വിടവാങ്ങൽ.
- Vishnu Udayan
- Apr 24, 2023
- 2 min read
ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്ര വിടവാങ്ങലുകൾ അഭിമുഖീകരിക്കേണ്ടി വരും? അയാൾ എത്ര വര്ഷം ജീവിക്കുന്നു എന്നതോ അല്ലെങ്കിൽ അയാൾ എത്രപേരുമായി അടുപ്പത്തിൽ കഴിയുന്നു എന്നതോ അതുമല്ലെങ്കിൽ അയാൾക്ക് എത്ര പേരെ അറിയാമെന്നതോ അടിസ്ഥാനമായിട്ടായിരിക്കും അതിനുള്ള ഉത്തരം വരുന്നതല്ലേ.

എന്നെ സംബന്ധിച്ച് ഞാൻ കാണുന്ന ഏറ്റവും അടുത്തുള്ളവരിൽ അഞ്ചാമത്തെ വിടവാങ്ങലാണ് ആതിരയുടെ അപ്പുപ്പന്റെത്. ഇതിനു തൊട്ടു മുന്നേ മാമന്റെ മരണവും ഇതും തമ്മിൽ ആഴ്ചകളുടെ മാത്രം വ്യത്യാസമാണ് ഉള്ളത്. അതിനാൽ തന്നെ നെഞ്ചിനുള്ളിൽ തോന്നുന്ന ഭാരം അത് എഴുതുവാൻ സാധാരണപോലെ പെട്ടെന്ന് കഴിഞ്ഞിരുന്നില്ല.
അപ്പൂപ്പന്റെ വിടവാങ്ങലിൽ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എങ്കിലും പിടിച്ചു നിന്നു. കാരണം ഉള്ളിലെവിടെയോ സന്തോഷത്തോടെയാണല്ലോ ആ മനുഷ്യൻ പോയതെന്ന് വിശ്വസിക്കുന്നുണ്ട്.
ആതിരയുടെ വീട്ടിൽ ആദ്യമായി പോയ ദിവസം. 2021 നവംബർ മാസമാണെന്നാണ് വിശ്വാസം. കൃത്യമായി തീയതി ഓർമ്മയില്ല. രാവിലത്തെ പ്രഭാത ഭക്ഷണം കഴിഞ്ഞാണ് ഞാൻ അവിടെ ചെല്ലുന്നത്. ഇടവഴിയിലൂടെ നടന്ന് പ്ലാവിനടിയിലൂടെ മുറ്റത്തോട്ട് കയറിയപ്പോൾ എന്റെ കണ്ണിൽ കണ്ട ആദ്യ കാഴ്ച മരിക്കുവോളം എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കും. വീടിന്റെ ഉമ്മറത്ത്, ഷർട്ടും മുണ്ടും ഉടുത്ത് വളരെ ഗൗരവത്തോടെ കേരളം കൗമുദി വായിക്കുന്ന അപ്പൂപ്പന്റെ മുഖം. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ, പത്രമൊന്നു മാറ്റി, "ആഹാ" എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് പത്രം മടക്കി എന്നെ അകത്തേക്ക് ക്ഷണിച്ചു.
വൈലോപ്പിള്ളിയുടെ കണിക്കൊന്ന കവിതയിൽ അവസാനം പറഞ്ഞിരിക്കുന്നത് പോലെ, മനസിലുണ്ടാകും എന്നും ആ ആദ്യകൂടികാഴ്ച.
മാരാരിക്കുളത്തെ വീട്ടിലേക്ക് ഓരോ തവണ പോകുമ്പോഴും നേരം വൈകുന്നില്ലെങ്കിൽ ആദ്യം പോയി അപ്പൂപ്പനെ കാണാൻ ശ്രമിക്കാറുണ്ടായിരുന്നു. മിക്കവാറും പാതി രാത്രിയൊക്കെ പോകുന്നതിനാൽ അതിരാവിലെ പ്രഭാതകർമങ്ങൾക്കായി ഞാൻ എഴുന്നേൽക്കുമ്പോൾ തെക്കോട്ട് നോക്കി പ്രാർത്ഥിച്ച് നിൽക്കുന്ന അപ്പൂപ്പനെ ഞാൻ കണി കാണുമായിരുന്നു. ആ വീട്ടിലെ ഒരുപാട് ദിനങ്ങൾ തുടങ്ങിയിരുന്നത് അപ്പൂപ്പനെ കണി കണ്ടായിരുന്നു.
ജോലിയുടെ തിരക്കുകളിൽ വേഗം മടങ്ങേണ്ടി വരുമ്പോഴൊക്കെയും ഇത്രപെട്ടെന്ന് പോകുവാണോ എന്ന് ചോദിച്ചിരുന്നു. ഇന്ന് ഞാൻ പറയട്ടെ, എനിക്കതിന് ഉത്തരമില്ലായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ഞാൻ ചെന്നൈക്ക് പോകുമ്പോൾ വീട്ടിൽ എന്റെ അപ്പുപ്പൻ യാത്ര അയക്കുന്ന സമയം കണ്ണ് നിറയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അതിന്റെ മറ്റൊരു മുഖമായിട്ടാണ് ഇതും എനിക്ക് തോന്നിയിട്ടുള്ളത്.

