top of page

പരുന്തുംപാറ എന്ന പ്രണയകാവ്യം – ഓർമ്മക്കുറിപ്പ്.

  • Jun 24, 2020
  • 2 min read

Updated: Jul 10, 2021

നസ്രാണി സിനിമ ഇറങ്ങിയ സമയത്തെ ചിത്രഭൂമിയിൽ നിന്നാണ് ആദ്യമായി പരുന്തുംപാറ എന്ന സ്ഥലത്തെ പറ്റി കേൾക്കുന്നത്. പിന്നീടങ്ങനെ ആ സ്ഥലത്തെ പറ്റി അധികം കേട്ടിട്ടില്ല. ചിത്രഭൂമി സ്ഥിരമായി വായിച്ചുകൊണരുന്നതിനാൽ ഏതൊക്കെയോ ഷൂട്ട് അവിടെ നടക്കാറുണ്ടെന്ന് അറിയും, അത്ര തന്നെ. 


പക്ഷേ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സ്ഥലമായി അത് മാറുമെന്ന് ഒരിക്കലും കരുതിയില്ല. ആലോചിക്കുവാണ്, എങ്ങനെ ഈ ബ്ലോഗ് മുന്നോട്ട് എഴുതണമെന്ന്. എന്നെ അറിയാവുന്ന കുറച്ചു പേർക്കൊക്കെ മനസിലാവും എന്തുകൊണ്ടാണ് ഈ എഴുത്തിനിടയിൽ ഒരു തടസം വരാൻ കാരണമെന്ന്. 


പീരുമേട് എന്നൊരു സ്ഥലത്തു പഠിക്കാൻ എത്തിപ്പെട്ട ഒരു കുട്ടിയുടെ നാവിൽ നിന്നാണ് ഞാൻ പിന്നീട് പരുന്തുംപാറ കേൾക്കുന്നത്. ഒരുപാട് വർണ്ണനകൾ ചുരുങ്ങിയ വാക്കുകളിലൂടെ ആ കുട്ടി എനിക്ക് തന്നിരുന്നു. ഒന്നും രണ്ടും തവനെയൊന്നുമല്ല, രണ്ടര വര്ഷം ഞാൻ ആ കുട്ടിയിലൂടെ പീരുമേടും പരുന്തുംപാറയും ദേശീയ പാത 85 ഉം എത്രെയോ തവണ കണ്ടിരിക്കിന്നു. എന്നെങ്കിലും പോകണമെന്ന് ഉണ്ടായിരിന്നു, പക്ഷേ വിധിയുടെ ക്രൂരമായ തീരുമാനമായിരുന്നു ആ രണ്ടര വര്ഷം ആ പരിസരത്ത് പോകരുതെന്നത്. 


അങ്ങനെ ആ കുട്ടി അവിടത്തെ പഠിത്തം കഴിഞ്ഞിട്ട് സ്വപ്‌നങ്ങൾ തേടി കിഴക്കോട്ട് യാത്രയായി. അപ്പോഴാണ് എന്റെ മുമ്പിൽ അടുത്ത ഷോർട് ഫിലിം ആപ്പിളിന്റെ രൂപത്തിൽ വരുന്നത്. അതിനു വേണ്ടിയൊരു ലൊക്കേഷൻ തപ്പി ഇറങ്ങി തിരിച്ചത് വാഗമണ്ണും, കട്ടപ്പനയുമൊക്കെ കടന്നു കുമിളി എത്തി. അത്ര സന്തോഷമില്ലാതെ തിരിച്ചു എറണാകുളത്തേക്കുള്ള യാത്രക്കിടയിലാണ് പീരുമേട് ഓർമ്മ വരുന്നത്. നേരം കുറച്ചു വൈകിയിരുന്നു. പരിചയമില്ലാത്ത പ്രദേശവും, ഹൈ റേഞ്ച് റോഡും, കുറച്ചു മഴയും. തേടി നടന്ന ലൊക്കേഷൻ എന്ത് കൊണ്ടോ പീരുമേട് അവസാനിക്കുമെന്ന് മനസ്സ് പറഞ്ഞു. ആ കുട്ടിയെ വിളിച്ചു, വഴിയൊക്കെ ചോദിച്ചു മനസിലാക്കി അങ്ങോട്ട് പോയി. വണ്ടി ഓടിച്ചോണ്ടിരുന്നപ്പോ വേണോ വേണ്ടയോ എന്നൊരു രണ്ടു തവണ സ്വയം ചോദിച്ചു. കൂടെയുള്ള ആർക്കും ചരിത്രം അത്ര അറിഞ്ഞൂടാ, ഒരാൾക്കൊഴികെ. എങ്കിലും രണ്ടും കൽപ്പിച്ചു അവിടെയെത്തി. ലൊക്കേഷൻ കണ്ടു. ഇഷ്ടപ്പെട്ടു. വെളിച്ചത്തിൽ ഒന്നൂടി കാണണം. അവിടെ തന്നെ താമസിച്ചു പിറ്റേന് പോയി കണ്ടു ഉറപ്പിച്ചു. അപ്പോഴാണ് പരുന്തുംപാറ അടുത്താണല്ലോ എന്ന് ഓർക്കുന്നത്. കഥയ്ക്കങ്ങനെയൊരു സ്ഥലവും ആവശ്യമുണ്ട്. നമുക്കൊന്ന് പോയി നോക്കാം എന്ന് കരുതി ഉച്ചയ്ക്ക് ശേഷം അങ്ങോട്ടേക് തിരിച്ചു. മഴ ഉണ്ട്. നല്ല കിടിലം പേമാരി. 


