ഓർക്കുക, മനുഷ്യരാണ്. മാന്ത്രികരല്ല. ദൈവവുമല്ല!
- Vishnu Udayan
- Jun 26, 2021
- 2 min read
Updated: Jun 29, 2021

ഡോക്ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങളെ പറ്റി രണ്ടു തവണ ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. ഒന്ന് 2019 യിലും പിന്നെ കുറച്ച് മാസങ്ങൾക്ക് മുമ്പും. വീണ്ടും വീണ്ടും എഴുതേണ്ടി വരുന്നതിൽ ദുഖമുണ്ട്.
കഴിഞ്ഞദിവസം ആസ്സാമിൽ ഒരു ഡോക്ടറെ മർദ്ധിക്കുന്നതിന്റെ ക്രൂരമായ ദൃശ്യങ്ങൾ കണ്ടിരുന്നു . ആദ്യം ഞാൻ കരുതിയത് ഇത് പണ്ടത്തെ സംഭവമാണെന്ന്. പക്ഷേ പിന്നീടാണ് മനസ്സിലായത് ഇത് പുതിയ സംഭവവികാസമാണെന്! ഇതിൽ ഏറ്റവും എന്നെ അത്ഭുതപ്പെടുത്തുന്നത്, സാധാരണ ജനങ്ങൾ എന്ത്കൊണ്ട് ഇതിനെതിരെ പ്രതികരിക്കുന്നില്ലായെന്നാണ്. സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയങ്ങളിലും ഘോരം ഘോരമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരൊറ്റ എണ്ണംപോലും ഡോക്ടര്മാര്ക്കെതിരെയുള്ള ഈ വൃത്തികെട്ട ക്രൂരമായ പ്രവണതയെ പറ്റി സംസാരിച്ച് കണ്ടില്ല.
അങ്ങനെ ആലോചിച്ചിരുന്നപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് കണ്ടത്. ഒരു ഡോക്ടറുടെ സുഹൃത്താണെന് തോന്നുന്നു ഈ ഒരു വിഷയത്തിൽ പ്രതികരിച്ചത്. ഡോക്ടർമാർ പൈസ ഒരുപാട് മേടിക്കാറുണ്ടെന്നും അതുകൊണ്ട് രക്ഷിച്ചില്ലെങ്കിൽ ഇതൊക്കെ നേരിടേണ്ടിവരുമെന്നൊക്കെയാണ് പറഞ്ഞിരിക്കുന്നതിന്റെ ധ്വനി. എന്ത് വൃത്തികേടാണ് മനുഷ്യ നിങ്ങളുടെ ചിന്തകൾ?! കണ്ണിൽച്ചോരയില്ലാത്ത നിങ്ങൾ പോലും ഒരു അസുഖം വന്നു ഡോക്ടറുടെ അടുത്ത് പോകുമ്പോൾ നിങ്ങൾ ഇങ്ങനെ സംസാരിച്ച ആളാണ് എന്ന് കരുതി പ്രതികാരം ചെയ്യത്തില്ല. മറിച്ച് അവർ അവരുടെ കഴിവിനാൽ നിങ്ങളെ ചികിൽസിക്കും അതാണ് ഒരു ഡോക്ടർ.
പതതാം ക്ലാസ് കഴിഞ്ഞയുടൻ തുടങ്ങുന്ന എൻട്രൻസിന്റെ കഷ്ടപ്പാടുകളും അതിനു ശേഷമുള്ള അഞ്ചു വർഷത്തെ അതി കഠിനമായ പഠിത്തവുമൊക്കെ കഴിഞ്ഞാൽ മാത്രം പോരാ. ശേഷം ജൂനിയർ ഡോക്ടർസായി സീനിയർ ഡോക്ടര്സിന്റെ ഈഗോ ഒക്കെ നേരിട്ട്, രാപകൽ ഉറക്കമില്ലാതെ ജോലി ചെയ്യുന്നവരാണ്. ഇതിനിടയിൽ പെൺ ഡോക്ടർമാർ മാത്രം നേരിടുന്ന ചില ഞരമ്പൻമാരും ഉണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ പറയും എല്ലാ ജോലിക്കും അതിന്റേതായ കഷ്ടപ്പാടുകൾ ഉണ്ടെന്ന്. എന്നാൽ ഒന്ന് ചോദിക്കട്ടെ, ഒരു സിനിമ ഇഷ്ടമായില്ലെങ്കിൽ നിങ്ങൾ ആ സംവിധായകനയോ നടനെയോ മർദ്ധിക്കുമോ? ഒരു സെർവർ ഡൌൺ ആയാൽ നിങ്ങൾ ആ ജീവനക്കാരനെ പാത്രംകൊണ്ടു തലയ്ക്ക് അടിക്കുമോ?
