top of page

ബിഗ് ബോസും മലയാളിയും.

  • May 28, 2021
  • 3 min read

Updated: Jun 29, 2021


ബിഗ് ബോസ് എന്നത് ഒരു സോഷ്യൽ experimental ഗെയിം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മലയാളം ബിഗ് ബോസ്സിന്റെ ആദ്യത്തെ സീസണിന്റെ ആദ്യ ദിവസം മുതൽ ഞാൻ വിടാതെ എല്ലാ എപ്പിസോഡുകളും കണ്ടിട്ടുണ്ട്. അതിന്റെ അനുഭവത്തിലാണ് ഞാൻ താഴെ കുറിക്കുന്നത്. 

ബിഗ് ബോസ് ആദ്യ സീസണിൽ തുടങ്ങാം. മനുഷ്യരുടെ ഒരു പൊതുസ്വഭാവമുണ്ട്. ഒളിഞ്ഞുനോട്ടം. ആ ഒളിഞ്ഞുനോട്ടത്തിന്റെ പറ്റിയ വേദിയാണ് ബിഗ് ബോസ്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഒരു വീട്ടിനുള്ളിൽ പൂട്ടി ഇട്ടിരിക്കുന്ന ആൾക്കാർ എന്ത് കാണിക്കും, എന്തൊക്കെ സംസാരിക്കുമെന്നത് കാണാനുള്ള ഒരു തരം വ്യഗ്രതയാണ്. ഞാനുൾപ്പെടുന്ന ബിഗ് ബോസ് പ്രേക്ഷകർ നമ്മുടെ ഉള്ളിലെ നമ്മൾ പോലും അറിയാത്ത അല്ലെങ്കിൽ കാര്യമായി പ്രകടമാക്കാത്ത ഈ ഒളിഞ്ഞുനോട്ട മനോഭാവം ഏറ്റവും മൂർച്ഛയിലെത്തുന്നത് ഇതുപോലത്തെ ഗെയിം ഷോകൾ വീക്ഷിക്കുമ്പോഴാണ്. 

പക്ഷേ മറ്റുള്ള പ്രക്ഷേകരെ വെച്ച് ഇന്ത്യക്കാർക്കിടയിൽ പ്രത്യേകിച്ച് മലയാളികൾക്കിടയിൽ ഒരു പൊതുസ്വഭാവമുണ്ട്. ഒരു തരം സൈക്കോ സാഡിസ്റ് മനോഭാവം. തനിക്ക് ഇഷ്ടമില്ലാത്ത ഒരാളെ, ഇഷ്ടമുള്ള ഒരാൾക്ക് വേണ്ടി പൊങ്കാല അർപ്പിക്കുന്ന ഒരു കലാപരിപാടി. ഇതിനു വേദി ഒരുക്കുന്നതാകട്ടെ ബിഗ് ബോസ്സിന്റെ അണിയറക്കാർ തന്നെയാണ്. അവരുടെ ഫേസ്ബുക്കിലെ ഒഫീഷ്യൽ ബിഗ് ബോസ് ഫാൻസ്‌ കൂട്ടായ്മയിൽ അപ്പ്രൂവ് ആകുന്ന പോസ്റ്റുകളുടെ നിലവാരം കണ്ടു കണ്ണ് തള്ളിയിട്ടുണ്ട്. അങ്ങനെയുള്ള പോസ്റ്റുകൾ വരുന്നതോടെ അവർ ഇമ്മാതിരി വൃത്തികെട്ട ചിന്താഗതിയുള്ളവരെ പ്രോഹത്സാഹിപ്പിക്കുകയാണ്. 

ആദ്യ സീസണിൽ നിന്ന് തുടങ്ങാം. അന്ന് മലയാളികൾ അത്ര പരിചിതമല്ല ഇതെന്താ സംഭവമെന്ന്. പോരാഞ്ഞിട്ട് മത്സാരാർത്ഥികൾ മുഴുവൻ എല്ലാവര്ക്കും അറിയാവുന്ന ആൾക്കാരാണ്. അത്യാവശ്യം മലയാള മനസ്സിൽ സ്വന്തമായി നല്ല സ്ഥാനം നേടിയവർ. അതുകൊണ്ടു തന്നെ അധികം വ്യക്തിഹത്യകൾ അവർ നേരിട്ടില്ല. പിന്നെ ഓണം പരിപാടിയുടെ ഇടയ്ക്ക് ഒരു മത്സരാർഥിയുടെ സാരി ഒന്ന് മാറിയപ്പോൾ അത് സ്ക്രീന്ഷോട് എടുത്ത് തുണ്ട് പറഞ്ഞവരും ഉണ്ടായിട്ടുണ്ട്. അത് ഒരുകാലത്തും മാറാൻ പോകാത്ത ലൈംഗിക ദാഹവും ഞരമ്പ് രോഗവും! 

