top of page

ചില രാഷ്ട്രീയ ചിന്തകൾ.

  • Writer: Vishnu Udayan
    Vishnu Udayan
  • Apr 4, 2021
  • 2 min read

Updated: Jun 30, 2021

തിരഞ്ഞെടുപ്പോക്കെയാണല്ലോ, എന്നാലും വല്യ രാഷ്ട്രീയം ഒന്നും പറയണ്ട എന്ന് വിചാരിച്ച് ഇരിക്കുവായിരിന്നു. എന്റെ രാഷ്ട്രീയ വിശ്വാസവും കാഴ്ചപാടുമൊക്കെ ഞാൻ മുറുകെ പിടിക്കുന്നുണ്ട്. അത് മതിയല്ലോ എന്ന ചിന്തയായിരുന്നു. എന്നാലും കുറച്ച് പേരുടെയൊക്കെ കൂടെ ആരോഗ്യപരമായ സംവാദങ്ങൾ നടന്നു. അത് ശരിക്കും ആസ്വദിച്ചു. 


എന്നാൽ ചില കാര്യങ്ങൾ കാണുമ്പോൾ അതിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാതെ ഇരിക്കാൻ കഴിയുന്നില്ല. അങ്ങനെയുള്ള ഏതാനും ചെറിയ വിഷയങ്ങൾ ഈ കുറിപ്പിലൂടെ സംസാരിക്കാൻ ശ്രമിക്കട്ടെ. 


1. ഇടത്പക്ഷ സർക്കാർ ചെയ്തതെല്ലാം ശരിയല്ല. എന്നാലും വേറൊരു alternative ഇല്ലാത്തത് കൊണ്ട് വീണ്ടും അവർക്ക് അവസരം കൊടുക്കുന്നു. 

ഇതാദ്യമൊരു സുഹൃത്തിന്റെ സമൂഹമാധ്യമത്തിൽ വായിച്ചപ്പോൾ ചിരിയാണ് വന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി തന്നെ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ പറഞ്ഞ അതേ വാചകമാണ് ഇന്ന് കേരളത്തിൽ ഇവർ പറയുന്നത്. ഇതൊക്കെ ശരിക്കും ന്യായീകരണ തൊഴിലാളികൾക്ക് മാത്രം പറ്റുന്ന ഒന്നാണ് കേട്ടോ. അടച്ചാക്ഷേപിക്കുന്നത് അല്ല. ജനാധിപത്യ രാജ്യത്ത് പ്രതിപക്ഷ ബഹുമാനം എന്നുള്ള ഒരു സംഭവമുണ്ട്. പൊതുസമൂത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ ഈ ഒരു പ്രതിപക്ഷ ബഹുമാനം ഒരു രീതിയിലും കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾക്ക് ലഭിച്ചിട്ടില്ല. അതിന്റെ തുടർച്ചയാണ് ഈ ഒരു പ്രചാരണ രീതി. ഇതിന്റെ പിന്നിലെ ചിന്ത സത്യം പറഞ്ഞാൽ എനിക്ക് മനസിലാവുന്നില്ല. നിങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനം ചെയ്യുന്ന തെറ്റുകൾ കണ്ടില്ലാന്നു നിങ്ങൾ പറയുന്നില്ല, എന്നാൽ അതേ നിങ്ങൾ കണ്ടില്ലാന്നു നടിച്ചു വേറെ തിരുത്തൽവാദി ഇല്ലാത്തത് കൊണ്ട് അവർക്ക് അവസരം ഇനിയും നൽകണമെന്ന് പ്രചരിപ്പിക്കുന്നു. തെറ്റ് ചെയ്ത സമയങ്ങളിൽ ഈ പറയുന്നവർ ആ തെറ്റിന്റെ പേരിൽ ഇടതുപക്ഷത്തെ വിമർശിക്കാൻ ശ്രമിച്ചിരിന്നുവെങ്കിൽ ഇന്നിത് പറയുന്നത് ഒരു പരിധി വരെ സമ്മതിക്കാമായിരിന്നു. ഇത് ഇപ്പൊ വന്നിട്ട് അവര് ചെയ്തതൊക്കെ തെറ്റാണ് കേട്ടോ, എന്നാലും വേറെ ആരുമില്ലലോ എന്ന് പറയുന്നത് ശുദ്ധ ഇരട്ടത്താപ്പും നിലപാടില്ലായ്മയുമാണ്. 


അതായത് രമണ, വെള്ളം കയറിയ വള്ളത്തിൽ മുങ്ങുന്നത് വരെ അങ്ങ് നിന്നോളാൻ. 


