top of page

അനിയത്തിപ്രാവും സീതരാമമും പിന്നെ പ്രണയവും

  • Nov 28, 2022
  • 2 min read

Always a sucker for good romantic films!


റൊമാന്റിക് കഥകൾ എന്നും എനിക്ക് കൗതുകമാണ്. പ്രണയമെന്ന ഒരു വികാരത്തിൽ എത്ര കഥകളാണ് ഈ ലോകത്ത് ഉണ്ടാകുന്നത്. പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയ സമയത്ത് Indian fictions ഇൽ ദർജോയ് ദത്തയുടെയും നികിത സിംഗിന്റെയും രവീന്ദർ സിംഗിന്റെയും സൃഷ്ടികളിൽ മാത്രമാണ് ഞാൻ ഒതുങ്ങി കൂടിയത്. ഒരുപാട് പേര് എന്നോട് പരിഹസിച്ച് ചോദിച്ചിട്ടുണ്ട്, "Are you love sick?"


എന്നാൽ എന്നെ ഇവരുടെയൊക്കെ പുസ്തകങ്ങളിലേക്ക് ആകർഷിച്ചത് നേരത്തെ പറഞ്ഞത് പോലെ, പ്രണയമെന്ന വികാരത്തിൽ നിന്നും ഉത്ഭവിക്കുന്ന കഥകളാണ്. ഓരോ പശ്ചാത്തലങ്ങൾ സാഹചര്യങ്ങളുടെ രൂപത്തിൽ രൂപംകൊള്ളുന്നത്, കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത് പിന്നെ മനോഹരമായ സംഭാഷണങ്ങളും കവിതകളും ഉണ്ടാകുന്നത്.. ഇവയൊക്കെ എന്നും എന്നെ ഒരുപാട് ആകർഷിച്ചിട്ടുണ്ട്.


ഷോർട് ഫിലിമ്സിലേക്ക് വന്നപ്പോഴും എല്ലാ കഥകളിലും പ്രണയം ഒരു മുഖ്യ കഥാപാത്രമായി മാറി തുടങ്ങി. അപ്പോഴും എല്ലാവരും നിനക്കൊന്ന് മാറ്റി ചിന്തിച്ചൂടെ എന്ന് ചോദിച്ചിരുന്നു. പക്ഷേ, എനിക്കെന്തോ ഉള്ളിൽ നിന്നും ഇപ്പോഴും വരുന്ന കഥകളിൽ എവിടെയൊക്കെയോ പ്രണയം കാണും. അത് ഒരുപക്ഷെ നഷ്ടപെട്ട പ്രണയമോ, പ്രണയപകയോ ഒക്കെ ആവുന്നു എന്ന് മാത്രം.


നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളിൽ സന്തോഷം വിടരുന്നത് പ്രണയത്തിന്റെ മുകളിലാണ്. വ്യക്തിപരമായി എന്നേ വേറെയൊരു ലോകത്തേക്ക് കൊണ്ട് പോകാൻ നല്ലൊരു പ്രണയ ചിത്രത്തിന് കഴിയും.


ഇന്നും എന്റെ മനസ്സിൽ പ്രണയചിത്രമെന്നാൽ അനിയത്തിപ്രാവാണ്. ഇന്ന്പലർക്കും cringe ഫിലിമാണ് അനിയത്തിപ്രാവ്. പക്ഷേ ഇന്നും എന്റെയുള്ളിൽ ഒരു ചലനം സൃഷ്ടിക്കാൻ അനിയത്തിപ്രാവിന്റെ ക്ലൈമാക്സിനു കഴിയും. ശ്രീവിദ്യയും ലളിതയും തിലകനും ഹനീഫയും ജനാർദ്ദനനും, പിന്നെ ഔസേപ്പച്ചന്റെ സംഗീതവും ചേർത്ത് കൃത്യമായ പാകത്തിൽ ഒരുക്കിയ ആ ക്ലൈമാക്സ്, ഫാസിൽ അല്ലാതെ മറ്റാർക്കാണ് എടുക്കാൻ കഴിയുക?

മറാഠി പടമായ ആനന്ദിഗോപാലിൽ വളരെ സൈലന്റായി പറഞ്ഞിരിക്കുന്ന പ്രണയമുണ്ട്. പഠിക്കാൻ ആഗ്രഹിക്കുന്ന ഭാര്യയും, സമൂഹത്തിന്റെ ചട്ടക്കൂടുകൾ പുച്ഛിച്ച് തള്ളി, തന്റെ ഭാര്യയുടെ ആഗ്രഹം സഫലീകരിക്കാൻ ഇറങ്ങി പുറപ്പെടുന്ന ഭർത്താവും. ഗോപാൽറാവുവിന് ആനന്ദിയോടുള്ള പ്രണയത്തിന്റെ അനന്തരഫലവുമാണ് ഇന്ത്യയുടെ ആദ്യത്തെ പെൺ ഡോക്ടർ എന്ന ഖ്യാതി ആനന്ദിഗോപാലിൽ എത്തിച്ചേരുന്നത്. അവിടെയും പ്രണയമാണ് വിജയത്തിന്റെ അടിത്തറ.