രണ്ടാമത്തെ സീസണിലേക്ക് എത്തിയപ്പോൾ എല്ലാവര്ക്കും ആദ്യ സീസൺ വിജയിയെ പോലെയാവണം. പക്ഷേ അവിടെയൊരു തെറ്റുപറ്റി. മലയാളി പൊതുബോധത്തിൽ സദാചാരത്തിന്റെ വില നല്ലത് പോലെ അറിയാവുന്ന ഒരു മനുഷ്യൻ, താൻ മുന്നോട്ട് വെയ്ക്കുന്ന ആത്യന്തികം കഴിഞ്ഞ നൂറ്റാണ്ടുകളിലെ സംസ്ക്കാരവും, ഒറ്റപെടുന്നവരോട് മലയാളികൾക്ക് തോന്നുന്ന അനുകമ്പയും പിന്നെ വാക്ചാരുത്യത്തിനോടുള്ള ആരാധനയും നന്നായി മനസിലാക്കി, അത് അരയ്ച്ച് കലക്കി കളിയ്ക്കാൻ വന്നു. അയാൾ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ സംഘ്പരിവാറുകൾ തോറ്റ് പോകുന്ന തരത്തിലുള്ളവയായിരിന്നു. മറ്റുള്ള മത്സാരാർത്ഥികളുടെ തെറ്റുകൾ എന്നതിനേക്കാൾ ഉപരി, ഈ മനുഷ്യന്റെ തെറ്റായ ചിന്തകളും വർത്തമാനവും മലയാളികൾ അക്ഷരംപ്രതി വിഴുങ്ങി എന്നതാണ് സത്യം. ജസ്‌ല മാടശ്ശേരിയെ പോലെയുള്ളവർ എത്ര ശക്തമായി അതിനുള്ളിൽ വാദിച്ചാലും ഈ മനുഷ്യന്റെ വാക്കുകളിലെ \”the so called ആർഷഭാരത സംസ്ക്കാരം\” അതിനെയൊക്കെ തള്ളിക്കളഞ്ഞു. 

ആ സീസൺ കണ്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് എപ്പോഴും തോന്നിയൊരു സംശയമുണ്ട്. ഈ പറയുന്ന വ്യക്തി പറയുന്ന ചിലകാര്യങ്ങൾ അത് മലയാളികൾ ആഘോഷിക്കും. ഇതേ കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞ അവരെ പരിഹസിക്കും! ചില സാഹചര്യങ്ങളിൽ പുറത്ത് പോയിട്ട് തിരിച്ച് വന്ന മത്സാരാർത്ഥികൾ പെട്ടെന്ന് അയാളോടൊപ്പം കൂടിയത് അയാളുടെ ആശയങ്ങളോടുള്ള പ്രണയംകൊണ്ടല്ല എന്ന് വ്യക്തമായിരുന്നു. മനുഷ്യത്വം ഉള്ള, ബോധമുള്ള ആർക്കും അതിനോട് യോജിക്കാൻ പറ്റില്ല എന്ന് അരിയാഹാരം കഴിക്കുന്നാർക്കും അറിയാം. 