2. കോൺഗ്രസിന് മുന്നോട്ട് വെയ്ക്കാനൊരു മുഖ്യമന്ത്രിയില്ല. ചെന്നിത്തലയോട് താല്പര്യമില്ല. 


ഇതിൽ ആദ്യത്തേത് – കോൺഗ്രസ് ഒരു കാലത്തും ഒരാളെ മുന്നിൽ നിർത്തി ഒരു തിരഞ്ഞെടുപ്പും നേരിട്ടിട്ടില്ല. കൂട്ടായ നേതൃത്വമാണ് എല്ലാ കാലത്തും അവരെ നയിച്ചിട്ടുള്ളത്. കപ്പിത്താൻ അല്ലെങ്കിൽ \’captain\’ വിളികൾ കോൺഗ്രസിൽ അത്ര പതിവില്ല. ലീഡറായ കരുണാകരനെ പോലും തിരുത്തിയ ഉൾപാർട്ടി ജനാധിപത്യ ബോധമുള്ള പാർട്ടിയാണ് കോൺഗ്രസ്. 

പിന്നെ രണ്ടാമത്തത് ചെന്നിത്തല. അതൊരു വല്യ വിശദീകരണം ആവശ്യമുണ്ട്. 


ആദ്യം തന്നെ പറയട്ടെ, രമേശ് ചെന്നിത്തലയോട് വല്യ താല്പര്യമില്ലാത്ത കോൺഗ്രസ് അനുഭാവിയാണ് ഞാൻ. എന്നാൽ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിനെ അടച്ചാക്ഷേപിക്കുന്നത് നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയാണ്. കഴിഞ്ഞ ഒരു വര്ഷമായിട്ട് ചെന്നിത്തല പറഞ്ഞ എന്തെങ്കിലും ആരോപണം വെറുതെ പോയിട്ടുണ്ടോ? സ്പ്രിംഗ്ളർ മുതൽ വൈദ്യുതി വരെ. 


രമേശ് ചെന്നിത്തലയ്‌ക്കൊരു ചരിത്രമുണ്ട്. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന, കോൺഗ്രസ് രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനം നേടിയ ഒരു യഥാർത്ഥ കോൺഗ്രസ്സ്കാരൻ. മുപ്പതാം വയസ്സിൽ സംസ്ഥാന മന്ത്രിയായ വ്യക്തി. അതിനു ശേഷം ഒമ്പത് വർഷത്തോളം കേരളത്തിലെ കോൺഗ്രസിനെ നയിച്ച നേതാവ്. അങ്ങനെയൊക്കെ വന്ന മനുഷ്യനെ സമൂഹമാധ്യമത്തിലെ വെട്ടുക്കിളി കൂട്ടത്തെ കൊണ്ട് അധിക്ഷേപിച്ചു മൂലയിലാക്കി.  അതായത്, കേന്ദ്രത്തിൽ ബിജെപി എങ്ങനെയാണോ രാഹുൽ ഗാന്ധിയെ ഒരു പപ്പുവായി ചിത്രീകരിച്ചത്, അത് പോലെ ചെന്നിത്തലയേയും ഇവിടത്തെ കമ്മ്യൂണിസ്റ്റുകാർ ഒന്നിനും കൊള്ളുലാത്ത ഒരാളായി വരയ്ച്ചു വെച്ചു. രാഷ്ട്രീയപരമായി മാത്രമല്ല, വ്യക്തിപരമായി പോലും ചെന്നിത്തല ആക്രമിക്കപ്പെട്ടു. ലോകവായന ദിനത്തിൽ ഒരേ സമയം രണ്ടു പുസ്തകങ്ങൾ വായിക്കുന്ന വ്യക്തിയാണ് താൻ എന്ന് പറഞ്ഞപ്പോൾ യുക്തിക്കു നിരയ്ക്കാത്ത രീതിയിൽ ആ മനുഷ്യൻ അധിക്ഷേപിക്കപെട്ടു. തന്റെ വായിൽ നിന്നും വന്ന ഒരു സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ തന്നെ രമേശ് ചെന്നിത്തല മാപ്പു പറഞ്ഞു. മറ്റൊരു കോൺഗ്രസ് , കമ്മ്യൂണിസ്റ്റ് നേതാവിനോ ചിന്തിക്കാൻ പോലും പറ്റുമെന്ന് തോന്നുന്നില്ല.  ഇന്നെന്റെ ഒരു സൃഹൃത്ത് ചോദിച്ചു, എന്ത് കൊണ്ട് ചെന്നിത്തല എപ്പോഴും ആരോപണങ്ങൾ ഉന്നയിക്കുന്നു. നല്ലതു കണ്ടാൽ നല്ലതെന്ന് പറഞ്ഞുകൂടേയെന്ന്. ആദ്യ പ്രളയസമയത്ത് ഇന്ത്യക്ക് തന്നെ ഒരു മാതൃക സൃഷ്ടിച്ചിരുന്നു ചെന്നിത്തലയും പിണറായി വിജയനുംകൂടെ. ഒരുമിച്ച് അവർ ദുരന്തപ്രദേശങ്ങൾ സന്ദർശിച്ചു. കേന്ദ്രസർക്കാരിന്റെ ഒരുപാട് ജനദ്രോഹ നയങ്ങൾക്കെതിരെ അവർ ഒറ്റകെട്ടായി നിയമസഭയിൽ നിന്നു. അതൊക്കെ എന്തിനാണ് മറക്കുന്നത്? പിന്നെ പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ഭരണപക്ഷത്തിന്റെ അബദ്ധങ്ങൾ കാട്ടികൊടുക്കുക എന്നത് തന്നെയാണ് ഒരു പ്രതിപക്ഷനേതാവിന്റെ ധർമ്മം. പിന്നെ ഒരു കാര്യം ശരിയാണ്, രമേശ് ചെന്നിത്തല പലപ്പോഴും സംസാരിക്കുമ്പോൾ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ പറയുമ്പോൾ ഒരു പഞ്ച് കിട്ടുന്നില്ല. ശരിയാണ്. എന്നിരുന്നാൽ കൂടെ ഉന്നയിക്കുന്ന കാര്യങ്ങളുടെ ആരോപണങ്ങളുടെ മെറിറ്റ് ഇല്ലാതാകുന്നില്ല. 


