എന്താണ് toxic ബന്ധങ്ങൾ?
- Vishnu Udayan
- Sep 29, 2021
- 2 min read

ഇന്നത്തെ ലോകത്ത് നാം എന്നും കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് toxic ബന്ധങ്ങൾ. അഥവാ ആരോഗ്യപരമല്ലാത്ത ബന്ധങ്ങൾ. എന്നാൽ എന്താണ് ഈ toxic ബന്ധങ്ങൾ എന്ന് എല്ലാവര്ക്കും ഒരേ പോലുള്ള വ്യാഖാനം നൽകാൻ കഴിയില്ല. കാരണം ഓരോത്തർക്കും ഓരോ രീതിയിലാണ് അവരുടെ ബന്ധങ്ങളിൽ toxicity അനുഭവപ്പെടുന്നത്.
ഇത്തരം ബന്ധങ്ങളുടെ ഏറ്റവും കൗതുകകരവും അപകടകരവുമായ കാര്യം, ആ ബന്ധത്തിൽ കൈമെയ്യ് മറന്നു നാം പ്രതിബദ്ധത കാട്ടുമ്പോൾ അവ നമുക്ക് ആരോഗ്യപരമാണെന്ന് തന്നെ തോന്നും. അതിന്റെ ഉള്ളിൽ നിന്നും നമ്മിലേക്ക് കുമിഞ്ഞുകൂടുന്നു toxicity നാം അറിയാറില്ല. വേറൊരു വാക്യത്തിൽ പറഞ്ഞാൽ, അസാധാരണമായ സ്വഭാവങ്ങൾ നമുക്ക് സ്വാഭാവികമായി അനുഭവപ്പെടാൻ തോന്നും.
ഈ മണ്ണിൽ വളരുന്ന എല്ലാവരിലും toxic traits കാണും. കാരണം നമ്മുടെ സമൂഹം അങ്ങനെയാണ് ചിട്ടപ്പെടുത്തിരിയിരിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനം ഒരുപക്ഷേ അതിന്റെ അളവുകൾ കുറഞ്ഞെന്ന് ഇരിക്കാം. എന്നാൽ ഇന്ന് ഇപ്പോൾ ഉറപ്പായും ഇതെഴുതുന്ന എന്റെയുള്ളിൽ പോലും ഈ toxic സ്വഭാവങ്ങൾ കാണും. കാണുമെന്നല്ല, ഉണ്ട്.
ജീവിതം മുന്നോട്ട് മാത്രം ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയാണ്. ഓരോ ദിവസവും നാം ഓരോ പുതിയ മുഖങ്ങൾ കാണുന്നു, ചിലവരെ പരിചയപ്പെടുന്നു. ഓരോ ദിവസം നമുക്ക് പുതിയ അനുഭവങ്ങൾ ഉണ്ടാകുന്നു. ആ അനുഭവങ്ങൾ നമ്മളെ ഓരോ പുതിയ പാഠങ്ങൾ പഠിപ്പിക്കുന്നു. അവയിൽ നിന്നും നാം നമുക്ക് നല്ലത് എന്ന് തോന്നുന്നവ സ്വീകരിക്കാനും ബാക്കിയുള്ളവ അവഗണിക്കുകയും എന്നാൽ അറിഞ്ഞിരിക്കുകയും വേണം.
നാം നേടുന്ന അനുഭവങ്ങളിലൂടെ നമ്മുടെയുള്ളിൽ ഉള്ള toxic traits നാം സ്വയം തിരുത്തികൊണ്ടിരിക്കും. ഉദാഹരണത്തിന് മറ്റുള്ളവർ എത്ര മണിക്ക് ഉറങ്ങണമെന്ന് നമുക്ക് തീരുമാനിക്കാൻ അധികാരമില്ല. എന്നാൽ ഈ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഒരു സമയത്തിനു അപ്പുറം പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ ഇരുന്നാൽ അവർക്ക് പ്രത്യേക ചില പേരുകൾ നൽകും. അവ ഒഴിവാക്കപ്പെടാനായി ചിലവർ അവരവുടെ കാന്താരിമാരോട് ഒരു സമയത്തിനു ശേഷം ആരോടും സംസാരിക്കണ്ട എന്ന് പറയും. എന്നാൽ സത്യത്തിൽ ഈ പറയുന്ന കലിപ്പന്മാരുടെ അരക്ഷിതാവസ്ഥയാണ് ഈ ഒരു നിലപാടിലേക്ക് അവരെ എത്തിക്കുന്നത്. കൂടെ അവർ എങ്ങനെ മറ്റുള്ളവരെ കാണുന്നു എന്നതിന്റെ ഉദാഹരണവും. ഇങ്ങനെയുള്ള നിയന്ത്രണങ്ങൾ തെറ്റാണെന്ന് മനസിലാക്കാൻ നാം ലോകം കുറച്ച് കൂടുതൽ കാണാൻ ശ്രമിച്ചാൽ മതി. നമ്മുടെ കാഴ്ചപാടുകൾ മാറും.
