സച്ചിൻ പൈലറ്റ് – കോൺഗ്രസിന്റെ പ്രിയമുഖം.
- Vishnu Udayan
- Jul 15, 2020
- 2 min read
Updated: Jun 30, 2021
വർഷങ്ങൾക്ക് മുമ്പ് നരസിംഹറാവുവിനെതിരെ അന്ന് രാഷ്ട്രീയത്തിൽ ഇറങ്ങി പതിനാറാമത്തെ വർഷത്തിൽ രാജേഷ് പൈലറ്റ് നടത്തിയ പ്രതിഷേധങ്ങളും യുദ്ധങ്ങളും ഇന്ന് സച്ചിൻ തന്റെ പതിനാറാമത്തെ രാഷ്ട്രീയ വർഷത്തിൽ ആവർത്തിക്കുന്നു.

26ആമത്തെ വയസ്സിൽ എംപിയും പിന്നീട് കേന്ദ്ര മന്ത്രിയും, 36ആമത്തെ വയസ്സിൽ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും 41ആം വയസ്സിൽ ഉപമുഖ്യമന്ത്രിയുമായ കോണ്ഗ്രസ്സിന്റെ വേറെ നേതാവാരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണം.
രാഷ്ട്രീയത്തിലൊരു വിരമിക്കൽ പ്രായമില്ലാത്തതാണ് കോൺഗ്രസിന്റെ ശാപമെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ ഈ ഒരു കാര്യത്തിൽ അങ്ങനെ തീർത്തു പറയാൻ ബുദ്ധിമുട്ടുണ്ട്. കാരണം മേൽ പറഞ്ഞ സച്ചിന്റെ പദവികൾ തന്നെ. എന്നിരുന്നാൽ കൂടി, അശോക് ഗെഹ്‌ലോട്ടിന്റെയും ഭാഗത്തു തെറ്റുകൾ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കുന്നു. തലമുറ മാറ്റമെന്നത് എല്ലാക്കാലത്തും കോൺഗ്രസിന് തലവേദനായിട്ടുണ്ട്. അതിങ്ങു കേരളത്തിലാണെങ്കിലും കേന്ദ്രത്തിലാണെങ്കിലും.
നെപോറ്റിസം എന്ന വാക്കിന്റെ പിൻബലത്തിൽ അല്ല സച്ചിൻ പൈലറ്റ് കേറി വന്നത് എന്ന് കൂടി ഓർക്കണം. ശക്തമായ രാഷ്ട്രീയ പ്രവർത്തികൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. പദവികളുടെയും അച്ഛന്റെ പേരിന്റെയും അഹങ്കാരത്തിൽ ശീതികരിച്ച മുറിയുടെ സുഖത്തിൽ ലയിക്കാതെ അഞ്ചു വര്ഷം കൊണ്ട് വെറും ഇരുപത്തൊന്നു സീറ്റിൽ നിന്നും കോൺഗ്രസിന് നൂറു സീറ്റ് നേടിക്കൊടുത്തത് സച്ചിൻ പൈലറ്റ് എന്ന രാഷ്ട്രീയക്കാരന്റെ വിജയമാണ്. നാളത്തെ കോൺഗ്രസിന്റെ മുഖമായി മാറാൻ സച്ചിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ പ്രതിസന്ധികൾ തരണം ചെയ്ത അനുഭവസമ്പത്താണ്. നാളെയുടെ കോണ്ഗ്രസ്സിന്റെ പ്രധാനമന്ത്രി മുഖമാണ് സച്ചിൻ.
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തു വന്ന അഴിമതി ആരോപണങ്ങളിൽ ഒന്ന് പോലും സച്ചിന് നേരെയോ സച്ചിന്റെ വകുപ്പിന് നേരെയോ വന്നിട്ടില്ല. നാളിന്നേക്ക് എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സച്ചിന് നേരെ കാമ്പുള്ള ഒരു ആരോപണം പോലും ഉന്നയിച്ചിട്ടില്ല. ഇത്രേം ജനപ്രീയനായ ഒരു യുവ നേതാവ് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറെയില്ല. ഇന്നത്തെ കോൺഗ്രസിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ രാജ്യമൊട്ടാകെ ഏറ്റവുംകൂടുതൽ ആൾക്കാർ നേതാവായി അംഗീകരിക്കുന്ന വ്യക്തി ഒരുപക്ഷെ സച്ചിനായിരിക്കും.
