ്ട്. തമാശയെന്തെന്നാൽ ആദ്യം പറഞ്ഞ പെൺകുട്ടി ജീവിതത്തിൽ ഇത്രേം നാളായിട്ട് തനിക്കിങ്ങനെയൊരു ബന്ധുവുണ്ടെന്ന് അറിഞ്ഞിട്ടില്ല!
ബന്ധുക്കൾ കണ്ണുകടി കൂടുതലുള്ള കൂട്ടരാണ് മിക്കവാറും. അവർക്ക് അവരുടെ മക്കളെക്കാൾ മേലെ ആരും പോകുന്നത് ഇഷ്ടമല്ല. അതിപ്പോ സ്വന്തം സഹോദരങ്ങളുടെ മക്കളാണെങ്കിൽ കൂടെ!
പരിചയത്തിലുള്ള രണ്ടു സഹോദരിമാരുണ്ട്. ഒരാളുടെ മൂത്തമോൻ ഡെന്റിസ്റ് ആയപ്പോൾ, മറ്റേ ആളുടെ മൂത്ത മോനെയും ഡെന്റിസ്റ് ആകാൻ പറഞ്ഞു വിട്ടു. രണ്ടാമത്തെയാൾ എഞ്ചിനീറിങ്ങിലേക്ക് തിരിഞ്ഞപ്പോൾ അപ്പുറത്തെയും രണ്ടാമത്തെയാൾ എഞ്ചിനീറിങ്ങിലേക്ക് തന്നെ പോയി. ഇതൊക്കെ ആ പിള്ളേർക്കും ഇഷ്ടപെട്ടിടാനോ അല്ലയോ എന്നൊക്കെ ആർക്കറിയാം! കല്യാണത്തിലേക്ക് വന്നപ്പോഴും ഇങ്ങനെയൊക്കെ ആയിരിന്നു. പേരിന്റെ ആദ്യാക്ഷരം ഒന്നായി വരുന്ന പെൺപിള്ളേരെ തന്നെ തിരഞ്ഞുപിടിച്ച് കല്യാണം കഴിപ്പിച്ചു വിട്ടു.
പറയുമ്പോൾ തമാശയൊക്കെയായിട്ട് തോന്നുമെങ്കിലും ഇത് കടുത്ത അനാരോഗ്യകരമായ പ്രവർത്തനമാണ്. ഈ കണ്ണുകടിയുടെ ഇരയാകുന്നത് സത്യത്തിൽ അടുത്ത തലമുറയാണ്. അവർ ജനിക്കുമ്പോൾ മുതൽ അവർ പോലും അറിയാതെ അവർ മറ്റാരുടെയോ ചതുരംഗക്കളിയിലെ പടയാളികളാണ്. എന്തിനാണ് ഇങ്ങനെ?
രണ്ടു മാസം മുന്നേ എഴുതിയ ടോക്സിക് ബന്ധങ്ങളെ പറ്റിയുള്ള ലേഖനത്തിൽ ഞാൻ കുടുംബത്തിൽ നിന്നുമുള്ള ഇത്തരം ടോക്സിസിറ്റി പരാമർശിച്ചിട്ടില്ല. അതിൽ ഇപ്പൊ ചെറുതായി ഖേദിക്കുന്നുണ്ട്. പ്രണയത്തിൽ മാത്രമല്ല വീടുകളിലും കുടുംബങ്ങളിലും ഇതുപോലത്തെ കടുത്ത ടോക്സിസിറ്റി നിലനിൽക്കുന്നുണ്ട്. സിനിമകളിൽ മാത്രമല്ല, കുടുംബത്തിൽ പെട്ടവർക്ക് വരുന്ന കല്യാണാലോചനകളും ജോലി വാഗ്ദാനങ്ങളും മറ്റും മുടക്കുന്ന പ്രവണത കൂടിവരുന്ന ബന്ധുസമൂഹം നമുക്ക് ചുറ്റുമുണ്ട്.
Society begins at home എന്നാണല്ലോ പറയാറ്. നമ്മൾ സമൂഹത്തിന്റെ തിന്മകളെയും അനാരോഗ്യ പ്രവണതകളും കുറ്റപ്പെടുത്തുമ്പോൾ പലപ്പോഴും നമ്മുടെ രക്തബന്ധത്തിലുള്ളവരുടെ ഇത്തരം കാഴ്ചപാടുകൾ കണ്ടില്ലാന്നു നടിക്കും. അല്ലെങ്കിൽ പെട്ടന്ന് ശ്രദ്ധിക്കില്ല. കാരണം ആത്യന്തികമായി അവർ നമ്മുടെ ബന്ധുക്കളാണല്ലോ!


Comments