top of page

പൊന്നും പണവും കല്യാണവും

  • Writer: Vishnu Udayan
    Vishnu Udayan
  • Jun 26, 2021
  • 2 min read

Updated: Nov 26, 2021


Say now to dowry

കഴിഞ്ഞ വർഷം സുശാന്ത് ആത്മഹത്യ ചെയ്യ്തപ്പോൾ ഒരുപാട് പേര് മനസികരോഗ്യത്തിനെ പറ്റിയും, സംസാരിക്കണമെങ്കിൽ കേൾക്കാൻ ഞാനുണ്ട് എന്നൊക്കെ പോസ്റ്റിട്ടിരിന്നു. കാലക്രമേണ അതങ്ങ് വിസ്‌മൃതിയിലായി. ഇന്നത്തെ നെഞ്ച് പൊട്ടുന്ന വാർത്തയോടുള്ള പ്രതികരണവും പോസ്റ്റുമൊക്കെ അത് പോലെ തേഞ്ഞ് മാഞ്ഞ് പോയാൽ ഇതിനിയും ഇവിടെ തുടർന്ന് കൊണ്ടിരിക്കും. 


പറയാനുള്ളത് പെണ്കുട്ടികളുടെ അമ്മമാരോടും അച്ഛന്മാരോടും സഹോദരങ്ങളോടുമാണ്

പെണ്മക്കളെ കെട്ടിച്ച് വിടാൻ മാത്രമുള്ള ഒരു ഉല്പനമായി ദയവ് ചെയ്യ്ത് കാണരുത്. അവരെ ഒരിക്കലും കെട്ടി കഴിഞ്ഞാൽ നിങ്ങൾ ഭർത്താവിനും അയാളുടെ വീട്ടുകാർക്കും മാത്രമുള്ളതാണെന്ന് തോന്നിപ്പിക്കരുത്. നിങ്ങളുടെ മക്കളുടെ ഏറ്റവും അടുത്ത സുഹൃത്ത് നിങ്ങളാവാൻ ശ്രമിക്കുക. നിങ്ങളുടെ മക്കളെ നിങ്ങൾ judge ചെയ്യാതെ കേൾക്കുക. നിങ്ങളുടെ മക്കൾക്ക് നിങ്ങളോട് എന്തും പറയാനുള്ള comfort zone കൊടുക്കുക. പ്രധാനമായും, സമൂഹം എന്ത് തേങ്ങ ചിന്തിച്ചാലും പോയി പണിനോക്കാൻ പറയാൻ പഠിപ്പിക്കുക. നിങ്ങളുടെ മകൾക്ക് വിവാഹമോചനം വേണമെന്ന് അവൾ ആവശ്യപ്പെട്ടാൽ അവളെ കുറ്റപ്പെടുത്തരുത്. അവളെ കേൾക്കുക. അവളുടെ ജീവന് വില കല്പിക്കുക. 


വിവാഹമോചനമെന്ന് പറയുന്നത് എന്തോ വല്യ കുറ്റകൃത്യമാണെന്ന് കരുതുന്ന സമൂഹം തന്നെയാണ് ഇതുപോലെയുള്ള കേസുകളിൽ ഒന്നാം പ്രതി. രണ്ട് പേർക്ക് ഒത്ത് പോകാൻ പറ്റുന്നില്ലെങ്കിലോ ഒരാൾക്ക് മറ്റൊരാളിൽ നിന്നും നേരിടേണ്ടി വരുന്ന പീഡനങ്ങൾ കൂടിയാലോ പിരിയുന്നത് തന്നെയാണ് നല്ലത്. നിയമനടപടി സ്വീകരിക്കുന്നതും. എന്തിനാണ് നിങ്ങളുടെ മക്കളെ നിങ്ങൾ കൊലയ്ക്ക് കൊടുക്കുന്നത്? ആർക്ക് വേണ്ടി? ഈ സമൂഹത്തിന് വേണ്ടിയോ? പോകാൻ പറയണം! ഒരു സമൂഹം. മറ്റുള്ളവന്റെ വീട്ടിലെ കിടപ്പറയിലെ ഞരക്കങ്ങൾ കേൾക്കാൻ കാതോർക്കുന്ന അതേ സമൂഹം തന്നെയാണ് റോഡിലൊരു ആണും പെണ്ണും ആലിംഗനം ചെയ്യ്താൽ ഞെറ്റി ചുളുക്കുന്നത്. 


