തുറന്ന് പറയേണ്ടതായ ചില കാര്യങ്ങൾ - സിനിമയിലെ ഫാസ്‌സിസം
- Vishnu Udayan
- Jun 14, 2022
- 2 min read

ഇവിടെ എഴുതാൻ പോകുന്ന കാര്യങ്ങൾ കുറച്ച് പേർക്കെങ്കിലും നന്നായി അറിയാവുന്നതാണ്. പക്ഷേ ഇപ്പോഴെങ്കിലും ഇത് കുറച്ച് കൂടെ ആൾക്കാർ അറിയണമെന്ന് തോന്നുന്നു.
കഴിഞ്ഞ ഒരു വർഷത്തിലധികമായി ഒരു സിനിമ ഓൺ ആക്കാൻ നെട്ടോട്ടം ഓടുന്നുണ്ട്. നിർമ്മാതാക്കൾ, ഫണ്ടേഴ്സ്, പ്രൊഡക്ഷൻ കൺട്രോളേഴ്‌സ് തുടങ്ങി എല്ലാവരെയും കണ്ടു, കഥ പറഞ്ഞു. കഥയിനോട് ആർക്കും തന്നെ വിയോജിപ്പ് നാളിന്നേക്ക് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ സിനിമ എന്നത് കല മാത്രം അല്ലാത്തതുകൊണ്ടും, അതിനൊരു കച്ചവട വശം ഉള്ളതുകൊണ്ടും, ഒരു പുതുമുഖ സംവിധായകനും എഴുത്ത്കാരനും വളർന്ന് വരുന്ന ഒരു അഭിനേത്രിയെ സിനിമയുടെ പ്രധാനമുഖമായി അവതരിപ്പിക്കുന്ന സിനിമയിൽ വിപണി സംശയം സ്വാഭാവികമാണ്.
എന്നാൽ അതിനപ്പുറം ആദ്യം കുറച്ച്പേർക്ക് നമ്മൾ പറയുന്ന അഭിനേത്രിക്ക് എത്രമാത്രം ഈ കഥാപാത്രം ഉൾകൊള്ളുമെന്നത് ചോദ്യമായി വന്നു. അവർക്കു മറുപടി കൊടുക്കേണ്ടതും അവരെ വിശ്വസിപ്പിക്കേണ്ടതും ഒരു സംവിധായകൻ എന്ന നിലയിൽ എന്റെയും എന്റെ തിരക്കഥാകൃത്തിന്റെയും കടമയായതിനാൽ നമ്മൾ സ്വന്തം ചിലവിൽ ചെറിയ രണ്ട് പൈലറ്റ് ഷൂട്ട് ചെയ്തു.
അവിടെ അഭിനേത്രിയിൽ മേലുള്ള പ്രശ്നങ്ങൾ തീരുമെന്ന് നമ്മൾ പ്രത്യാശിച്ചു.
എന്നാൽ, തടസ്സവാദങ്ങൾ അവിടെ അവസാനിച്ചില്ല. ഇപ്പോഴും പറയുന്നു, വിപണിയിൽ സ്വാഭാവികമായും സംശയം തോന്നാം. പക്ഷേ ഒരു സിനിമയുടെ നട്ടെല്ല് അതിന്റെ കഥയും, തിരക്കഥയും, സംവിധായകനുമാണെന്ന് ഉറപ്പിച്ചു വിശ്വസിക്കുന്നതുകൊണ്ടു വീണ്ടും യാത്ര തുടർന്ന്. അങ്ങനെയിരിക്കെ ഒരു സുഹൃത്ത് വഴി ഒരു നിർമ്മാതാവിനെ പരിചയപെട്ടു. അദ്ദേഹം കഥ കേൾക്കാൻ തയ്യാറാണെന്ന് പറഞ്ഞു. പക്ഷേ ഒരു ഉപാധി - നായികയെ മാറ്റണം.
