വല്യ കണ്ടു പിടിത്തം.
- Mar 4
- 2 min read
എഴുത്ത്.
വാക്കുകൾ.
ആശയങ്ങൾ.
കുറച്ചധികം നാളുകളായി ഇവിടേക്ക് വന്നിട്ട്. എന്തെങ്കിലും എഴുതിയിട്ട്. പരസ്യങ്ങൾക്ക് വേണ്ടി വല്ലപ്പോഴും എന്തെങ്കിലും ചെറിയ കഥകളോ, സംഭാഷണങ്ങളോ എഴുതുന്നത് അല്ലാതെ, മനസ്സിലെ ചിന്തകൾ എഴുതാൻ സാധിച്ചിട്ടില്ല.
കാലം കടന്ന് പോകുമ്പോൾ എഴുത്തിന്റെ ലോകത്ത് നിന്നും ഒരുപാട് അകലേക്ക് പോകുന്നത് പോലെ തോന്നിയിട്ടുണ്ട്. എപ്പോഴൊക്കെയോ ഈ ബ്ലോഗ് എഴുത്ത് തുടരാൻ ആഗ്രഹിച്ച് എഴുതി തുടങ്ങുമ്പോൾ കൃത്യമായ വാക്കുകൾ കിട്ടാതെ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്നും അങ്ങനെയൊരു ദിവസമാകുമോ എന്നുറപ്പില്ല.
എഴുത്തിന്റെ ലോകത്തേക്ക് തിരിച്ച് വന്ന് ശക്തമായി രാഷ്ട്രീയം സംസാരിക്കാൻ ആഗ്രഹമുണ്ട്. അതിനു വേണ്ട കാര്യങ്ങളൊക്കെ ചുറ്റും നടക്കുന്നുമുണ്ട്. എന്നാൽ വിരസത തോന്നാതെ എഴുത്ത് പൂർത്തീകരിക്കാൻ കഴിയണം. അങ്ങനെയൊരു വിഷയം ആദ്യം എഴുതിയാലോ എന്ന ആലോചിച്ച് കുറച്ച് ദിവസങ്ങൾ കടന്ന് പോയി.
അപ്പോഴാണ്, അക്ഷരങ്ങളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ച് നടത്തിയ ഒരാളെ പറ്റി ഓർമ്മ വന്നത്. അല്ല, വരാൻ വേണ്ടി മാത്രം മറന്ന് പോയ വ്യക്തിയൊന്നുമല്ല. ദിവസവും ഒരു നേരമെങ്കിലും ഓർക്കാതെ പോകാറില്ല. എങ്കിലും, രാവിലകളിൽ നിർബന്ധിച്ച് പത്രം വായിപ്പിച്ചും, ടി വിയിലെ വാർത്തകൾ കേൾപ്പിച്ചും ബാല്യത്തിലെ എന്നിൽ മലയാള ഭാഷയും ഇംഗ്ലീഷ് ഭാഷയും ഒരേപോലെ പഠിപ്പിച്ച വ്യക്തി. എസ്. രാമദാസ് - എന്റെ അപ്പുപ്പൻ.

സൂചിപ്പിച്ചത് പോലെ അപ്പൂപ്പനെ പറ്റി ഓർക്കാൻ അങ്ങനെ പ്രത്യേകിച്ച് കാര്യം ഒന്നും വേണ്ട ജീവിതത്തിൽ. ദിവസവും എന്തെങ്കിലും കാണുമ്പോഴോ കേൾക്കുമ്പോഴോ ആ മുഖവും കുറെ സംഭാഷണങ്ങളും വഴക്കുകളും ഓർമ്മ വരും. ക്രിക്കറ്റ്, സന്തോഷ് ട്രോഫി, ഫെഡറർ, രാഷ്ട്രീയം, കോൺഗ്രസ്, നെഹ്‌റു, മിലിറ്ററി, ഡൽഹി തുടങ്ങി ഏതാനും വാക്കുകൾ കേൾക്കാത്ത ദിവസങ്ങൾ ഇല്ലലോ.
ചെറിയൊരു അനുഭവം പറയാം. മൂന്ന് നാല് മാസം മുന്നെയാണ്. ഞാൻ തിരുവനന്തപുരം പുളിമൂഡുള്ള GPO ഇൽ ഒരു സ്പീഡ് പോസ്റ്റ് അയക്കാനായി പോയി. എത്രയും വേഗം ആ പോസ്റ്റ് അയക്കുകെയും അത് എത്തേണ്ടടുത്ത എത്തുകയും വേണ്ടിയിരുന്ന അത്രമേൽ പ്രധാനപ്പെട്ട ഒരു പോസ്റ്റായിരിന്നു. ഞാൻ അത് അയക്കാനായി ക്യൂവിൽ നിൽക്കുന്ന സമയം ഇച്ചിരി പ്രായമുള്ള ഒരു അമ്മുമ്മ എന്റെ അടുത്ത് വന്ന് നിന്നു. എന്റെ മുഖത്തേക്ക് കുറച്ച് സമയമിങ്ങനെ നോക്കിയിട്ട് "ദാസ് സാറിന്റെ ആരെങ്കിലുമാണോ?" എന്നൊരു ചോദ്യം.
