വെട്ടി മുറിക്കപ്പെടുന്ന സ്വപ്‌നങ്ങൾ.
- Vishnu Udayan
- Jul 3, 2021
- 2 min read

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്. അന്യഭാഷാ സിനിമകളിൽ അത്യാവശ്യം പ്രശസ്തനായ സുഹൃത്തിന്റെ വിളി വന്നു ഒരു വൈകുനേരം. അന്ന് അവൻ അഭിനയിച്ച ഒരു സിനിമയുടെ റിലീസ് ദിനമായിരുന്നു. എങ്ങനുണ്ട് പ്രതികരണങ്ങൾ എന്ന് ചോദിച്ചു സംസാരം തുടങ്ങിയ ഞാൻ കേട്ടത് വളരെ വിഷമമേറിയ ഒരു ശബ്ദമാണ്.
"വയ്യട. മടുത്തു. കുറച്ച് നാൾ അഭിനയം മാറ്റി വെയ്ക്കണം."
ഞെട്ടി പോയി. എന്താ സംഭവിച്ചതെന്ന് പോലും ചോദിക്കാനുള്ള ബോധം എനിക്കുണ്ടായില്ല. അത്രേമേൽ ഞാൻ ഞെട്ടിത്തരിച്ച് ഇരുന്ന് പോയി. അന്ന് ഇറങ്ങിയ സിനിമയെ പറ്റി സോഷ്യൽ മീഡിയയിലും മറ്റും ഞാൻ നല്ല പ്രതികരണങ്ങൾ കണ്ടിരുന്നു. എന്നിട്ടും അവനെന്തിനാ ഇങ്ങനെ പറയുന്നതെന്ന് എനിക്ക് മനസിലാക്കാൻ പറ്റിയില്ല. പിന്നെ മെല്ലെ ഞാൻ കാര്യം ചോദിച്ചു. അപ്പോഴാണ് പറഞ്ഞത് "ചെയ്യ്ത സീനുകൾ ഒക്കെ വെട്ടിപോയി. എന്റെ കഥാപാത്രത്തിന് ഇപ്പൊ സ്പേസ് ഒന്നുമില്ല. ഒന്നോ രണ്ടോ സംഭാഷണം. അത്രേ ഒള്ളു. നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. മുഴുനീള കഥാപാത്രമായിരുന്നു. പക്ഷേ ഇപ്പൊ ഒന്നുമില്ല."
എനിക്ക് തിരിച്ചൊന്നും പറയാനില്ലായിരുന്നു.
--------------------------------------------------------------------------------
സിനിമയിൽ കയറി പറ്റുക എന്നത് ഒട്ടും എളുപ്പമല്ലാത്ത ഒരു കാലമാണ്. അഭിനയിക്കുന്നവർക്കാണേൽ വര്ഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായി വല്യ ആൾക്കൂട്ടത്തിലും മറ്റും മാത്രം വന്ന കഥകൾ കാണും. അങ്ങനെ കയറി വരുന്നവർക്ക് ഒരു സിനിമയിൽ ഒരു സംഭാഷണം എങ്കിലും പറയാൻ കിട്ടിയാൽ അതൊരു വല്യ വാർത്തയാണ്. അവരുടെ സ്വപ്നങ്ങളിലേക്കുള്ള ഒരു കാൽവെപ്പാണ് അത്. അവ വെട്ടി മാറ്റപെടുന്നത് അറിയുമ്പോൾ അവരുടെ ഉള്ളൊന്നു പിടയ്ക്കും.
വെട്ടി മുറിക്കപ്പെടുന്നത് സ്വപ്‌നങ്ങൾ തന്നെയാണ് അഭിനയമോഹികളുടെ. പക്ഷേ അവ നമുക്ക് അധികം ചോദ്യം ചെയ്യാൻ പറ്റില്ല എന്നതാണ് യാഥാർഥ്യം. അത്യാവശ്യം ഹ്രസ്വ ചിത്രങ്ങളും മറ്റുമെടുത്തിട്ടുള്ള എനിക്ക് വ്യക്തമായി പറയാൻ കഴിയും, സീൻസ് വെട്ടി പോകുന്നതിന്റെ കാരണങ്ങൾ. സിനിമയുടെ മൊത്തത്തിലുള്ള ദൈർഖ്യമുൾപ്പെടെയുള്ള വിഷയങ്ങൾ മാനദണ്ഡമാവാറുണ്ട്. പക്ഷേ സിനിമയിൽ അഭിനയിച്ച നടനെ സംബന്ധിച്ച് അവന്റെ സ്വപ്നമാണ് അഭിനയിച്ച ഓരോ ഷോട്ടും പറഞ്ഞ ഓരോ സംഭാഷണവും. അവർ ഒരു സംഭാഷണം പറഞ്ഞ കാര്യം പോലും വീട്ടുകാരോടും നാട്ടുകാരോടും വല്യ കഥയായി പറയും. കാരണം അവരെ അത്രമേൽ ആവേശംകൊള്ളിക്കുന്ന ഒന്നാണ് സിനിമ അഭിനയം. അപ്പോഴാണ് സിനിമയിറങ്ങുമ്പോൾ ഒന്നോ രണ്ടോ സീനുകളിലേക്ക് അവർ ചുരുങ്ങി പോകുന്നത്. അപ്പോൾ അവർക്കുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.