ഒരു ദിവസം, വീടിനു അപ്പുറത്ത് റോഡരികിൽ കാറ്റ് കൊള്ളുന്ന അപ്പൂപ്പനെ കണ്ടിട്ട് ഞാൻ അടുത്തേക്ക് ചെന്നു. എന്നെ അടുത്തിരുത്തി എനിക്ക് അപ്പൂപ്പന്റെ ചെറുപ്പകാലത്തെ കുറച്ച് കാര്യങ്ങൾ പറഞ്ഞു തന്നു. അപ്പുപ്പൻ വളർന്ന വീടും, ആ സ്ഥലവും, അവിടെയുണ്ടായിരുന്ന മരങ്ങളുടെയും മറ്റും കഥ. മുന്നോട്ടുള്ള എന്റെ സിനിമ ജീവിതത്തിൽ എന്നെങ്കിലും മനസ്സിൽ കൊത്തി വെക്കുവാൻ ആഗ്രഹിക്കുന്ന ഒരു സീനാണ് അത്.
പിന്നീടൊരുനാൾ "നമുക്കൊന്ന് പുറത്ത് പോകാം" എന്ന് ചോദിച്ച് കാറിൽ കയറി ഇരുന്നതും, അന്ന് എന്നെ കാറിൽ നിറുത്തിയിട്ട് റസ്ക്ക് വാങ്ങിക്കാൻ പോയതുമൊക്കെ ജീവിതത്തിൽ ഒരൊറ്റ തവണ മാത്രമേ സംഭവിക്കു എന്ന് ഞാൻ കരുതിയിരുന്നില്ല.
എന്റെ ജീവിതത്തിന്റെ 27 വർഷങ്ങൾക്ക് ശേഷം വിടപറഞ്ഞ അപ്പൂപ്പന് പകരം എന്റെ ജീവിതത്തിലേക്ക് ആരോ പറഞ്ഞ് വിട്ടതായിരിന്നു ഈ അപ്പൂപ്പനെ. രണ്ടു അപ്പുപ്പന്മാരും തമ്മിൽ കുറച്ചൊക്കെ സാമ്യങ്ങളും ഉണ്ടായിരിന്നു. കൃത്യസമയത്തുള്ള ഭക്ഷണം തൊട്ട് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ഉള്ള ശ്രദ്ധയിൽ വരെ ആ സാമ്യതകൾ നീളും. ക്രിക്കറ്റും ഫുട്ബോളും രാഷ്ട്രീയവുമൊക്കെ ഒരേപോലെ ഇഷ്ടപ്പെട്ടിരുന്ന രണ്ടു പേരായിരുന്നു.
ഒരാൾ ഇന്ത്യ മുഴുവൻ സഞ്ചരിച്ചിട്ടുള്ള, ഒരുപാട് ലോകം കണ്ട മനുഷ്യന്റെ അനുഭവസമ്പത്തിൽ ഊന്നി ജീവിച്ചുവെങ്കിൽ, മറ്റൊരാൾ മനുഷ്യരെ ആഴത്തിൽ പഠിച്ച്, അവരെ സ്നേഹിച്ച്, തന്റെ വിശ്വാസങ്ങളെ ഉയിരോടെ മുറുകെ ചേർത്ത് പിടിച്ച് ജീവിച്ചു.
കൂട്ടുകുടുംബത്തിൽ ഒരു മനുഷ്യന്റെ വളർച്ചയിൽ അവരെ ഏറ്റവും അധികം സ്വാധീനിക്കുന്നത് അപ്പുപ്പന്മാരും അമ്മുമ്മമാരുമാണെന് ഉറച്ച് വിശ്വസിക്കുന്നു. അതിനാൽ തന്നെ, ഫോണുകളും ഇൻസ്റ്റഗ്രാമും വരുന്ന കാലത്തിന് തൊട്ട് മുന്നേ ജീവിച്ച എന്റെ തലമുറയ്ക്ക് അവരിലൂടെ അറിവുകൾ നേടാനും, ജീവിതം പഠിക്കാനും സാധിച്ചു. എന്റെ അപ്പുപ്പനിലൂടെയും അമ്മുമ്മയിലൂടെയും വളർന്ന ഞാൻ, മുപ്പതുകൾ അടുത്തപ്പോൾ ആതിരയുടെ അപ്പുപ്പനിൽ നിന്നും ഓർമ്മകൾ സ്വന്തമാക്കി.
കഴിഞ്ഞ എന്റെ പിറന്നാളിന് അപ്പൂപ്പനുണ്ടായിരുന്നു. അന്ന് ഞാൻ കേക്ക് കൊടുക്കുമ്പോൾ ഇട്ടിരുന്ന അതെ ഷർട്ടാണ്, പാലായിൽ ജോലിയിൽ നിന്നും വിവരം അറിഞ്ഞ് കോട്ടയത്തെ ആശുപത്രിയിൽ പോയി അപ്പൂപ്പനെ അവസാനമായി കാണുവാൻ നേരവും ഇട്ടിരുന്നത്.
വിധി.
ആതിരയുടെ വീട്ടിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള, എനിക്കൊരുപാട് സ്നേഹവും ബഹുമാനവുമുള്ള അപ്പൂപ്പന് വിട.
കൂടെ മറ്റൊന്ന്.
ഇനിയും വിടവാങ്ങലുകൾ ജീവിതത്തിലുണ്ടാകും. അവയെല്ലാം തന്നെ ഒഴിച്ചിടുന്ന കസേരകൾ.. അവ എന്നും അങ്ങനെ തന്നെ ഒഴിഞ്ഞ് കിടക്കുമെന്ന തികഞ്ഞ ബോധ്യത്തോടെ..





Comments