പിന്നെ സ്ത്രീധനം. മൂന്ന് നാല് വര്ഷത്തിന്ന് മുമ്പൊരു കല്യാണത്തിന് പോയി. കൂടെയൊരു സുഹൃത്തുമുണ്ടായിരുന്നു. കല്യാണത്തിന് ഇടയിൽ പെണ്ണിന്റെ അച്ഛൻ ചെക്കന്റെ കൈ പിടിച്ചിട്ട് ദേ ഇത്ര പൊന്നും പണവും തരുന്നു എന്ന് പറയുന്ന കേട്ട എന്റെ സുഹൃത്ത് അക്ഷരാർത്ഥത്തിൽ ഞെട്ടി. ആദ്യമായിട്ടാണ് അവളത് കേൾക്കുന്നത്. ഇതൊക്കെ എന്ത് ആചാരമാണ് ഹേയ്! സ്വന്തം മോളെ കെട്ടിച്ച് കൊടുക്കുന്നത് പോരാഞ്ഞിട്ട് അവന്റെയൊക്കെ വീടിന്റെ പിന്നാമ്പുറത്തെ കക്കൂസിൽ കുഴിച്ചിടാൻ കുറെ പൊന്നും പണവും. ദശാബ്ദങ്ങളായി നിയമത്തിന് മുന്നിൽ കുറ്റമായ ഒരു പ്രക്രിയയുടെ പേരിൽ ഇന്നും ഈ നടക്കുന്ന അസംബന്ധ അനീതിയുണ്ടല്ലോ, ഇതൊക്കെ ഞാൻ നേരത്തെ പറഞ്ഞ ഊള സമൂഹത്തിന്റെ ഉല്പനങ്ങളാണ്. അപ്പുറത്തെ വീട്ടിലെ പെണ്ണിനെ 100 പവൻ കൊടുത്ത കെട്ടിച്ച് വിട്ടതെന്ന് ആരെങ്കിലും പറഞ്ഞാൽ തെറിക്കുന്ന ഈഗോയാണ് നിങ്ങളുടെ പ്രശ്നം. എന്തിന് ഹേയ്! 


കല്യാണമെന്നത് രണ്ട് വ്യക്തികൽ എന്നതിലുപരി രണ്ട് കുടുംബങ്ങളുടെ കൂട്ടിച്ചേരലായി കാണുന്ന നാടാണിത്. അതിൽ തന്നെ പ്രശ്നമുണ്ടെന്ന് കരുത്തുന്നയാളാണ് ഞാൻ. എന്നാലും പോട്ടെ, പക്ഷേ പൊന്നിനും പണത്തിനും വാക്ക് പറഞ്ഞ് ഉറപ്പിക്കുമ്പോൾ ഇത് മനുഷ്യജീവന്റെ അല്ലെങ്കിൽ സ്വന്തം രക്തത്തിന്റെ കാര്യമാണ് എന്ന്കൂടിയൊന്ന് ഓർക്കണം!


അതിന്റെ ഇടയിലൂടെ ഇത് തെക്കന്മാരുടെ ജീവിതരീതിയാണെന്നും പറഞ്ഞ് കുറച്ച് പേര് വരുന്നുണ്ട്. സ്ത്രീധനവും സർക്കാർ ജോലിയും തെക്ക് മാത്രമുള്ള എന്തോ വല്യ പ്രതിഭാസമാണെന് പറയുന്നത് വല്ലാത്തൊരു ആത്മസംതൃപ്തി ഇവർക്കൊക്കെ കൊടുക്കുന്നുണ്ട്. 


എന്തിലും ഏതിലും ഈ തെക്കും വടക്കും കണ്ട് പിടിക്കാൻ നടക്കുന്നതിന്റെ ഔചിത്യം ഒരു കാലത്തും മനസ്സിലായിട്ടില്ല. നിങ്ങളൊക്കെ എന്താണ് ഈ പറയുന്നത്? 


അടിസ്ഥാനപരമായി ഈ ഒരു വൃത്തികെട്ട സാമൂഹിക കുറ്റകൃത്യം ലോകമൊട്ടാകെ പല രീതിയിൽ നടക്കുന്നുണ്ട്. കെട്ട് കഴിഞ്ഞാൽ പെണ്ണിനെ ഭർത്താവിന്റെ വീട്ടിലേക്ക് പറഞ്ഞയക്കുന്ന പ്രക്രിയയിൽ തുടങ്ങുന്ന വിവേചനം ഇവിടെ മാത്രമുള്ളതല്ല എന്നിരിക്കെ അതിനെ ജനിച്ച സംസ്ഥാനത്തെ രണ്ടായി വിഭജിച്ച്, ഒരു ഭാഗത്തെ മുഴുവനായി അടിച്ചാക്ഷേപിക്കുന്നത് ശരിയാണോ എന്ന് സ്വയമിരുന്ന് ആലോചിക്കണം. 

പിന്നെ സർക്കാർ ജോലി. അത് ഈ സംസ്ഥാനം മുഴുവൻ  പടർന്ന് കിടക്കുന്ന ഒരു തരം default demand ആണ് പെണ്മക്കളെ കെട്ടിച്ച് കൊടുക്കാൻ. അതിലേക്കൊന്നും അധികം കടന്ന് സംസാരിക്കുന്നില്ല. 

തെക്ക് വന്നൊരു കൊതുക് കുത്തിയാൽ, തെക്കോട്ട് പോയാൽ തെക്കന്മാർ കുത്തിക്കൊല്ലും എന്ന് പറയുന്ന പരിപാടി നിർത്തണം! 

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page