top of page

മലനിരകളിലൂടെ ഒരു യാത്രയും, പിന്നെ ഒരു അമ്മയും.

  • Jul 10, 2021
  • 2 min read



ഒരു യാത്ര പോയി. അടച്ച് പൂട്ടി വീട്ടിൽ ഇരുന്ന കൊറോണ കാലത്ത്, മനസ്സ് മരവിച്ച് തുടങ്ങിയിരുന്നു. ചെയ്യ്ത് തീർക്കേണ്ട ജോലികൾ മര്യാദക് ആലോചിക്കാൻ പോലും പറ്റാത്തൊരു കാലമായി പോയി രണ്ടാം അടച്ച് പൂട്ടൽ. ഒരു അവസരം ഒത്ത് വന്നപ്പോൾ, ഒന്നും നോക്കിയില്ല, ഇറങ്ങി തിരിച്ചു. ഇടുക്കിയുടെ മലനിരകളിലൂടെയൊരു രണ്ടു ദിന യാത്ര.


മൂന്നാർ പോയി തിരിച്ച് വരാൻ ഇറങ്ങിപ്പുറപ്പെട്ട യാത്ര പക്ഷേ അവസാനിച്ചത് പരുന്തുംപാറയിലാണ്. ആ സ്ഥലവുമായിയുള്ള ബന്ധം ഞാൻ മുമ്പ് എഴുതിയിട്ടുണ്ടല്ലോ. ഇത്തവണ പക്ഷേ പോയപ്പോൾ മനസ്സിൽ വേറൊരു വികാരമായിരുന്നു. എന്തോ തേടി അലയുന്ന മഞ്ഞുപോലെ കണ്ണുകൾ ആരെയോ തേടി പാഞ്ഞു. കേട്ട് മറന്ന പാട്ടുകളൊരുപാട് മനസിലേക്ക് വന്നു. മഞ്ഞ് മൂടിയ പ്രകൃതിയിലേക്ക് ഇമവെട്ടാതെ നോക്കി ഇരുന്നു. ഇടയ്ക്ക് കണ്ണുകൾ താനേ അടഞ്ഞു.


കുറച്ച് കാവ്യാത്മകമായി പോയോ? ശരി, ഇത് ഇവിടെ നിർത്താം.


ഏഴെട്ട് മാസങ്ങൾക്ക് മുമ്പ് ഞാനൊരു ബ്ലോഗ് എഴുതിയിരുന്നു നന്മ നിറഞ്ഞ വാക്കുകളെന്ന തലകെട്ടിൽ. അത് ഒരു സുഹൃത്തിന്റെ കൊച്ചച്ചനെ പറ്റിയായിരുന്നു. വായിച്ചവർക്ക് ഓർമ്മയുണ്ടാകും. ഇത്തവണത്തെ യാത്രയിൽ അതുപോലൊരു വ്യക്തിയെ വീണ്ടും കാണാൻ കഴിഞ്ഞു. ഇന്ത്യൻ റുപ്പീ സിനിമയിൽ തിലകൻ പറയുന്നത് പോലെ, വിശന്നു തളർന്നു കയറി ചെന്ന നമുക്ക് അറിഞ്ഞ് ആഹാരം വിളമ്പിയ ഒരു 'അമ്മ.


സുഹൃത്തിന്റെ സുഹൃത്തിന്റെ വീട്ടിലാണ് സംഭവം നടന്നത്. ലോക്ക്ടൗൺ ഒക്കെ കഴിഞ്ഞ് വരുന്ന നാട്ടിൽ യാത്രക്കിടയിൽ ഭക്ഷണം കിട്ടുക എന്നതൊരു കടമ്പയാണ്. കടകൾ ഒന്നും തന്നെ തുറന്നിട്ടില്ല. ഉണ്ടെങ്കിൽ തന്നെ പാർസൽ വാങ്ങി കാറിൽ ഇരുന്നു കഴിക്കണം. ഹൈ റേഞ്ച് റോഡരികളിലെ തട്ടുകടയിലെ ഭക്ഷണം കഴിക്കാൻ ചെറിയ ഒരു പേടിയുമുണ്ട്. അങ്ങനെ രാവിലത്തെ ഭക്ഷണം മാത്രം കഴിച്ച് ഏകദേശം ആറേഴ് മണിക്കൂർ ഒരേ യാത്ര. അതിനിടയിലാണ് കൂടെയുള്ള സുഹൃത്ത്, അവളുടെ ഒരു അടുത്ത സുഹൃത്ത് പീരുമേടിന് അടുത്ത് താമസമുണ്ടെന്ന് പറഞ്ഞത്. എങ്കിൽ ശരി, എന്തായാലും വന്നതല്ലേ, നമുക്കൊന്ന് കണ്ടേക്കാം എന്ന് കരുതി. അവർ തമ്മിൽ കണ്ടിട്ടും ഏകദേശം രണ്ടു വർഷത്തിന്മേൽ ആയിരിക്കിന്നു.