ഇനി പ്രധാനപ്പെട്ട ഒരു സംഭവത്തിലേക്ക് വരാം. അതിലെ മത്സരാർത്ഥി രേഷ്മയുടെ കണ്ണിൽ മുളക് തേയ്ച്ചതുമായി ബന്ധപ്പെട്ട വിഷയം. ആ പെൺകുട്ടിയുടെ തീരുമാനമാണല്ലോ അയാൾ പുറത്തേക്കുപോകാനുള്ള കാരണം. അതിനു ആ കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കാരണം, അയാളുടെ പുറത്തുള്ള അന്ധന്മാരായ ആരാധന സിംഹങ്ങൾ എത്രത്തോളമാണെന് ഏറെക്കുറെ അസുഖം വന്നു മാറി നിന്ന സമയങ്ങളിൽ മനസ്സിലായിക്കാണും. എന്നിട്ടും തിരിച്ച് വന്നിട് സ്വന്തമായി നിന്ന്, ബാക്കിയുള്ളവരെപോലെ അയാളോട് ചേരാതെ നടന്ന വ്യക്തിയാണ് രേഷ്മ. അതിനു കൈയടിച്ചേ മതിയാവു. പക്ഷേ സമൂഹത്തിൽ എന്താ നടന്നത്? രേഷ്മയുടെ സോഷ്യൽമീഡിയ തിരഞ്ഞു. ആരാണ് ഈ കുട്ടി – (വേറെ വാക്കാണ്) – നമ്മുടെ സാറിനെ പുറത്താക്കാൻ എന്ന മട്ടിൽ സംസാരവിഷയമായി. സീരിയൽ നടന്മാരും നടിമാരും ഉൾപ്പെടെ ആ കൂട്ടത്തിലുണ്ട്. അവർ ചെന്ന് നോക്കുമ്പോൾ കാണുന്നത് രേഷ്മയുടെ മോഡലിംഗ് ചിത്രങ്ങളാണ്. Boudoir Modelling എന്ന് കേട്ടാൽ അയ്യേ അശ്ലീലം എന്ന് പുറത്തു പറയുകെയും രാത്രി ആ ചിത്രങ്ങൾ നോക്കി സ്വയംഭോഗം ചെയ്യുന്ന ഒരു കൂട്ടരാണ് ഇവിടയുള്ളത്. അവർ കണ്ടത് അത്തരം ചിത്രങ്ങളും മറ്റുമാണ്. പോരെ പൂരം?! ആർഷഭാരത സംസ്ക്കാരത്തിന് എതിരെ നിൽക്കുന്ന ഒരു പെൺകുട്ടി നമ്മുടെ സാറിനെ പുറത്താക്കിയേ എന്നും പറഞ്ഞ് വിളിച്ച് കൂവി. ആ കുട്ടിയും ഒരു മനുഷ്യനാണ്, ഈ സമൂഹത്തിലെ ഒരു ജീവജാലമാണ് എന്ന അനുകമ്പ പോലും ആരും കാട്ടിയില്ല. എല്ലാവര്ക്കും പേരിടാൻ താല്പര്യമുള്ള മലയാളികൾ രേഷ്മയെ കേട്ടാൽ അറപ്പ് തോന്നുന്ന പേരുകളിട്ട് വിളിച്ചു. പക്ഷേ അതൊക്കെ കേട്ട് മിണ്ടാതെ ഓടി പോകുമെന്ന് കരുതിയവരെ ഞെട്ടിച്ച് കൊണ്ട് അവൾ അതിനോടൊക്കെ പ്രതികരിക്കാനും മറുപടി പറയാനും തുടങ്ങി. ഇതെങ്ങനെ സഹിക്കും?! ഒരു പീറ പെണ്ണ് ഇങ്ങനെ ആണുങ്ങൾ പറയുന്നതിനോട് മറുപടി പറയാമോ? പറ്റില്ല! ഇതാ വീണ്ടും വരുന്നു! ഇതിങ്ങനെ തുടർന്നുകൊണ്ട് ഇരിക്കും. ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുണ്ട് എന്ന ആശ്വാസം മാത്രം. 