സിനിമ ഓൺ ആയിട്ടില്ല, ഓർക്കണം. തിരക്കഥ കേൾക്കുന്നതിന് മുന്നേ തന്നെ അതിൽ സംവിധായകനും എഴുത്തുകാരനും മനസ്സിൽ കാണുന്ന നടിയെ മാറ്റണം - അതാണ് ഉപാധി. ഇതെന്ത് ന്യായമാണെന്ന് എനിക്കിന്നും മനസിലായിട്ടില്ല. നിങ്ങൾ ആദ്യം കഥ കേൾക്കു, കഥ കേട്ടിട്ട് ആ കഥാപാത്രം നമ്മൾ പറയുന്ന അഭിനേത്രിക്കു ചേരുന്നില്ല എന്ന് തോന്നുവാണെങ്കിൽ, നമുക്ക് സംവദിക്കാം. നമ്മുടെ കാരണങ്ങൾ നമ്മൾ ബോധിപ്പിക്കും. എന്നിട്ടും ഒരു പരിഹാരമില്ലെങ്കിൽ നമുക്ക് ഒന്നെങ്കിൽ പിരിയാം അല്ലെങ്കിൽ നിങ്ങൾ പറയുന്ന ആളെ വെച്ച് സിനിമയെടുക്കാം. പക്ഷേ കഥപോലും കേൾക്കാതെ, ഇന്ന നടിയാണെങ്കിൽ എനിക്ക് കേൾക്കണ്ട എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
പുതുമുഖ സംവിധായകനാണെങ്കിലും അല്ലെങ്കിലും ഒരു കഥയിൽ തന്റെ കാഴ്ചപ്പാടിൽ ഇന്ന അഭിനേതാക്കൾ നന്നായിരിക്കും എന്ന് തോന്നുന്നടുത്താണ് ഒരു സംവിധായകൻ ജനിക്കുന്നത്, ഒരു സിനിമയുടെ ഉത്ഭവം. പിന്നീട് അനേകം സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും സംവിധായകന് തന്റെ തീരുമാനം ബോധ്യപ്പെടുത്താൻ പറ്റിയില്ലെങ്കിൽ അടുത്ത ഓപ്‌ഷനിലേക്ക് പോകും. അതല്ലാതെ, നിങ്ങൾ പറയുന്ന ഈ ആളെ വെച്ച് ശരിയാവില്ല എന്ന് മുഖമടിച്ച് പറയുകയും, അതെന്ത് കൊണ്ട് അങ്ങനെ പറയുന്നു എന്നതിന് വ്യക്തമായ കാരണം പറയാതെ ഇരിക്കുന്നതും ചെയുന്നത് ഫാസ്‌സിസം തന്നെയാണ്!
പുതുമുഖ സംവിധായകർ നേരിടുന്ന അനേകം പ്രശ്നങ്ങളിൽ ഒന്ന് മാത്രമാണ് ഞാൻ നേരിട്ടതും നേരിട്ട്കൊണ്ടിരിക്കുന്നതും. സിനിമയെ സ്വപ്നം കണ്ട് ഇറങ്ങി തിരിക്കുമ്പോൾ എല്ലാവര്ക്കും അവരവരുടെ സിനിമയാണ് ജനങ്ങളിലേക്ക് എത്തിക്കാൻ താല്പര്യം. സെറ്റുകളിൽ പോയി ഇരുന്നു വെറും ആക്ഷനും കട്ടും വിളിക്കാനുള്ള ഒരു ഉപകരണമായി പോയ പുതുമുഖ സംവിധായകരുടെ ധാരാളം കഥകൾ കേട്ടിട്ടുണ്ട്. അത് ചോദ്യം ചെയ്യുമ്പോൾ തിരിച്ച് ഇങ്ങോട്ട് വരുന്ന ന്യായീകരണമാണ് - ഒരുപാട് പേരുണ്ട് പുറത്ത്, നിങ്ങൾക്കൊരു അവസരമാണ് തരുന്നത്. അവസരം ഉപയോഗിക്കു.
ചെയ്യുന്ന ജോലിക്ക് മാന്യമായ കൂലിയും ബഹുമാനവും എന്നത് അടിസ്ഥാന അവകാശമാണ്. ആ അവകാശം നിഷേധിക്കാൻ ഇവിടെയാർക്കും അവകാശമില്ല. ഒരു സംവിധായകന്റെ കാഴ്ചപ്പാടുകളെ മുഴുവനായി പാടെ അവഗണിക്കുന്ന നിർമ്മാതാക്കൾ വിപണി മാത്രം ലക്ഷ്യംവെയ്ക്കുമ്പോൾ അവിടെ ഇല്ലാതാക്കുന്നത് സ്വപ്‌നങ്ങൾ കണ്ട് ശീലിച്ച യുവാക്കളുടെ മനസ്സാണ്. അതിലേക്കാണ് നിങ്ങളുടെ "അവസരമാണിത്" എന്ന ബുൾ ഡോസെർ ഇടിച്ച് കയറ്റുന്നത്!






Comments