ഡോക്ടർ ജോലിയിൽ ഏർപ്പെട്ട എല്ലാവരെയും ദൈവതുല്യരായി കാണുന്നതാണ് പ്രശ്നം. അവർക്ക് പോലും പരിമിതികളുണ്ടെന്ന സത്യം മനസിലാക്കണം. മരണം കണ്ട് മനസ്സ് മരവിച്ച മനുഷ്യരാണ് അവർ. അതിനാൽ തന്നെ പലപ്പോഴും അവർ വൈകാരികമായി പ്രതിക്കാറില്ല. അതിന്റെയര്ഥം അവർക്ക് വികാരങ്ങളില്ല എന്നല്ല. അങ്ങനെ അവരെ കാണരുത്.
എനിക്കുമുണ്ടായിട്ടുണ്ട് ഡോക്ടർമാരിൽ നിന്നും നഴ്‌സിൽമാരിൽ നിന്നും മോശം അനുഭവം. എനിക്കുണ്ടായൊരു റോഡപകടത്തിൽ ഡോക്ടർ എതിരെ വന്നു ഇടിച്ചവർ മദ്യപിച്ചിരുന്നു എന്ന സത്യം എഴുതാതെ വിട്ടു പോയതിന്റെ പേരിൽ കേസ് ഇന്നും നേരിടുന്നൊരു വ്യക്തിയാണ് ഞാൻ. പക്ഷേ ഇതേ അപകടം നടക്കുന്ന ദിവസം, അതിനു മണിക്കൂറുകൾക്ക് മാത്രം മുമ്പ് വളരെ അടുത്തൊരു ഡോക്ടർ സുഹൃത്തിന്റെ കൂടെ ഭക്ഷണം കഴിച്ചിരുന്നു. അന്നവളുടെ കണ്ണുകളിൽ ദിവസങ്ങളുടെ ഉറക്കമിലായ്മ കണ്ടിരുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽപോലും ഹോസ്പിറ്റലിൽ നിന്ന് വന്ന വിളിക്ക് ശ്രദ്ധയോടെ ചെവികൊടുത്ത് വേണ്ടത് ചെയ്യാൻ പറയുന്നുണ്ടായിരുന്നു. ആശുപത്രിയിൽ പോകുന്ന ഓരോ ആളും തന്റെ അസുഖം മാറുമെന്നും തന്റെ ജീവിതം രക്ഷിക്കുമെന്ന് വിശ്വസിച്ച് തന്നെയാണ് പോകുന്നത്.
ഡോക്ടർമാരൊക്കെ അവർ ബുക്ക് വായിച്ച് പഠിച്ചതും അനുഭവത്തിന്റെ എല്ലാ വെളിച്ചവും ഉപയോഗിച്ച് ആത്മാർത്ഥമായി പരിശ്രമിക്കുന്നവർ തന്നെയാണ്. നിങ്ങളുടെ ഉറ്റവർ നഷ്ടപ്പെടുമ്പോൾ നിങ്ങൾക്ക് വിഷമം വരും. ചിലപ്പോ ദേഷ്യവും തോന്നും. അത് മനുഷ്യസഹജമാണ്. എന്നാൽ അതിന്റെ പേരിൽ അവരെയൊക്കെ കയറി മർദിക്കുന്നതു ശുദ്ധ തെണ്ടിത്തരമാണ്.
ഇവിടത്തെ നിയമവ്യവസ്ഥ മാറണം.
ഡോക്ടർമാർക്ക് അവർ അർഹിക്കുന്ന പരിഗണനയും പരിരക്ഷണയും നൽകണം.
ഓർക്കുക, മനുഷ്യരാണ്. മാന്ത്രികരല്ല. ദൈവവുമല്ല!





Comments