ഇനി മൂന്നാമത്തെ സീസണിലേക്ക് വന്നാൽ, ഇവിടിപ്പോ എന്താ സംഭവിച്ചേ ആരാ പടക്കം പൊട്ടിച്ച എന്ന രീതിയാണ്. ഏഷ്യാനെറ്റിന് പ്രിയമുള്ള ആരൊക്കെയോ ഉണ്ട് തീർച്ച. അവർക്ക് വേണ്ടി നിയമങ്ങൾ വരെ അവർ മാറ്റി, അല്ലെങ്കിൽ മറന്നു. ഒരു വ്യക്തി പറയുന്ന കാര്യങ്ങൾ പകുതി കട്ട് ചെയ്തത് മാറ്റിയും, അവരെ സമൂഹത്തിൽ എങ്ങനെ ആൾക്കാർ കാണണം എന്ന് തീരുമാനിക്കുന്നത് ഈ പരിപാടിയുടെ സംഘാടകരായി. അവരുടെ വിവേചനാധികാര പരിധിയിൽ പെട്ട് ഷോ നട്ടംതിരിഞ്ഞു എന്ന് പറയുന്നതാണ് ശരി. പക്ഷേ അവരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ഒരു മത്സരാർത്ഥിയെ അവർക്ക് തന്നെ പുറത്താക്കേണ്ടി വന്നു. അത് ചെയ്തില്ലായിരുന്നുവെങ്കിൽ എനിക്ക് ഈ ഷോവിനോടുള്ള സകല ബഹുമാനവും വിശ്വാസവും നഷ്ടപെട്ടനെ. 

ഈ വർഷത്തെ എല്ലാവരുടെയും ഇര സൂര്യയാണ്. കാരണമെന്ത്? മുപ്പത് വയസ്സിനു മേൽ പ്രായമുള്ള ഒരു കല്യാണം കഴിക്കാത്ത പെൺകുട്ടി. ഒന്ന് പറഞ്ഞു രണ്ടിന് കരയുന്ന പെൺകുട്ടി. ഒരാളോട് പ്രണയം തോന്നുകയും, അത് ധൈര്യമായി പുറത്ത് പറയുകയും ചെയ്തത്. ആർഷഭാരത സംസ്ക്കാരമുണ്ടോ? ഇല്ല. സൂര്യയുടെ പ്രണയം യാഥാർഥ്യമോ നാടകമോ ആയിക്കോട്ടെ, അത് രണ്ടാമത്തെ വിഷയം. ഈ കരയുന്നവരോട് നമ്മുക്കെന്താണ് ഇത്ര പുച്ച്ചം? ഒന്നറിഞ്ഞാൽ കൊള്ളാം. മനുഷ്യർ ചിരിക്കുന്നത് പോലെ, ഓടുന്നത് പോലെ, സംസാരിക്കുന്നത് പോലെ.. അതൊക്കെ പോലെയൊരു വികാരപ്രകടനം മാത്രമാണ് കരച്ചിൽ. അതെങ്ങനെ ശരിയാവുമല്ലേ.. റോഡരികിൽ മൂത്രം ഒഴിക്കാം പക്ഷേ ഒരു ആണും പെണ്ണും കെട്ടിപ്പിടിച്ച ഉടനെ ലൈംഗികത പറയുന്ന നാടാണ്. 

ഇവിടെ ശരിയാക്കേണ്ടത് ബിഗ്‌ബോസ് ടീമിന്റെ നിലപാടുകളാണ്. മോശം ഭാഷയും അധിക്ഷേപങ്ങളുമുള്ള പോസ്റ്റുകൾ അവരുടെ ഒഫീഷ്യൽ ഗ്രൂപുകളിൽ കടത്തി വിടരുത്. അവർ എടുക്കുന്ന  മത്സാരാർത്ഥികളോട്  അവരുടെ പിആർ ടീം മാന്യതയുടെ അതിർവരമ്പുകൾ ലംഖിച്ചാൽ ശക്തമായ നടപടികൾ എടുക്കുമെന്ന് വാണിംഗ് കൊടുത്ത് വേണം അകത്തേക്ക് കടത്തി വിടാൻ. 

ഇതൊന്നും പറ്റില്ലെങ്കിൽ, വേദനയോടെ പറയട്ടെ.. ഈ പരിപാടി ഇവിടെ നടത്തുന്നതിനോട് യോജിക്കാൻ കഴിയില്ല. 

Recent Posts

See All
ബഹുമാനിക്കേണ്ടത് ആരെ?

കുഞ്ഞുനാൾ മുതൽ നമ്മൾ എല്ലാവരും കേളിക്കുന്നൊരു സ്ഥിരം ഉപദേശമാണ് പ്രായത്തെ ബഹുമാനിക്കുകയെന്നത്. വളർന്നു വരുന്ന നാളുകളിൽ കേൾക്കുന്ന...

 
 
 

Comments


© 2025 Vishnu Udayan

bottom of page