ഇനി സച്ചിൻ പുതിയ പാർട്ടി രൂപീകരിച്ചു പ്രവർത്തിക്കാനാണ് തീരുമാനമെങ്കിൽ ഉറപ്പായും രാജസ്ഥാനിലെ യുവാക്കൾ കൂടെ നിൽക്കും. അതിന്റെ തെളിവാണ് സച്ചിനെ പുറത്താക്കിയ ഉടൻ രാജി വെച്ച ഒരു പറ്റം വിദ്യാർത്ഥി പ്രസ്ഥാന പ്രവർത്തകർ. എന്നിരുന്നാൽ കൂടി, രാജസ്ഥാൻ വര്ഷങ്ങളായി ബിജെപിയും കോൺഗ്രസ്സും നേർക്കുനേർ ശക്തമായി പോരാടുന്ന സംസ്ഥാനമാണ്. അവിടേക്ക് ഒരു പ്രാദേശിക പാർട്ടി വരുന്നത് എത്രത്തോളം വിജയമാകുമെന്ന് ആകാംഷയുണ്ട്. പക്ഷെ ഇത് സച്ചിനാണ്. സച്ചിൻ പൈലറ്റ്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം വന്നൊരു വാർത്ത ഈ അവസരത്തിൽ ഓർക്കുന്നു. രാഹുൽ ഗാന്ധിയുടെ ഇടതും വലതുമാണ് സിന്ധ്യയും സച്ചിനും. ഇടതു പോയി. പക്ഷേ വലത് പോകത്തില്ല എന്ന് വിശ്വസിക്കുന്നു. കാരണം, ഇതിലും വല്യ യുദ്ധങ്ങൾ പാർട്ടിക്കകത്തു പട നയിച്ച രാജേഷിന്റെ മകനാണ്.
സോണിയ ഗാന്ധിയുടെ ഇരട്ട പൗരത്വ വിവാദത്തിൽ ആടിയുലഞ്ഞ കോൺഗ്രസിൽ ശരദ് പവാർ ഉൾപ്പെടെയുള്ളവർ പുറത്തേക്ക് വന്നപ്പോൾ അവര് പ്രതീക്ഷിച്ച ശക്തമായ മുഖമാണ് രാജേഷ് പൈലറ്റിന്റേത്. എന്നാൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനോടുള്ള കൂറ് മറക്കാൻ രാജേഷ് തയാറായില്ല. തോൽക്കുമെന്ന് ഉറപ്പിച്ചിട്ടും സീതാറാം കേസരിയോട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പാർട്ടിക്കുള്ളിലെ ജനാധിപത്യം ശക്തമാക്കുകയെന്ന തീരുമാനമാണ് രാജേഷ് തിരഞ്ഞെടുത്തത്.
സാറ പൈലറ്റിന്റെ സഹോദരനും അച്ഛനും കശ്മീരിൽ നിർബന്ധിത തടവിലായത് ഈ കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. അതിനാൽ സച്ചിൻ അവരോടടുപ്പം കാണിക്കുവാണെങ്കിൽ സാക്ഷാൽ ഫറൂക്ക് അബ്ദുള്ളയുടെയും ഒമർ അബ്ദുള്ളയുടെയും പ്രതികരണനമറിയാൻ കൗതുകമുണ്ട്.
അഥവ ഇനി സച്ചിൻ പോവുകെയാണെങ്കിൽ അത് വെറുമൊരു അധികാര മോഹത്തിന്റെ പേരിലാണെന് വിശ്വസിക്കാനും പ്രയാസമാണ്. അതിൽ കൂടുതലെന്തോ വേട്ടയാടുന്നുണ്ട്. ഉറപ്പാണ്.





Comments