ഓർമ്മവെച്ച നാൾ മുതൽ ഇന്ന് വരെ തിരുവനന്തപുരത്ത് പല സ്ഥലങ്ങളിൽ വെച്ചിങ്ങനെ പലവരും "ദാസ് സാറിന്റെ ചെറുമകൻ" എന്ന വിലാസം കണ്ടമാത്രയിൽ തരാറുണ്ട്. അന്നൊക്കെ പലപ്പോഴും ആരെങ്കിലും ഒക്കെ കൂടെ കാണും. അമ്മയോ, അമ്മുമ്മയോ, അച്ഛനോ, ചിലപ്പോ അപ്പുപ്പൻ തന്നെ കൂടെ കാണും. പക്ഷേ അപ്പൂപ്പന്റെ മരണ ശേഷം ഇതാദ്യമായിയാണ് ഇങ്ങനെയൊരു അനുഭവം.
ഞാൻ "അതേ, ചെറുമകനാണ്." എന്ന് പറഞ്ഞതും ഈ പുള്ളിക്കാരി എന്റെ കൈയും പിടിച്ച് ആ ക്യുവിൽ നിന്നിറക്കി "എനിക്ക് ജോലി വാങ്ങിച്ച് തന്നത് ദാസ് സാറാ!" എന്നും പറഞ്ഞ് സംസാരിക്കാൻ തുടങ്ങി. എന്ത് മറുപടി പറയണമെന്നറിയാതെ നോക്കി ചിരിച്ച്കൊണ്ട് നിൽക്കാനേ എനിക്ക് കഴിഞ്ഞോളു. എന്നാൽ പിന്നെ ഞാൻ തിരിച്ച് ക്യുവിൽ പോയി നിൽക്കട്ടെ എന്ന് ചോദിക്കാതെ ചോദിച്ച് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ എന്റെ കൈയിലെ പിടുത്തം കുറച്ച് കടുപ്പത്തിലായി.
ഈ അമ്മുമ്മ എന്നെയും കൊണ്ട് ആ പോസ്റ്റ് ഓഫീസിലെ കുറഞ്ഞത് അഞ്ച് ക്യാബിനിലെങ്കിലും കൊണ്ട് പോയി അവർക്കൊക്കെ എന്നേ പരിചയപ്പെടുത്തി "ദാസ് സാറിന്റെ കൊച്ച് മോനാ". അതിന് അവർക്കൊക്കെ ഈ ദാസ് സാറിനെ അറിയോ എന്ന് ഞാൻ സംശയിച്ചു. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് അഞ്ചിൽ നാല് പേരും കോവിഡ് കാലമായതിനാൽ അപ്പൂപ്പന്റെ മരണത്തിന് വരാൻ സാധിക്കാത്തതിന്റെ വിഷമം പറഞ്ഞു!
അങ്ങനെ ഇതെല്ലാം കഴിഞ്ഞ് തിരികെ പുറത്തേക്ക് ഇറങ്ങാൻ നേരം ഈ അമ്മുമ്മ എന്റെ അടുത്ത് വീണ്ടും വന്ന്, "മോന്റെ പേരെന്താ?" എന്ന് ചോദിച്ചു.
"വിഷ്ണു."
"ഓ. അപ്പൊ സുനി അല്ലെ?"
"അല്ല, അത് മാമനാ."
"എല്ലാവരും ഒരു പോലെയുണ്ട്"
ഇത്രെയും പറഞ്ഞ് ആ അമ്മുമ്മ പടിയിറങ്ങിയങ്ങു പോയി.
ഞാൻ കുറച്ച് നേരം അവിടെ തന്നെ നിന്നു. വിദൂരതയിലേക്ക് നോക്കി, എന്തൊക്കെയോ ചിന്തകൾ എന്നിലൂടെ കടന്ന് പോയി. ശരിക്കും ഞാൻ അപ്പുപ്പനെയും മാമനെയും പോലെയാണോ ഇരിക്കുന്നത്? അപ്പൂപ്പന് കട്ടി മീശയും, അത്യാവശ്യം മസിലും ഉണ്ടായിരിന്നു. മാമന് നല്ല കട്ടി താടിയും കുടവയറും. ഇതൊന്നും എനിക്കില്ല. ഞാൻ എന്റെ തലയൊന്നു തടവി.
അതേ.. സാമ്യത ഉണ്ട്.
കഷണ്ടിയുടെ കാര്യത്തിൽ.
ഒരേ പോലത്തെ കഷണ്ടി!
ഒരേ ഷേപ്പിലുള്ള കഷണ്ടി!
എന്തോ വല്യ കാര്യം കണ്ടു പിടിച്ചെന്ന ഗീർവ്വിൽ ഞാൻ ഓട്ടോ പിടിച്ച് വീട്ടിൽ പോയി.
---------
ഓർക്കാറുണ്ട് ഇപ്പോഴും, അപ്പുപ്പൻ ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ ജീവിതം എന്ത് വിത്യാസപെട്ടായേനെ. സ്ട്രോക്ക് വന്ന് അഞ്ച് വർഷത്തോളം സംസാരിക്കാൻ കഴിയാതെ ഇരുന്നപ്പോഴും സ്വയം നടക്കാൻ പോകാനും തുണി കഴുകാനും കൃത്യസമയത്ത് ആഹാരം കഴിക്കാനും ആഗ്രഹിച്ച അത്രമേൽ മാനസിക ശക്തിയുള്ള ഒരാളെ ഞാൻ വേറെ ഇതുവരെ കണ്ടിട്ടില്ല. കാണുകയുമില്ല.