സ്വാധീനം തന്നെയല്ലേ ജീവിതം?
- May 28
- 2 min read
കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഒരു ഫ്രഞ്ച് സിനിമ കണ്ടു. ആ സിനിമയിലെ ഒരു ചെറിയ ഡയലോഗ് ഉണ്ട്.
"നാം പോലും അറിയാതെ നമ്മുടെ പ്രവർത്തികളും വാക്കുകളും രണ്ടാമതൊരാളുടെ ജീവിതത്തിൽ ഒരു ഇമ്പാക്ട് കൊണ്ട് വരും. അത് നെഗറ്റീവോ പോസീറ്റീവോ എന്തും ആയിക്കോട്ടെ. ആ ഇമ്പാക്ട് ഉണ്ടല്ലോ, അതാണ് ജീവിതം."
ഒരുപാട് അർഥങ്ങൾ ഉള്ള ഒരു ചെറിയ സംഭാഷണം. അതിനപ്പുറത്തേക്ക് ഒന്നുമില്ല. പക്ഷേ ഒരു നിമിഷം ഒന്ന് ആലോചിച്ച് നോക്കിക്കേ.. എന്ത് സത്യമാണത്!
നമ്മൾ അടുത്ത എന്ത് ചെയ്യണം, എന്ത് കഴിക്കണം, എന്ത് കുടിക്കണം എന്നതിൽ എല്ലാം നമുക്കൊരു തീരുമാനം ഉണ്ടായേക്കാം. എന്നാലും നമ്മൾ ഒരു അഭിപ്രായം എവിടെന്നേലും കേട്ടാൽ, ആ ഒരൊറ്റ അഭിപ്രായം ഉണ്ടാക്കുന്നൊരു സ്വാധീനമില്ലേ?
ഇതിങ്ങനെ പറയുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്നൊരു സംഭവം പറയാം. രണ്ട് വർഷങ്ങൾക്ക് മുന്നെയാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തൊരു കാറപകടം ഉണ്ടായി. പാതി രാത്രി ഒരു മണി ആയതിനാൽ യമനും ഉറക്കമായിരുന്നു. അത് കൊണ്ട് മാത്രം ഒരു ചെറിയ പൊള്ളലിൽ മാത്രം ഒതുങ്ങിയ കാറപകടം. കാറിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവരുടെ ഉത്തരവാദിത്ത്വം, വിലയേറിയ കാമറ, ലൈറ്റ് ഉപകരണങ്ങൾ കാറിൽ ഉണ്ടായിരുന്നു എന്ന ബോധം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ തലയിൽ ഇങ്ങനെ ഓളം കൊള്ളുന്നുണ്ടായിരുന്നു. കൂടെ കാർ സ്റ്റേഷനിൽ, മുൻവശം മുഴുവനായി നശിച്ച് കിടപ്പുണ്ടായിരുന്നു. അത് പോലെ വൈദ്ധ്യുതി ബോർഡിൻറെ പോസ്റ്റ് ഇടിച്ച് നശിപ്പച്ചതിന്റെ പരാതി. ഹോ! അങ്ങനെ എന്തൊക്കെ!
എങ്ങനൊക്കെയോ രണ്ട് മണിക്കൂർ ഉറങ്ങി ഉച്ചയായപ്പോൾ എഴുനേറ്റു. ഇതാ വരുന്നു പോസ്റ്റ് നശിപ്പിച്ചതിന്റെ ബിൽ. ആ ബില്ല് കണ്ടു ബാക്കി ഉണ്ടായിരുന്ന ഉറക്കവും ഇനി ഒരു ജന്മത്തേക്കുള്ള ഉറക്കവും നഷ്ടപ്പെട്ടു. തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടെങ്കിലും അതിന്റെ പുറകിൽ ഇപ്പോൾ പോയാൽ, കാർ ഒരിക്കലും സ്റ്റേഷനിൽ നിന്നും ഇറക്കാൻ പറ്റില്ല എന്നൊക്കെ ഉള്ള വാചകങ്ങൾ ചുറ്റും. അപ്പോഴാണ് അടുത്ത സുഹൃത്ത് വീട്ടിലേക്ക് വന്നത്. അവനൊരു രസികനാണ്. ചില സമയങ്ങളിൽ സ്ഥാകാല ബോധമില്ലാതെ എന്തെങ്കിലുമൊക്കെ പറയുമെങ്കിലും, ഈ അവസ്ഥകളിൽ അവന്റെ സാനിധ്യം നല്ലതായിരിക്കും.
ഈ ബില്ലിലെ പൈസ കണ്ടിട്ട്, ഇതെന്താ ഇത്രേം എന്ന കൗതുകത്തിൽ വിളിച്ചന്വേഷിച്ചപ്പോൾ ആണ് ഞാൻ ആ രാത്രി ഇടിച്ച് കയറ്റിയത് ഒരു 9KV പോസ്റ്റിലാണെന്നും അത് ട്രാൻസ്ഫോർമേറിന്റെ തൊട്ടടുത്തായതിനാൽ വിലയേറിയ പോസ്റ്റാണെന്നും അറിഞ്ഞത്.