അവരിൽ ഒരാളാണ് ജിബിൻ ഗോപിനാഥ്. ഈ മനുഷ്യനെയും ഈ മനുഷ്യന്റെ സ്വപ്നത്തിനെയും പറ്റി എത്രനാൾ വേണമെങ്കിലും എത്ര വാക്കുകൾ വേണമെങ്കിലും വീണ്ടും വീണ്ടും ഞാൻ എഴുത്തും. അത്രമേൽ അടുത്ത് നിന്ന് കാണുന്നൊരാളാണ് ഞാൻ. അത് കൊണ്ടാണ് കഴിഞ്ഞ ദിവസം അയാളിട്ട ഒരു പോസ്റ്റ് എന്നേ വല്ലാതെ അലസോരപ്പെടുത്തിയത്. തന്റെ അവസാന സിനിമയിലെ ഒരു സ്ക്രീൻഷോട്ടിനു താഴെ വന്ന ആക്ഷേപം രൂപമുള്ള കമ്മെന്റുകൾ അയാളെ വേദനിപ്പിച്ചു. അതുകൊണ്ടാണ് അയാളത് പോസ്റ്റാക്കി ഇട്ടത്. ഈ കമ്മെന്റ് ഇടുന്നവർക്ക് എന്തും എപ്പോഴും ഏത് നേരം വേണമെങ്കിലും ഇടാം. പക്ഷേ ഇടുന്നതിനു മുമ്പ് ഒരു നിമിഷം മറ്റുള്ളവരുടെ കണ്ണിലൂടെയുള്ള ലോകം എങ്ങനെയായിരിക്കുമെന്ന് ആലോചിക്കണം. അത്രേ ഒള്ളു.
---------------------------------------------------------------------------------
ഇനി എന്റെ ജീവിതത്തിലെ ഒരു രസകരമായ സംഭവം പറയാം. എന്റെ 'Two Zero One Four' എന്ന ഷോർട് ഫിലിമായി ബന്ധപ്പെട്ട ഒരു കഥയാണ്. അതിൽ പോലീസ് കഥാപാത്രം നായകൻറെ അടുത്തേക്ക് വരുമ്പോൾ നായകൻ പേടിച്ച് എഴുനേൽക്കാൻ പോലും പറ്റാതെ എന്നാൽ ഓടാൻ വഴി തേടുന്നത് പോലെ അഭിനയിക്കണം. ഏകദേശം അഞ്ചിൽ കൂടുതൽ ടേക്കുകൾ ഉണ്ട്. അതിൽ ഒന്നിൽ നായകനായി അഭിനയിച്ച ഫാഹിം വളരെ രസകരമായി ഒരു വശത്തെ ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം കാണിക്കുന്നുണ്ട്. ഷോട്ട് എടുക്കുന്ന സമയം നന്നായി ചിരിപ്പിച്ച ഒരു രംഗമായിരുന്നു. അവൻ അത് തന്നെ എന്നോട് ഉപയോഗിക്കാൻ എടുത്ത് പറഞ്ഞു. എന്നാൽ എഡിറ്റിംഗ് ടേബിളിൽ പടമെത്തിയപ്പോൾ ആ ഷോട്ട് അവിടെ വേണ്ട എന്ന് തോന്നി. എഡിറ്ററും അതെ അഭിപ്രായം എന്നോട് പറഞ്ഞു. അത്രേം ചെയ്യാതെ തന്നെ ആ രംഗത്തിൽ ഹ്യൂമർ നന്നായി ഉണ്ട്. പിന്നെ എന്തിനാണ് അങ്ങനയൊരു ഷോട്ട്? അങ്ങനെ ഡബ് ചെയ്യാൻ എത്തിയ ഫാഹിമിന്റെ മുമ്പിൽ ഈ സംഭവം അവതരികപെട്ടു. ബൂത്തിൽ ഇരുന്ന് അളിയൻ ഒരു ബഹളം. "ഡേയ് എന്തോന്ന് ഡേയ്.. മറ്റേതല്ലേ കോമഡി.. ഷെയ്.." ഞാനും കട്ടായം പറഞ്ഞു ഇതേ ഉപയോഗിക്കുന്നുള്ളൂ എന്ന്. അങ്ങനെ മനസില്ലാ മനസ്സോടെ അവൻ സമ്മതിച്ചു. ഷോർട് ഫിലിം റിലീസായപ്പോൾ ഒരുപാട് പേര് ആ ഒരു രംഗം ആസ്വദിച്ചതായി പറഞ്ഞു. ഇതെന്റെ സംവിധായക കഴിവോ, ബുദ്ധിയോ എന്നല്ല പറയുന്നത്. മറിച്ച്, ഒരു സിനിമയ്ക്ക് എന്ത് വേണമെന്നുള്ളത് ഒരു സംവിധായകന്റെ വിവേചനാധികാരമാണ്. അതിനാൽ ചില വെട്ടിമുറിക്കലുകൾ "End product" ഇന് ഗുണം ചെയ്യും. അവ സ്വപ്നങ്ങളാണെങ്കിലും..
ആദ്യം പറഞ്ഞ ഫോൺ വിളിയിലെ സുഹൃത്ത് അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ്. അവന്റെ സീനുകൾ പോലും അപ്രത്യക്ഷമാകുന്നുണ്ട്. അവർക്കും വിഷമമുണ്ടാകും. പക്ഷേ..






Comments