രണ്ടര വർഷം. പരുന്തുംപാറയുടെ മൂടൽ മഞ്ഞിന്റെ ഭംഗി ഒരുപാട് കേട്ട്, സ്വപ്നം കണ്ടിറങ്ങിയ ഒരുപാട് രാത്രികൾ. അങ്ങോട്ടേക് വണ്ടി ഓടിച്ചു കേറുമ്പോൾ അതൊക്കെ ഓർമ്മ വന്നു. ഒടുവിലവിടെ എത്തിയപ്പോ ഒന്നും കാണാൻ പറ്റുന്നില്ല. മൂടൽ മഞ്ഞു. തൊട്ടടുത്ത നിൽക്കുന്ന ആൾക്കാരെ പോലും കാണാൻ കഴിയാത്ത വിധത്തിൽ മൂടി കിടക്കുന്നു. കൂട്ടിനു ചെറിയൊരു ചാറ്റൽ മഴയും. പ്രണയം എന്നതൊരു സത്യമായ അനുഭൂതിയാണെങ്കിൽ അത് അന്നാണ് അനുഭവിച്ചത്. പ്രകൃതിയുടെ പ്രണയം. കേട്ടതൊക്കെ യാഥാർഥ്യമായ നിമിഷങ്ങൾ. ഒരുപാട് ചിത്രങ്ങളും വിഡിയോകളും പകർത്തിയതിന് ശേഷം തിരിച്ചു അവിടെന്ന്. 

പിന്നെ അവിടെ പോകുന്നത് ഷൂട്ടിങ്ങിനാണ്. അന്നാണ് പരുന്തുംപാറ ശരിക്കുമൊന്നു കണ്ടത്. എന്ത് ഭംഗിയാണ് എന്ന് പോലും നാം പറയാൻ മറക്കും. അത്രക്ക് ഗംഭീരമായ കാഴ്ചയാണ്. ഷൂട്ടൊക്കെ കഴിഞ്ഞു തിരിച്ചു ആ മല ഇറങ്ങുമ്പോൾ മനസ്സ് ചെറുതായിട്ട് ഒന്ന് പതറി. ആ രണ്ടര വർഷത്തിലൊരിക്കൽ പോലും എനിക്ക് ഇവിടെ വരാൻ കഴിഞ്ഞില്ലെലോ, കാണാൻ കഴിഞ്ഞില്ലെലോ… 


ജീവിതം അങ്ങനെയാണ്. നാം ആഗ്രഹിക്കുന്നതൊക്കെ നടക്കും, പക്ഷേ നാം വിചാരിക്കുന്ന സമയത്തു അത് നടക്കില്ല. ഒരുപക്ഷേ നല്ലതിനാവാം. ആ നല്ലതിലേക്കുള്ള ദൂരമാവാം ഒരിച്ചിരി നോവ്. 

പരുന്തുംപാറ – കേട്ടതിലും സ്വപ്നത്തിൽ കണ്ടതിലും എത്രെയോ ഉയരെയാണ് നീ. ഒരു നേർത്ത ചാറ്റൽ മഴയത് ചെറിയ മഞ്ഞത്ത്, നിന്നെ ആസ്വദിച്ചു കുടിക്കുന്ന കട്ടൻ ചായയ്ക്ക് ഈ ലോകത്തു മറ്റെന്തിനേക്കാളും സ്വാദുണ്ട്.. 

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page