നിനക്കെൻ തുറന്നെഴുത്ത്
- Vishnu Udayan
- May 22, 2021
- 1 min read
Updated: Jun 30, 2021

പ്രിയപ്പെട്ട കഴിഞ്ഞകാലത്തിന്റെ വെളിച്ചത്തിനു..
ഇത് നിനക്കുള്ളൊരു തുറന്നകത്താണ്.
കുറെ നാളുകളായി ഇതുപോലൊരു കത്ത് നിനക്കെഴുതണമെന്ന് ഞാൻ കരുതുന്നു. പക്ഷേ കഴിയുന്നുണ്ടായിരുന്നില്ല. പകലോ രാത്രിയോ എന്ന വിത്യാസമില്ലാതെ നിന്റെ വെളിച്ചത്തിന് ഓർമ്മകൾ അങ്ങിങ്ങായി എന്നുമെന്നെ അലട്ടിയിട്ടിട്ടിരിന്നു. ഓർമ്മകൾ അലട്ടിയാൽ അവ നല്ല ഓർമ്മകൾ അല്ലാതാവും. അതിനാലാണ് ഇന്ന് ഞാൻ ഇങ്ങനൊരു കത്തെഴുതുന്നത്.
ഇന്ന് രാവിലെ ഞാൻ ഉറക്കം എഴുന്നേൽക്കുന്നത് നിന്നെ സ്വപ്നംകണ്ടാണ്. കഴിഞ്ഞ് പോയ കാലത്തിന്റെ വെളിച്ചമേ, നീ എന്നോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞു. നീ ഇന്ന് മറ്റൊരുവന്റെ വെളിച്ചമാണെന്ന്. നീ ഇന്ന് എന്നെ ഓർക്കുന്നതുപോലുമില്ലാത്ത എന്നാൽ ഉള്ളിലിപ്പോഴും ചെറിയ പ്രണയമുള്ള തെളിച്ചമാണെന്ന്. എന്നാൽ ആരുടെയൊക്കെയോ നല്ലതിന് വേണ്ടി നീ മാറി നടക്കുന്നുവെന്ന്. സ്വപ്നം സത്യമാവരുതേ എന്ന പ്രാർത്ഥനയിലാണ് ഞാൻ കണ്ണ് തുറന്നത്. ഇല്ല. സത്യമായില്ല. പക്ഷേ കുറച്ച് നാളുകളായി മനസ്സിലുണ്ട്, നീ എവിടെയോ വെളിച്ചം പകരുന്നുണ്ടെന്ന്.
സ്വപ്നത്തിൽ വന്ന നീ എന്നോടൊരു കാര്യം കൂടി പറഞ്ഞു. \”നിന്റെ കഴിവിന്റെ ഉയർച്ചയിലേക്ക് നീ ഉയരുക.\”
മുന്നോട്ടുള്ള യാത്രക്ക് ഈ വാക്കുകൾ എനിക്ക് തരുന്ന ഊർജം വലുതായിരിക്കും. കാരണം എന്നെ ഏറ്റവും നന്നായി മനസിലാക്കിയ ഒരാളാണ് നീ. കാലചക്രമെത്ര ഉരുണ്ടാലും, എന്റെ തീവണ്ടിയിൽ എത്രപേർ കയറിയാലും ഇറങ്ങിയാലും, നിന്റെ ഇരിപ്പിടം അവിടെ സുരക്ഷിതമായിരിക്കും.
എന്റെ അക്കങ്ങൾ നീ മായ്ച്ച് കളഞ്ഞുവെന്ന സത്യം എനിക്കിന്നലെയാണ് മനസിലായത്. എന്നെയത് സ്വയം പറഞ്ഞു വിശ്വസിപ്പിക്കുവാൻ ഒരു രാത്രി മുഴുവനെടുത്തു. ഓർമ്മകൾക്കും നിമിഷങ്ങൾക്കും മുമ്പിൽ പത്തു അക്കം മാത്രമുള്ള നമ്പറിന് എന്ത് വില..
നിന്റെ കൂടെയുള്ള ചിത്രങ്ങൾ ഇന്നും ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ചുവപ്പും, നീലയും, കറുപ്പും ഒക്കെ അണിഞ്ഞ് കുട പിടിച്ചും പുസ്തകം മാറോട് ചേർത്ത് പിടിച്ചും എന്റെ കൂടെ നിൽക്കുന്ന നീ.. ആ ചിത്രങ്ങൾ ഞാൻ എന്നും ചേർത്ത് പിടിക്കും.
ഇന്നീ രാവിലെ കണ്ണ് തുറക്കുന്ന നിമിഷം വരെ നീ എന്നെങ്കിലും തിരിച്ചെന്റെ ജീവിതത്തിൽ വെളിച്ചംതരുവാനായി വരുമെന്ന് നേരിയ പ്രതീക്ഷയുണ്ടായിരുന്നു. ഇതിനിടയിൽ ഒരുപാട് പേരെ പരിചയപെട്ടു, കുറച്ച് പേർക്ക് എന്റെ വെളിച്ചമാകാൻ കഴിയുമോ എന്ന് ഞാൻ ശ്രമിച്ചുനോക്കി. ഇല്ല.. പറ്റുന്നില്ല. കാത്തിരിപ്പായിരുന്നു സുഹൃത്തേ.. നീ തിരിച്ചുവരുമെന്ന കാത്തിരിപ്പ്. ആരോടും സമ്മതിക്കാതെ, എന്നോട് തന്നെ സമ്മതിക്കാതെ എന്റെ അവബോധ മനസ്സിൽ നിനക്ക് വേണ്ടി ഞാൻ കാത്തിരുന്നു.
ഞാനെഴുതുന്ന അക്ഷരകൂട്ടുകളിൽ ഇനി നീ ഒരു കഥാപാത്രമാവാതെ ഞാൻ നോക്കും. ഞാൻ മൂളുന്ന പാട്ടുകളിലെ നായിക നീയാവതെ ഞാൻ സൂക്ഷിക്കും. ഞാൻ കാണുന്ന സ്വപ്നങ്ങളിലെ എന്റെ വെളിച്ചം വേറെയാരുടെയോ വെളിച്ചമായതായി ഞാൻ വിശ്വസിക്കും.. വേദനയോടെ.
നീ എന്ന മനുഷ്യന്റെ സ്നേഹമൊരുപാട് ഞാൻ എന്ന വ്യക്തി ആഗ്രഹിക്കുന്നു ഇനിയും..
പക്ഷേ ..
വിട..
എവിടെയാണെങ്കിലും, എങ്ങനെയാണെങ്കിലും സന്തോഷം നിന്നിൽ നിറയുമെന്ന പ്രത്യാശയോടെ..
വിട..
എന്ന്
നിന്റെയല്ല..
എന്റെ സ്വന്തം
എഴുത്ത്കാരൻ





Comments