ഓരോ വ്യക്തിയിലും അടിസ്ഥാനപരമായ സ്വഭാവ സവിശേഷകൾ കാണും. ചിലവർ എല്ലാം വൈകാരികമായി കാണുന്നവരാവാം. മറ്റു ചിലവർ എല്ലാം കൂടുതൽ ആലോചിക്കുന്നവരാവാം. ഇത്തരം സ്വഭാവങ്ങൾ തെറ്റാണ് എന്ന് ദിവസവും ഒരാളുടെ മുഖത്ത് നോക്കി പറഞ്ഞുകൊണ്ടിരുന്നത് അത് കേൾക്കുന്ന ആളുടെ ഉള്ളിൽ ഉരുണ്ടുകൂട്ടുന്ന അരക്ഷിതാവസ്ഥ അതിഭീകരമാണ്. ഇത് പറയുന്നതുമൊരു toxic ട്രൈറ്റാണ്. വൈകാരികമായി കാര്യങ്ങൾ എടുക്കുന്നവരെ പറഞ്ഞ് മനസിലാക്കികൊടുക്കാൻ ശ്രമിക്കാം. അവരുടെയുള്ളിലെ നന്മകളെ അവരുടെ അതിവൈകാരികതമൂലം പുറത്ത് കാണാതെ ഇരിക്കുന്നതിനെ പറ്റി സംസാരിച്ച് മനസിലാക്കി കൊടുക്കാൻ പരിശ്രമിക്കാം. എന്നാൽ എന്നും രാവിലെ വെള്ളംകുടിക്കുന്നത് പോലെ "you are too emotional" എന്ന് പറയാൻ പാടില്ല. അവ ആരോഗ്യപരമായ പ്രവണതയല്ല.
മറ്റുള്ളവരുടെ ഉള്ളിൽ തനിക്ക് ഇഷ്ടമല്ലാത്ത സ്വഭാവം ഉണ്ടെങ്കിൽ ഒന്നെങ്കിൽ കുറ്റപ്പെടുത്താതെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വഴി മാറി നടക്കുക.
മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശകൾ പറയുന്നതും ഒരു toxic ട്രൈറ്റാണ്. What is not a joke എന്നത് ഓരോ ആൾക്കാരിലും ഓരോ വ്യാഖാനമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. താരതമ്യം ചെയ്യുന്നതും കുറവുകളെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും ഒരിക്കലും തമാശയല്ല. അവയെ എത്ര സാധൂകരിക്കാൻ ശ്രമിച്ചാലും അതൊരു തമാശയായി മാറുന്നില്ല.
ഇങ്ങനെ നമ്മുടെ ജീവിതത്തിലെ എത്രയോ ലഘുവായ കാര്യങ്ങൾ നാം തമാശയുടെ പേരിൽ പറഞ്ഞ് ചിരിക്കുന്നു. പണ്ടത്തെ സിനിമകളിലെ നാം ചിരിച്ച പല തമാശകളും അവ ക്രൂരമായ പരിഹാസ്യങ്ങളാണെന്ന തിരിച്ചറിവിലൂടെ കടന്ന് പോകുന്ന കാലമാണിത്. ആ കാലത്തിനൊത്ത് നമ്മളും വളരണം. വളർച്ച കൈവരിക്കണം. അല്ലെങ്കിൽ നൂറ്റാണ്ടുകളുടെ വ്യത്യാസം പ്രകടമായി നമ്മളിൽ നിഴലിക്കും.
എല്ലാവര്ക്കും അവരവരുടെ ജീവിതം അവർക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാനുളള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നമ്മൾ ചർച്ച ചെയ്യുന്ന ഏറ്റവും വല്യ toxicity. ഒരു പ്രണയബന്ധത്തിൽ കാമുകിയോട് സംസാരിക്കുന്ന സമയം എല്ലായ്‌പോഴും വേറെ ആരോടും സംസാരിക്കരുത് എന്ന് വാശിപിടിക്കാൻ ആ കുട്ടിക്ക് ഒരു അധികാരവുമില്ല. എന്നാൽ കാമുകന് അവർക്ക് സ്വകാര്യമായ ജീവിതമുണ്ടെന്ന ബോധവും വേണം. ഒരു പരസ്പര ധാരണയും ബഹുമാനവുമൊക്കെ അത്യാവശ്യമാണ്.
നാം വരയ്ക്കുന്ന വട്ടത്തിനുള്ളിൽ നമ്മുടെ കൂടെയുള്ളവർ ജീവിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഒരു അർത്ഥത്തിൽ toxicity .
Everyone needs attention. Everyone needs a private space. Respect it. Give it. Take it.
പിന്നെ toxicity എന്നത് പ്രണയബന്ധങ്ങളിൽ മാത്രം കാണുന്ന ഒന്നായി തെറ്റിദ്ധരിക്കരുത്. സൗഹൃദങ്ങൾക്കിടയിലും കുടുംബത്തിലും മാതാപിതാക്കൾക്കിടയിലുമൊക്കെ കാണാൻ സാധ്യതയുള്ള ഒന്നാണ്. അവ നാം തിരുത്താൻ തയ്യാറാവാൻ ആദ്യം വേണ്ടത് ഉൾകൊള്ളലാണ്. അഥവാ acceptance. നമ്മുടെ ഉള്ളിൽ എന്തോ അസാധാരണമായ ഒന്നുണ്ട് എന്ന് നമ്മൾ സമ്മതിച്ചാൽ, മനസിലാക്കിയാൽ, നമുക്ക് വേഗം മാറാൻ കഴിയും.
toxicity ഇല്ലാത്ത സമൂഹവും ലോകവുമൊക്കെ നമുക്ക് ആഗ്രഹിക്കാൻ മാത്രമേ കഴിയു. അവ ഈ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ നാം കൂടുതൽ അറിവ് നേടുന്നതിനോടൊപ്പം ലോകം കാണാൻ ശ്രമിച്ചാൽ, വിശാലമായ കാഴ്ചപാട് കൈവരിക്കാൻ പരിശ്രമിച്ചാൽ, ഈ ലോകത്തെ toxicity യുടെ അളവുകൾ ഗണ്യമായി കുറയ്ക്കുവാൻ സാധിക്കും.





Well written. ❤️