ഞാൻ ആദ്യം സൂചിപ്പിച്ചില്ലേ, കുറച്ച് സുഹൃത്തുക്കളോട് ആരോഗ്യപരമായി സംവാദങ്ങൾ നടത്തിയെന്ന്. അവരിൽ മിക്കവരും എന്നോട് യോജിച്ച ഒരു കാര്യമുണ്ട്. കേരളത്തിൽ നല്ലത് കോൺഗ്രസ് ഭരിക്കുകയും ഇടത് മുന്നണി പ്രതിപക്ഷത്ത് ഇരിക്കുന്നതുമാണ്. ഭരണ തുടർച്ച എന്നത് പേടിക്കേണ്ടതായ ഒന്ന് തന്നെയാണ് ജനാതിപത്യ വ്യവസ്ഥയിൽ. കോൺഗ്രസിന്റെ തകർച്ച തുടങ്ങുന്നത് സ്വാതന്ത്ര്യം കിട്ടിയ ആദ്യ വര്ഷങ്ങളിലെ തുടർച്ചയായ ഭരണമാണ്. അങ്ങനെ ഒരു പാർട്ടിക്ക് ഭരണം ലഭിക്കുമ്പോൾ അവരവിടെ ചോദ്യംചെയ്യപ്പെടാത്ത ആൾക്കാരാണ് എന്ന വിചാരകത്തിലേക്ക് മാറും. അവ നയിക്കുന്നത് ഏകാധിപത്യത്തിലേക്കാണ്.  ഉദാഹരണങ്ങൾ വേറെയുമുണ്ട്. രണ്ടാം മൻമോഹൻ സിംഗ് സർക്കാർ, ബംഗാളിലെ കമ്മ്യൂണിസ്റ്റ് സർക്കാർ, ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ, ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ, ഡൽഹിയിലെ കോൺഗ്രസ് സർക്കാർ ഒടുവിൽ ഇതാ നമ്മുടെ മോദിയുടെ രണ്ടാം സർക്കാർ. ഇവരിലൊക്കെ വീണ്ടും ഭരണം കിട്ടിയപ്പോളൊക്കെ ഒരു ഏകാധ്യപത്യ സ്വഭാവം കണ്ടിട്ടുണ്ട്. 


ഭരണമാറ്റമെന്നത് ഇന്ന് ഈ നാടിനു ആവശ്യമാണ്. പ്രത്യേകിച്ച് വർഗീയതയുടെ ദൂതുമായി വാതിലിൽ വന്നു തട്ടുന്ന വിഷം തുപ്പുന്ന വേറൊരു കൂട്ടമുള്ളപ്പോൾ! 

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page