പിന്നീടൊരുപാട് പ്രണയ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. മനസ്സിൽ പതിഞ്ഞതും പതിയാത്തതുമായ ഒരുപാടൊരുപാട്. പക്ഷേ, വർഷങ്ങൾക്ക് ശേഷം രണ്ടു മൂന്ന് ദിവസം ഒരു സിനിമ കണ്ടതിന്റെ ഹാങ്ങോവർ ഉണ്ടായത്, സീതാരാമം കണ്ടതിനു ശേഷമാണ്. വാക്കുകളില്ല വർണിക്കാൻ. എന്ത് മനോഹരമായ സിനിമയാണ്! എത്ര മനോഹരമായ കഥയാണ്! നൂർജഹാന്റെ പ്രണയമെന്നത് അത്രേമേൽ പരിശുദ്ധമാണ്. കഥകളുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതി ചേർക്കപ്പെടേണ്ട കഥാപാത്രമാണ് നൂർജഹാൻ. അവിശ്വസനീയമായാണ്‌ ഓരോ സീൻ കഴിയുമ്പോഴും റാമും നൂർജഹാനും നെഞ്ചിലേക്ക് മെല്ലെ ഇഴഞ്ഞ് കയറിയത് . സീതാരാമം തിയേറ്ററിൽ കാണാൻ കഴിയാത്ത ജീവിതത്തിലെ ഏറ്റവും വല്യ നഷ്ടങ്ങളിൽ ഒന്നായി തുടരും.

ഒരുപാട് സമ്മിശ്ര പ്രതികരണങ്ങൾ കേട്ടതിനാൽ അധികം താല്പര്യം കാണിക്കാത്ത സിനിമയാണ് തിരുച്ചിട്ട്രമ്പലം. അതിനാൽ തന്നെ ഇന്നാണ് ഈ സിനിമ കണ്ടത്. കണ്ടു തുടങ്ങിയപ്പോൾ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ പതിയെ പതിയെ, നിത്യ മേനോൻ എന്ന The best contemporary ആക്ടർ, തന്റെ ചെറിയ നോട്ടങ്ങൾ കൊണ്ടും, ബോഡി language, mannerisms എന്നിവയിലൂടെയും മനസിലേക്ക് പതിയെ കയറി തുടങ്ങി. സിനിമയുടെ അവസാന ഭാഗത്ത് നിത്യയുടെ സഹോദരന്റെ കഥാപാത്രം പൊട്ടിത്തെറിക്കുന്നതിലൂടെ ശരിക്കും ഞാൻ കഥയുടെ ഭാഗമായി. വല്ലാത്തൊരു വിങ്ങൽ എവിടെയൊക്കെയോ തോന്നി തുടങ്ങി സിനിമ കഴിഞ്ഞപ്പോ. ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രണയമെന്നത് എല്ലാകാലത്തും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന ഒന്നാണ്. പക്ഷേ പലപ്പോഴും നമുക്ക് തൊട്ടടുത്ത് നിൽക്കുന്ന പ്രണയം, നമ്മൾ ശ്രദ്ധിക്കാറില്ല. നമ്മൾ ദൂരെ തേടി പോകും. അവിടെയാണ് മനുഷ്യന്റെ പരാജയം തുടങ്ങുന്നത്.


തിരുച്ചിട്ട്രമ്പലം മനസ്സിൽ കുറച്ച് ദിവസം കാണും. അതിനു കഥ മാത്രമല്ല കാരണം. മറ്റൊരു വല്യ കാരണമുണ്ട്. പ്രകാശ് രാജ്. കൂടുതൽ പറയണ്ടല്ലോ?


പ്രണയംപോലെ മറ്റൊരു സുഖമുള്ള വികാരം ഈ ലോകത്ത് വേറെയില്ല. എന്നെ സംബന്ധിച്ചടുത്തോളം പ്രണയ കഥകൾ പോലെ എന്നേ പിടിച്ചിരുത്തുന്ന, എന്നേ പിടിച്ചുലയ്ക്കുന്ന വേറെയൊന്ന്.. ഇല്ല!



 
 
 

Recent Posts

See All
The idea of turn on.

Writing is a creative art. You need time and clarity of thinking to write down your thoughts or ideas. As life got busier, I was hardly...

 
 
 

Comments


© 2025 Vishnu Udayan

bottom of page