ആ അറിവും കൂടെയായി ആകെ വിഷാദനായി സോഫയിൽ ഇരുന്ന എന്റെ മുന്നിൽ അവൻ വന്നു നിന്നു. കഴിലൊരു കുപ്പി വെള്ളമുണ്ട്. ഒരു കവിൾ വെള്ളം കുടിച്ചിറക്കിയതിനു ശേഷം അവൻ തകർന്നിരുന്ന എന്റെ മുഖത്ത് നോക്കി "നിനക്ക് ഈ ലോകത്ത് വേറെയൊരു പോസ്റ്റും കിട്ടീലെ? ഒരു 9KV പോസ്റ്റ് തന്നെ വേണമായിരുന്നോ? ഹോ."
ഒരു നിമിഷം ഞാൻ തല പൊക്കി അവനെ നോക്കി.
അവൻ അതും പറഞ്ഞ് തിരിഞ്ഞ് നടന്നു. ഞാനും എന്റെ ഭാര്യയും പരസ്പരം നോക്കി.
എന്നിട്ട് ഒരു പൊട്ടിച്ചിരി!
ഇതാണ് ഞാൻ നേരത്തെ പറഞ്ഞ ഇമ്പാക്ട്. ആ അപകടത്തിൽ മാനസികമായി തകർന്നിരുന്ന സമയത്ത്, കൃത്യമായി വന്ന് ആ ഒരൊറ്റ വാചകത്തിൽ മുഴുവൻ മൂടും മാറ്റിയ ഇമ്പാക്ട്.
സത്യത്തിൽ ഇത് തന്നെയല്ലേ ജീവിതം? ഒരു നിമിഷത്തേക്കെങ്കിൽ ഒരു നിമിഷം, ഇങ്ങനെ നാം ചെയ്യുന്ന ഒരു പ്രവൃത്തി രണ്ടാമതൊരാളിൽ ചെറിയ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചാൽ, അതിന്മേൽ മറ്റെന്തുണ്ട്?
ഇനി മറ്റൊരു കഥ പറയാം. ഈ അടുത്ത കാലത്ത് ഞാൻ പരിചയപ്പെട്ട ഒരു പെൺകുട്ടി. അസാധ്യമായ ആഴത്തിൽ ജീവിതത്തെ നന്നേ ചെറുപ്പത്തിൽ നോക്കി കാണാൻ കഴിവുള്ള ഒരു കുട്ടി. അതേ പോലെ അസാമാന്യമായി വാക്കുകൾ കൊണ്ട് ഒരു ചെറു ലോകം തന്നെ സൃഷ്ടിക്കാനും പെൻസിൽ കൊണ്ടൊരു മായാജാലം തീർക്കാനും കഴിവുള്ള കുട്ടി. യാദൃശ്ചികമായി പരിചയപ്പെട്ടതാണ്. എന്നാൽ വർഷങ്ങൾക്ക് ശേഷം എന്നിലെ എഴുത്തുകാരനെയും, ചിന്തകനെയും ഉണർത്താൻ അവൾക്ക് സാധിച്ചു. അതൊരിക്കലും എന്നോട് എഴുതാൻ നിർബന്ധിച്ചിട്ടോ വാക്കുകൾ കൊണ്ട് പ്രചോദനം തന്നിട്ടോ അല്ല. മറിച്ച്, ആഴത്തിലുള്ള സംഭാഷങ്ങളാണ്. അവളുടെ മനോഹരമായ എഴുത്തുകളാണ്. അർഥങ്ങൾ ഒരുപാട് വിളിച്ചോതുന്ന വരകളാണ്. പിന്നെ ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങളെയും ഒരേ പോലെ ബഹുമാനിക്കുകയും പ്രാധാന്യത്തോടെ നോക്കി കാണുകയും ചെയ്യുന്ന ഒരാളോട് സംസാരിക്കുമ്പോൾ അവർ പോലും അറിയാതെ നമ്മളിൽ ഉണ്ടാകുന്നൊരു സ്പാർക്കുണ്ട്. അതാണ് ഞാൻ പറയുന്ന ഇമ്പാക്ട്, അഥവാ ജീവിതം.
ആറടി മണ്ണിലേക്ക് മായുമ്പോൾ, ആ നിമിഷം വരെ നമ്മൾ എങ്ങനെ മറ്റുള്ളവരെ സ്വാധീനിച്ചോ, അതിന്റെ പേരിൽ മാത്രമായിരിക്കും നമ്മൾ ഓർമ്മിക്കപ്പെടുക. അത് തന്നെയല്ലേ ജീവിതം?