വീട്ടിൽ ചെന്ന നമ്മുടെ മുഖം കണ്ടിട്ടാണോ അതോ കൊണ്ട് വെച്ച ചിപ്സ് തിന്നുന്ന ആക്രാന്തം കണ്ടിട്ടാണോ എന്നറിയില്ല, അവിടത്തെ 'അമ്മ ചോദിച്ചു ദോശ ഉണ്ടാക്കി തരട്ടെയെന്ന്. വേണമെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും മോശമല്ലേ, ഒരു വീട്ടിൽ ആദ്യമായി ചെന്ന് കയറിയ ഉടൻ വിശക്കുന്നെ എന്ന് പറയുന്നത്? അത് കൊണ്ട് വേണ്ട എന്ന് പറഞ്ഞു. പക്ഷേ ഒരു നല്ല അമ്മയ്ക്ക് മകളുടെ പ്രായമുള്ള മറ്റുള്ളവർ വിശക്കുന്നത് കാണുമ്പോൾ മനസിലാകും. അങ്ങനെ നല്ല ചൂട് ദോശ ചുട്ട് തന്നു. ഇടുക്കികാരുടെ ആതിഥ്യ മര്യാദയുടെ ഭാഗമാണല്ലോ, അവരാൽ കഴിയുന്ന ആഹാരം വിരുന്നുകാർക്ക് കൊടുക്കുക എന്നത്. (ഇടുക്കിയിൽ മാത്രമല്ല എന്നറിയാം, പക്ഷേ കേട്ടിട്ടുണ്ട് അവരുടെ ആൾക്കാരുടെ സ്നേഹത്തെപ്പറ്റി.)


അങ്ങനെ ദോശ ഒക്കെ കഴിച്ച് നല്ല കടുകാപ്പിയും കുടിച്ച് ഇരിക്കുമ്പോഴാണ് ആ അമ്മയുമായി സംസാരം തുടങ്ങിയത്. ഒരുപാട് ഹ്രസ്വ ചിത്രങ്ങൾ കാണുന്ന, സിനിമയിൽ കാണുന്നതിനേക്കാൾ ഒരുപാട് കഥകൾ ഹ്രസ്വ ചിത്രങ്ങളിൽ ഉണ്ടെന്ന് പറയുന്ന ഒരു കുടുംബനാഥ. അധികമൊന്നും അതുപോലെ ഉള്ളവരെ കണ്ടിട്ടില്ല. അത്ഭുതപ്പെടുത്തിയത് കനി കുസൃതിയുടെ ആരാധികയാണെന് പറഞ്ഞതാണ്. കനിയുടെ ചിത്രങ്ങൾ തേടി പിടിച്ച് കാണുമത്രെ. സദാചാരവാദികൾ വളഞ്ഞിട്ട് ആക്രമിക്കുന്ന കനി കുസൃതിയെ ഒരുപാട് ഇഷ്ടപെടുന്നൊരു 'അമ്മ ശരിക്കും അത്ഭുതപ്പെടുത്തി.


എന്റെ അപ്പുപ്പൻ മരിച്ചിട്ട് നാല് മാസങ്ങൾ കഴിഞ്ഞു. ഓർമ്മ വെച്ച നാൾ മുതൽ അപ്പുപ്പൻ പറയുന്നൊരു വാചകമുണ്ട്. നമ്മുടെ തലയുടെ മീതെ ഒരു വരയുണ്ടെന്നും അതുപോലെ കാര്യങ്ങൾ നടക്കുമെന്ന്. അപ്പുപ്പൻ പോയ ദിവസം മുതൽ മനസ്സിൽ ഞാൻ ഉരുവിടുന്ന ഒരു വാചകമുണ്ടെങ്കിൽ അത് ഇതാണ്. അതെ വാചകം ഈ അമ്മയിൽ നിന്നും കേൾക്കാനിടയായി. പെട്ടെന്ന് തലയ്ക്കടി കിട്ടിയ പോലെയാണ് തോന്നിയത്. ജീവിതത്തിൽ കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടെന്നും, അതിലൊന്നും ടെൻഷൻ അടിക്കരുതെന്നും, ആഗ്രഹിക്കുന്ന ഉയരങ്ങളിൽ എത്തുമെന്നുമൊക്കെ ആ 'അമ്മ ഘനഗാംഭീര്യത്തോടെ ആത്മവിശ്വാസത്തോടെ പറഞ്ഞു. വാക്കുകൾ ചെന്ന് തറയ്ച്ചത് നെഞ്ചിന്റെയുള്ളിലാണ്. എപ്പോഴൊക്കെയോ നഷ്ടപ്പെട്ട് പോകുന്ന ആത്മവിശ്വാസത്തിനൊരു മരുന്നായി ഈ വാക്കുകൾ മനസ്സിൽ തങ്ങും.


ഒന്നാലോചിക്കുമ്പോൾ, വളരെ ഭാഗ്യം ചെയ്യ്ത വ്യക്തിയല്ലേ എന്ന് തോന്നും ഞാൻ. കാരണം ഇതുവരെ സ്വപ്നം കണ്ട കാര്യങ്ങളിൽ ഒരുപാടൊക്കെ നടത്തി എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും കാണുന്ന സ്വപ്നങ്ങളിലേക്കുള്ള യാത്ര ശക്തമായി മുന്നോട്ട് പോകുന്നു. നേരിടുന്ന തടസങ്ങൾ ചാടി കടക്കാൻ കൂടെ ഒരുപാട് പേരുടെ പിന്തുണയുണ്ട്.


ശരിയാണ്. ഉയർച്ചകളും താഴ്ചകളും താണ്ടി തന്നെ ജീവിതം മുന്നോട്ട് പോകും. ലക്ഷ്യസ്ഥാനത്ത് എത്തും.

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page